ചരിത്രം നിര്‍മിച്ചവര്‍ എന്ന വിശേഷണം പലര്‍ക്കും നല്‍കാറുള്ളതാണെങ്കിലും ചരിത്രത്തിന്റെ മേഖലയില്‍ തന്നെയുള്ള ഇങ്ങനെയൊരാളായിരുന്നു ഡോ. വിഷ്ണു ശ്രീധര്‍ വാക്കണ്‍കര്‍. പുരാവസ്തു ഗവേഷണത്തിനും ഗുഹാചിത്ര പഠനങ്ങള്‍ക്കുമായി ജീവിതം മാറ്റിവച്ച വാക്കണ്‍കര്‍ മൗലികമായ നിരവധി കണ്ടെത്തലുകളിലൂടെ ഭാരതീയ സംസ്കൃതിയുടെ വേരുകളിലേക്കും നേരുകളിലേക്കും വെളിച്ചം വീഴ്ത്തുകയായിരുന്നു.
ഇന്ത്യന്‍ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന അലക്സാണ്ടര്‍ കണ്ണിങ് ഹാം, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സ്ഥാപിച്ച ജോണ്‍ മാര്‍ഷല്‍, പിന്നീട് ഈ സ്ഥാപനത്തിന്റെ ഡയറക്ടറായ മോട്ടിമര്‍ വീലര്‍ എന്നിവരുടെ സംഭാവനകള്‍ നിര്‍ണായകമാണ്. പക്ഷേ പലതരം മുന്‍വിധികളും യൂറോസെന്‍ട്രിക് ആയ സമീപനവും പാശ്ചാത്യരായിരുന്ന ഇവരുടെ നിഗമനങ്ങളുടെയും കണ്ടെത്തലുകളുടെയും പരിമിതികളാണ്. വര്‍ഷങ്ങളും നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമല്ല, യുഗങ്ങളാണ് ഭാരതീയ സംസ്കാരത്തിന്റെ കാലപ്പഴക്കത്തെ നിര്‍ണയിക്കുന്നത്. മന്വന്തരങ്ങളുടെയും കല്പ്പങ്ങളുടെയുമൊക്കെ ഗണിതങ്ങളും അപാരമായ സങ്കല്പങ്ങളും പാശ്ചാത്യ ചരിത്രകാരന്മാര്ക്കും പുരാവസ്തു ഗവേഷകര്‍ക്കും, അവര്‍ എത്ര സത്യസന്ധരായിരുന്നാലും അന്യമാകുന്നു. ഈ പരിമിതികളെ ലംഘിക്കാന്‍ കഴിഞ്ഞതാണ് വി.എസ്. വാക്കണ്‍കറെ മഹത്വത്തിന്റെ നിറുകയില്‍ പ്രതിഷ്ഠിക്കുന്നത്.
മഹാരാഷ്ട്രയില്‍നിന്ന് മധ്യപ്രദേശിലേക്ക് കുടിയേറി പൗരാണിക നഗരമായ ഉജ്ജയിനിയില്‍ താമസമാക്കിയവരാണ് വാക്കണ്‍കറുടെ പൂര്‍വികര്‍. 1919ല്‍ ജനിച്ച വാക്കണ്കറില് കുട്ടിക്കാലം മുതല്‍ വ്യത്യസ്ത ഭാഷകളുമായും സാംസ്കാരിക സവിശേഷതകളുമായും അടുത്തിടപഴകാന്‍ കഴിഞ്ഞതിലൂടെ ഒരു കലാകാരന്റെ മനസ്സ് രൂപപ്പെട്ടു. ചിത്രകാരന്, ഭാഷാ വിദഗ്ദ്ധന്, ശില്പി, ചിന്തകന്‍, പണ്ഡിതന്, നാണയശാസ്ത്ര വിദഗ്ദ്ധന്, കവി, എഴുത്തുകാരന് എന്നിവയൊക്കെയായിരുന്ന വാക്കണ്‍കര്‍ പുരാവസ്തു ഗവേഷണത്തിലും ഗുഹാചിത്ര പഠനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഭോപ്പാലില്‍നിന്ന് നാഗ്പൂരിലേക്കുള്ള ഒരു യാത്രക്കിടെ ഇറ്റാര്‍സിയില്‍ യന്ത്രത്തകരാറുമൂലം ട്രെയിന്‍ നിര്‍ത്തിയിട്ടതാണ് വാക്കണ്‍കറുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഭോപ്പാലില്‍നിന്ന് 750 കിലോമീറ്റര്‍ ദൂരെയുള്ള ഈ പ്രദേശത്ത് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന ചെറിയൊരു പര്‍വതത്തിലെ പാറക്കൂട്ടങ്ങള്‍ വാക്കണ്‍കറുടെ ശ്രദ്ധയില്‍പ്പെട്ടു. യാത്ര തടസ്സപ്പെട്ടതിന്റെ മുഷിച്ചിലകറ്റാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ഈ കാഴ്ച. ഭീംബേട്ക എന്ന ഈ പ്രദേശത്ത് നിരവധി ഗുഹകളുണ്ടെന്ന് അന്വേഷിച്ചപ്പോള്‍ അറിയാനായി. ഇതാകട്ടെ വൈജ്ഞാനികമായ ഒരു മഹായാത്രയുടെ തുടക്കമായിരുന്നു.
പിന്നീട് 15 വര്‍ഷം എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും വാക്കണ്‍കര്‍ ഇവിടെയെത്തി. 737 ശിലാ സങ്കേതങ്ങള്‍ കണ്ടെത്തി. ഭീംബേട്കയിലെ ഗുഹാചിത്രങ്ങള്‍ പില്ക്കാല ശിലായുഗ കാലത്തേതാണെന്ന് തിരിച്ചറിഞ്ഞു. മൃഗങ്ങളുടെയും പക്ഷികളുടെയും മനുഷ്യരുടെയും വേട്ടയാടുന്നതിന്റെയും യുദ്ധത്തിന്റെയുമൊക്കെ വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍. കുതിരകളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സൈന്ധവ നാഗരികതയ്ക്ക് കുതിരകള്‍ അന്യമായിരുന്നുവെന്ന് ആര്യനാക്രമണ സിദ്ധാന്തം സ്ഥാപിച്ചെടുക്കുന്നതിനായി ഉയര്‍ത്തിക്കൊണ്ടുവന്ന വാദമാണ് ഇവിടെ പൊളിയുന്നത്. അവിരാമമായ പഠനത്തിലൂടെ ഭീംബേട്കയിലെ ഗുഹാചിത്രങ്ങള്‍ യുഗദീര്‍ഘമായ ഭാരതീയ സംസ്കൃതിയുടെ അവിഭാജ്യ ഘടകമാണെന്ന് വാക്കണ്‍കര്‍ തെളിയിച്ചു. 2003ല്‍ യുനെസ്കോ ഭീംബേട്കയ്ക്ക് ലോക പൈതൃക പദവി നല്‍കുകയും ചെയ്തു. മനുഷ്യന്റെ ആദ്യ ആവാസസ്ഥലം ആഫ്രിക്കയിലാണെന്ന് ശഠിക്കുന്നവര്‍ക്ക് ഭീംബേട്ക ശരിയായ മറുപടി നല്‍കും.
ഭാരതീയ സംസ്കാരത്തോടുള്ള അഭിനിവേശമാണ് സരസ്വതി നദിയെക്കുറിച്ചുള്ള കണ്ടെത്തലുകളിലേക്ക് വാക്കണ്‍കറെ നയിച്ചത്. വേദങ്ങള്‍ വര്‍ണിക്കുന്ന ഈ നദി പില്ക്കാലത്ത് അന്തര്‍ധാനം ചെയ്യുകയായിരുന്നുവത്രേ. ഹിമാലയത്തിലെ ശിവാലിക് ഗിരിനിരകളില്‍നിന്ന് ഉത്ഭവിച്ച് രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയിലൂടെ ഗുജറാത്തിലെ കച്ച് കടലിടുക്കില്‍ പതിച്ചിരുന്ന സരസ്വതീ നദിയെക്കുറിച്ചുള്ള പഠനത്തിന് തുടക്കമിട്ടത് വാക്കണ്‍കര്‍ ആയിരുന്നു. 1985 ല്‍ ഹരിയാനയിലെ ആദി ബദ്രിയില്നിന്ന് ആരംഭിച്ച് 4000 കി.മീ. താണ്ടി സോമനാഥില്‍ അവസാനിച്ച ഒരു മാസം നീണ്ട യാത്രയില്‍ ജനങ്ങള്‍ പറഞ്ഞ കഥകളിലൂടെയും അവരുടെ പാട്ടുകളിലൂടെയും വാക്കണ്‍കറുടെ സംഘം സരസ്വതീ നദിയെ അറിയുകയായിരുന്നു. പ്രമുഖ ആര്‍എസ്എസ് പ്രചാരകനും ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതിയുടെ സാരഥിയുമായിരുന്ന മോറോപന്ത് പിംഗ്ലെയും ഈ സംഘത്തിലുണ്ടായിരുന്നു. ”ഈ നദിയുടെ പ്രവാഹഗതി കണ്ടെത്താന്‍ നാം ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിക്കുകയാണ്. ഇത് വിജയിച്ചാല്‍ ഗുജറാത്തിലെയും രാജസ്ഥാനിലെയും വരള്‍ച്ച ബാധിച്ച പ്രദേശങ്ങളെ ഫലഭൂയിഷ്ടമാക്കാന്‍ കഴിയും” എന്നാണ് വാക്കണ്‍കര്‍ അന്ന് അഭിപ്രായപ്പെട്ടത്.
ഭാരതത്തിലും വിദേശരാജ്യങ്ങളിലുമായി 4000-ലേറെ ഗുഹാചിത്രങ്ങളാണ് വാക്കണ്‍കര്‍ കണ്ടെത്തിയത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മായന്‍ നാഗരികതയിലേക്ക് വെളിച്ചം വീശുന്നവയും ഇതില്‍പ്പെടുന്നു. ‘ലോകത്തിന് ഭാരതത്തിന്റെ സംഭാവന’ എന്ന പേരില്‍ ഒരു ചിത്രപ്രദര്‍ശനം (1984) അമേരിക്കയില്‍ വാക്കണ്‍കര്‍ സംഘടിപ്പിക്കുകയുണ്ടായി. ‘ഗ്രേറ്റര്‍ ഇന്ത്യ’ എന്ന് വിവക്ഷിക്കപ്പെടുന്ന കമ്പോഡിയ, തായ്ലന്റ്, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നിങ്ങനെയുള്ള പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കു മാത്രമല്ല, പെറു, മെക്സിക്കോ മുതലായ അതിവിദൂര നാടുകളിലേക്കും ഭാരതീയ സംസ്കാരം എത്തിച്ചേര്‍ന്നിട്ടുണ്ട്. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതായി (1492) പറയപ്പെടുന്നതിനും 20 നൂറ്റാണ്ട് മുന്‍പെങ്കിലും ഭാരതത്തില്‍നിന്ന് പോയവരാണ് മായന്‍ നാഗരികതയുടെ ശില്‍പ്പികള്‍. വേദേതിഹാസങ്ങളിലും പുരാണങ്ങളിലും സമൃദ്ധമായി പരാമര്‍ശിക്കപ്പെടുന്ന വിശ്വകര്‍മാവിന്റെ മകനായ മയന്റെ പേരിലാണ് ഈ നാഗരികത എന്നറിയുമ്പോള്‍ ഭാരതീയ സംസ്കാരവുമായുള്ള അഭേദ്യബന്ധം വ്യക്തമാണ്. അമേരിക്കയുള്‍പ്പെടുന്ന ഭൂഖണ്ഡത്തെ ഹൈന്ദവ പുരാണങ്ങളില്‍ പറയുന്നത് ‘അതലം’ എന്നാണ്. ഈ വാക്കില്‍നിന്നാണ് ‘അറ്റ്ലാന്റിക്’ എന്ന വാക്കുണ്ടായത്. ഭീംബേട്കയിലെ ഗുഹാചിത്രങ്ങളിലൂടെ ഭാരതീയ സംസ്കൃതിയുടെ പ്രാചീനതയാണ് വാക്കണ്‍കര്‍ വരച്ചുകാട്ടിയതെങ്കില്‍, ഈ മഹാസംസ്കൃതിയുടെ വ്യാപനമാണ് മെക്സിക്കോയിലെ ഗുഹാചിത്ര പഠനങ്ങളിലൂടെ വെളിപ്പെടുത്തിയത്.
വിസ്മയിപ്പിക്കുന്നതായിരുന്നു വാക്കണ്‍കറുടെ വ്യക്തിത്വം. ലാളിത്യത്തിന്റെ അങ്ങേയറ്റം. അതേസമയം ഏറ്റവും ആധികാരികം. പുരാവസ്തു പഠനത്തിന്റെ ഭാഗമായി ഒരിക്കല്‍ അസം സന്ദര്‍ശിച്ച വാക്കണ്‍കറെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട അന്നത്തെ തേജ്പൂര്‍ ആര്‍എസ്എസ് പ്രചാരകനും, പില്ക്കാലത്ത് പ്രമുഖ പത്രപ്രവര്ത്തകനുമായിത്തീര്ന്ന കെ.ആര്. സുധാകര്‍ റാവു വരച്ചിടുന്ന വാങ്മയ ചിത്രങ്ങള്‍ അവിസ്മരണീയമാണ്.
തേജ്പൂരിലെ ഗുപ്ത കാലഘട്ടത്തിലുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു വാക്കണ്‍കറുടെ ലക്ഷ്യം. ആതിഥേയനായ ചരിത്ര പ്രൊഫസര്‍ താര പ്രസാദ് സൈക്കിയയുടെ കാറില്‍ സഞ്ചരിക്കുകയാണ് മൂവരും. അസമിന്റെയും തേജ്പൂ
രിന്റെയും ചരിത്രം വാക്കണ്‍കര്‍ക്ക് ഇംഗ്ലീഷില്‍ വിവരിച്ചു കൊടുക്കുകയാണ് സൈക്കിയ. താങ്കള്‍ക്ക് എത്ര കുട്ടികളാണ്,അവര്‍ എന്താണ് പഠിക്കുന്നത് എന്നിങ്ങനെ ഹിന്ദിയിലുള്ള ചോദ്യങ്ങളാണ് വാക്കണ്‍കറുടെ പ്രതികരണം! ഈ മനുഷ്യന് പുരാവസ്തു ഗവേഷകന് തന്നെയോ എന്ന് സംശയിക്കാതിരിക്കാന്‍ സുധാകറിനും സൈക്കിയയ്ക്കും കഴിഞ്ഞില്ല.
പര്ബതീയ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്തേക്കാണ് അന്ന് അവര്‍ പോയത്. നഷ്ടാവശിഷ്ടങ്ങളില്‍ ഒരു ക്ഷേത്ര വാതില്‍ തകരാതെയുണ്ടായിരുന്നു. ഇതേക്കുറിച്ച് തയ്യാറാക്കിയിരുന്ന കുറിപ്പ് വാക്കണ്‍കറെ വായിച്ചു കേള്‍പ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു സൈക്കിയ. അതു വേണ്ടിവന്നില്ല. സ്ഥലമെത്തിയതും കാറില്‍നിന്നിറങ്ങിയ വാക്കണ്‍കര്‍ മോഹനിദ്രയിലെന്നപോലെ ക്ഷേത്രാവശിഷ്ടങ്ങളിലേക്ക് സഞ്ചരിക്കുന്നതാണ് കണ്ടത്. നാവില്‍നിന്ന് ഗുപ്തകാലത്തെക്കുറിച്ചുള്ള വിവരണം പ്രവഹിക്കുകയായിരുന്നു. ചരിത്ര പൊഫസറായ സൈക്കിയയുടെ കണ്ണുകള്‍ ആശ്ചര്യംകൊണ്ട് വിടര്‍ന്നുപോയി. ആ നിമിഷം നോട്ടുബുക്ക് കാറിലേക്കെറിഞ്ഞ് കൂപ്പൂകൈയോടെ വാക്കണ്‍കറെ അനുഗമിക്കാന്‍ മാത്രമേ സൈക്കിയയ്ക്ക് കഴിഞ്ഞുള്ളൂ. ബാഗില്‍നിന്ന് ക്യാമറ പുറത്തെടുത്ത് വാക്കണ്‍കര്‍ തകര്‍ന്നുകിടക്കുന്ന ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. അക്കാലത്ത് അത്യാധുനികമായ ആ ക്യാമറ രാജ്യത്ത് ഏറിയാല്‍ 200 പേര്‍ക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അദ്ഭുതങ്ങള്‍ അവസാനിക്കുകയായിരുന്നില്ല. ഹടകേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്ന തൊട്ടടുത്തെ കേതകിബാരിയിലേക്കായിരുന്നു അടുത്ത യാത്ര. അവിടെ 14 അടി ഉയരമുള്ള ഒരു ശിവലിംഗമുണ്ടായിരുന്നു. പലതും വെട്ടിയൊട്ടിക്കുന്ന നോട്ടുബുക്കും പേനയുമെടുത്ത വാക്കണ്‍കര്‍ നിമിഷങ്ങള്‍ക്കകം ഈ ശിവലിംഗത്തിന്റെ ചിത്രം വരച്ചു. ഒരു മികച്ച ചിത്രകാരനു മാത്രം കഴിയുന്നത്.
”അങ്ങ് നന്നായി ചിത്രം വരയ്ക്കുന്നു” വിസ്മയത്തോടെയാണ് സൈക്കിയ ഇങ്ങനെ പറഞ്ഞത്. ഇതിനുള്ള പ്രതികരണത്തിലൂടെ വാക്കണ്‍കര്‍ വീണ്ടും അദ്ഭുതപ്പെടുത്തി. ”പുരാവസ്തു ശാസ്ത്രം പഠിക്കാന്‍ പാരീസില്പ്പോയപ്പോള് വൈകുന്നേരങ്ങളില്‍ ടൂറിസ്റ്റുകളുടെ ചിത്രം വരച്ചുകൊടുത്ത് ഞാന്‍ പണം സമ്പാദിച്ചിരുന്നു. ഈ പണംകൊണ്ടാണ് അവിടെ പഠിച്ചത്.” ഒരു സാധാരണ കാര്യമെന്ന നിലയ്ക്കാണ് വാക്കണ്‍കര്‍ ഇത് പറഞ്ഞത്. ”അപ്പോള്‍ അങ്ങ് പാരീസില്‍ പോയിട്ടുണ്ടല്ലേ.” സുധാകറാണ് ചോദിച്ചത്. ”ഞാന്‍ ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്. എത്തിച്ചേരാത്ത ഒരു രാജ്യവുമില്ല.” വാക്കണ്‍കറുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ലോക സഞ്ചാരത്തിനിടെ വാക്കണ്‍കര്‍ കേരളത്തിലുമെത്തിയിട്ടുണ്ട്. വയനാട്ടിലെ എടയ്ക്കല്‍ ഗുഹ സന്ദര്‍ശിക്കുകയുണ്ടായി. തപസ്യ കലാസാഹിത്യ വേദിയുടെ പരിപാടികളില്‍ വാക്കണ്‍കര്‍ ആദരിക്കപ്പെടുകയും, അദ്ദേഹത്തിന്റെ ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
കാഴ്ചയില്‍ ദുര്‍ബലനെന്ന് തോന്നുമായിരുന്ന വാക്കണ്‍കറുടെ ആന്തരികമായ കരുത്തും ആദര്ശതീവ്രതയും അളവറ്റതായിരുന്നു. ”എന്നിലെ സ്വഭാവ ഗുണങ്ങള്‍ ആര്‍എസ്എസിലൂടെ നേടിയതാണ്” എന്നു പറയാനാണ് വാക്കണ്‍കര്‍ ഇഷ്ടപ്പെട്ടിരുന്നത്. ആര്‍എസ്എസ് നിരോധിക്കപ്പെട്ട 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സര്‍ക്കാരാണ് വാക്കണ്കറിന് പത്മശ്രീ ബഹുമതി സമ്മാനിച്ചത്. പക്ഷേ ഈ ബഹുമതി ഏറ്റുവാങ്ങാന്‍ വാക്കണ്‍കര്‍ ചെന്നത് ആര്‍എസ്എസ് ഗണവേഷത്തിന്റെ (യൂണിഫോം) ഭാഗമായ കറുത്ത ക്യാപ്പ് ധരിച്ചാണ്. ഇതായിരുന്നു കടുത്ത ഏകാധിപതിയെപ്പോലും പരിഹസിക്കാനുള്ള ആ ധീരത.
ഭാരതീയ സംസ്കൃതിയുടെ ആത്മാവ് കുടികൊള്ളുന്നത് കലാരൂപങ്ങളിലാണെന്ന് വിശ്വസിച്ച വാക്കണ്‍കര്‍ ഉജ്ജയിനിയിലെ വിക്രം സര്‍വകലാശാലയില്‍ പുരാവസ്തു ശാസ്ത്ര വിഭാഗവും മ്യൂസിയവും സ്ഥാപിച്ചു. കലാകാരന്മാരെ ഒരുമിപ്പിക്കുന്നതിനായി 1981ല്‍ സംസ്കാര്‍ ഭാരതി എന്ന സംഘടനയ്ക്ക് രൂപംനല്കുകയും, ജീവിതകാലം മുഴുവന്‍ അതിന്റെ ജനറല്‍ സെക്രട്ടറിയായിരിക്കുകയും ചെയ്തു. കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിലെ രഥചക്രം സംസ്കാര്‍ ഭാരതിയുടെ മുദ്രയായി തെരഞ്ഞെടുത്തതും മറ്റാരുമായിരുന്നില്ല. ചിത്രത്തിന് നേരിയ ചെരിവു നല്കി അത് ചലിക്കുകയാണെന്ന് തോന്നിപ്പിച്ചു.
ചരിത്ര ഗവേഷണത്തിലും ചരിത്ര രചനയിലും സത്യസന്ധതയും സമര്‍പ്പണ ബുദ്ധിയും പുലര്‍ത്തി മുന്‍വിധികളില്ലാതെ പ്രവര്‍ത്തിച്ചയാളാണ് വാക്കണ്‍കര്‍. ജീവിതത്തിനു മാത്രമല്ല, ആ മരണത്തിനുപോലുമുണ്ടായിരുന്നു ഇങ്ങനെയൊരു മഹത്വം. 1989 ഏപ്രിലില്‍ സിങ്കപ്പൂരില്‍ വാക്കണ്‍കറുടെ ഒരു പ്രഭാഷണ മുണ്ടായിരുന്നു. അന്നേ ദിവസം സംഭവിച്ച ഹൃദയാഘാതമാണ് ഈ പ്രതിഭാശാലിയുടെ ജീവനപഹരിച്ചത്. മുറിയിലിരുന്ന് ജാലകക്കാഴ്ചകള്‍ വരകളിലേക്ക് പകര്‍ത്തുമ്പോഴായിരുന്നു ഇത്. വാക്കണ്കറെപ്പോലുള്ള അത്യപൂര്‍വമായ ജന്മങ്ങള്ക്കുവേണ്ടി നാം
ഏറെ കാത്തിരിക്കേണ്ടിവരും. ഇടവേളയില്‍ നമുക്ക് ചെയ്യാവുന്ന ചിലതുണ്ട്. വാക്കണ്‍കറുടെ ജീവിതത്തെയും വൈജ്ഞാനിക സംഭാവനകളെയും ലോകത്തിന് പരിചയപ്പെടുത്തുക. വാക്കണ്‍കര്‍ അവസാനിപ്പിച്ചിടത്തുനിന്ന് പഠന ഗവേഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: