മക്കളേ,
ഇന്നു ലോകത്തിലെ മിക്ക രാജ്യങ്ങളും ശാസ്ര്തസാങ്കേതികരംഗത്തും സാമ്പത്തികരംഗത്തുമൊക്കെ അത്ഭുതകരമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഭൗതികമായി അത്രയൊന്നും വികസിച്ചിട്ടില്ലാത്ത രാജ്യങ്ങളിലെന്നപോലെ അവിടങ്ങളിലും ധാരാളം പ്രശ്നങ്ങളുണ്ട്. ജനങ്ങള്‍ പൊതുവെ അസംതൃപ്തരും അസ്വസ്ഥരുമാണ്. ജനമനസ്സുകള്‍ ഭയവും സംശയവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
ഒരിക്കല്‍ ഒരുമിച്ചുനിന്നു ശത്രുപക്ഷത്തോടു യുദ്ധം ചെയ്യുന്നവര്‍ പിന്നീടു ഭിന്നിച്ചു പരസ്പരം യുദ്ധം ചെയ്യുന്ന കാഴ്ചയാണു പലയിടങ്ങളിലും കാണുന്നത്. സ്വാര്‍ത്ഥതയും അഹങ്കാരവും ജീവിതത്തെത്തന്നെ ഒരു യുദ്ധക്കളമാക്കി മാറ്റിയിരിക്കുന്നു. നിസ്സാരകാര്യങ്ങള്‍ക്കുവേണ്ടി പരസ്പരം മത്സരിച്ച് മനുഷ്യന് ജീവിതത്തിലെ ഉന്നതമൂല്യങ്ങള്‍ ബലി കഴിക്കുകയാണ്. ഇതാണ് ആധുനികസമൂഹത്തിന്റെ അവസ്ഥ.
ലോകത്തില്‍ നന്മ പാടെ ഇല്ലാതായിരിക്കുന്നു എന്നല്ല ഈ പറയുന്നതിന്റെ അര്‍ത്ഥം. മനുഷ്യനന്മയ്ക്കായി അനേകം പേര് നിരന്തരം പ്രയത്നിക്കുന്നുണ്ട്. എന്നാലും തിന്മയുടെ ആധിപത്യം തുടരുകയാണ്. തിന്മയെ ചെറുത്തുനില്ക്കാന് തക്കവണ്ണം നന്മ വളരുന്നുമില്ല. മനുഷ്യര്‍ പരസ്പരം കാണിക്കേണ്ട സ്നേഹവും പരിഗണനയുമൊക്കെ പലപ്പോഴും കാണാനില്ല.
ഒരു രാജ്യത്തെ ജനതയുടെ ചിന്തയാണ് ആ രാജ്യത്തിന്റെ സംസ്കാരത്തെ രൂപപ്പെടുത്തുന്നത്. ഭൗതികപുരോഗതി മാത്രമല്ല രാജ്യത്തിന്റെ വളര്‍ച്ച നിര്‍ണ്ണയിക്കാനുള്ള മാനദണ്ഡം, അവിടുത്തെ ജനതയുടെ ധാര്‍മ്മികവും സാംസ്കാരികവുമായ നിലവാരം കൂടി അതിനു കണക്കിലെടുക്കേണ്ടതുണ്ട്.
രണ്ടു സുഹൃത്തുക്കള്‍ കുറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു വഴിയില്‍ വെച്ച് കണ്ടുമുട്ടി. ധനികനായ സുഹൃത്ത് തന്റെ ആഡംബരക്കാറില്നിന്ന് ഇറങ്ങി പാവപ്പെട്ട കൂട്ടുകാരന്റെയടുത്തു ചെന്നു. അയാള്‍ പറഞ്ഞു, ‘വരൂ, നമുക്ക് അടുത്തുള്ള ഉദ്യാനത്തില്‍ കുറച്ചുനേരം ഒരുമിച്ചിരിക്കാം.’പോകുന്നവഴിക്ക് ധനികനായ സുഹൃത്തു പറഞ്ഞു, ‘നമ്മള് ഒരുമിച്ചു കളിച്ചു വളര്‍ന്നു, ഒരേ സ്ക്കൂളില്‍ പഠിച്ചു. എന്നാല്‍ നമുക്കിടയില്‍ ഇന്ന് എത്ര വലിയ അന്തരമാണുള്ളത്.’ അവര്‍ അങ്ങനെ ഒന്നിച്ചു നടന്നപ്പോള്‍ എന്തോ ശബ്ദം കേട്ട് രണ്ടുപേരും പെട്ടന്ന് നിന്നു. സമ്പന്നനായ സുഹൃത്ത് കുറച്ചുദൂരം തിരിച്ചുനടന്ന് നിലത്തുനിന്ന് അഞ്ചുരൂപയുടെ ഒരു നാണയം എടുത്ത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു, ‘ഇത് എന്റെ പോക്കറ്റില്‍ നിന്ന് വീണപ്പോഴുണ്ടായ ശബ്ദമായിരുന്നു.’ ഇതിനകം ദരിദ്രനായ സുഹൃത്ത് തൊട്ടടുത്തുള്ള ഒരു മുള്‍ച്ചെടിയുടെ അടുത്തുപോയി, അതില്‍ കുടുങ്ങിയ ഒരു പൂമ്പാറ്റ ചിറകിട്ടടിക്കുന്നുണ്ടായിരുന്നു. അയാള്‍ സാവധാനം അതിനെ കുരുക്കില്‍നിന്നു സ്വതന്ത്രമാക്കി ആകാശത്തേയ്ക്കു പറത്തിവിട്ടു. പൂമ്പാറ്റ ചിറകു വിടര്‍ത്തി ആഹ്ലാദത്തോടെ പറന്നകന്നു. ഇതുകണ്ട് സമ്പന്നനായ സുഹൃത്തു ചോദിച്ചു, ‘നീ എങ്ങനെയാണ് പൂമ്പാറ്റ അവിടെയുണ്ടെന്നു മനസ്സിലാക്കിയത്?’പാവപ്പെട്ട സുഹൃത്തു പറഞ്ഞു, ‘നമ്മുടെ ഇടയില്‍ വലിയൊരു വ്യത്യാസമുണ്ടെന്നു നീ പറഞ്ഞല്ലോ. അത് ഇതാണ്. നീ നാണയത്തിന്റെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ പൂമ്പാറ്റയുടെ ചിറകടിശബ്ദമാണു കേട്ടത്. നീ പണത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ആ ജീവിയുടെ ഹൃദയത്തുടിപ്പാണു കേട്ടത്.’
ഹൃദയവികാരങ്ങള്‍ പരസ്പരം മനസ്സിലാക്കുവാന്‍ നമ്മള് പഠിക്കണം. അതുള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുവാന്‍ ശ്രമിക്കണം. ഭൗതികമായ വളര്‍ച്ചയ്ക്കും വികാസത്തിനും ശ്രമിക്കുന്നതോടൊപ്പം തന്നെ ഹൃദയവിശാലതയുടെ പ്രാധാന്യവും നമ്മള് മനസ്സിലാക്കണം. വ്യക്തികള്‍ തമ്മില്‍ സൗഹൃദവും ഐക്യവും ഉണ്ടായാല്‍ പോരാ, രാജ്യങ്ങള്‍ തങ്ങളിലും അതുണ്ടാകണം. ഓരോ വ്യക്തിയും മറ്റുള്ളവരുടെ കണ്ണും കാതും ഹൃദയവും ഒക്കെ ആകണം. എങ്കില്‍ മാത്രമേ മറ്റുള്ളവരുടെ ദുഃഖവും പ്രയാസവും കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ കഴിയൂ. അപ്പോള്‍ മാത്രമേ ഈ ലോകം ഒന്നിച്ച് ഒരു പോലെ ഒരൊറ്റ ശരീരമെന്ന പോലെ പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുകയുള്ളു. അങ്ങനെ വളര്‍ന്നാല്‍ മാത്രമേ ലോകത്ത് ശാന്തിയും സാഹോദര്യവും പുലരുകയുള്ളു, ലോകമൊരു കുടുംബമാകുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: