Categories: Literature

ഭഗവദ്ഗീതയുടെ മഹിത സന്ദേശങ്ങള്‍

ഗവദ്ഗീത-ദ നെക്ടര്‍ ഓഫ് ഇമ്മോര്‍ട്ടാലിറ്റി എന്ന പി. പരമേശ്വരന്റെ പുസ്തകം ‘ചെറുതല്ലോ സുന്ദരം’ എന്ന ആശയത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ആശയ സമ്പുഷ്ടമാണ്.  

ഒരു പ്രതിസന്ധി ഘട്ടത്തില്‍ പിറവിയെടുത്ത ഭഗവദ്ഗീതയാണ് പ്രയാസകാലങ്ങളില്‍ മാനവരാശിക്ക് പരിധിയില്ലാത്ത പ്രയോജനം നല്‍കുന്നത്. നമുക്ക് ഓരോരുത്തര്‍ക്കുമുള്ള പ്രശ്‌ന പരിഹാരം ഗീതയിലെ ശ്ലോകങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നു. വ്യക്തിക്കും വിശ്വത്തിനാകെയും അത് പ്രയോജനപ്പെടുത്തുന്നതിനാലാണ് അത് യൂണിവേഴ്‌സല്‍ മെസേജ് ആയി മാറുന്നത്. സാമ്പത്തിക പ്രശ്‌നമായാലും പാരിസ്ഥിതിക പ്രശ്‌നമായാലും മാനസിക പ്രശ്‌നമായാലും തൊഴില്‍പരമായ പ്രശ്‌നമായാലും ധാര്‍മികതയുടെ അഥവാ നൈതികതയുടെ പ്രശ്‌നമായാലും, മനുഷ്യരാശിയുടെ മോചനം ഭഗവദ്ഗീതയിലൂടെ സാധ്യമാണെന്ന് പരമേശ്വര്‍ജി വ്യക്തമാക്കുന്നു.

ആധുനിക മാനേജ്‌മെന്റില്‍ ക്രൈസിസ് മാനേജ്‌മെന്റ് എന്നതിന് കരുത്തുറ്റ സംഭാവനയാണ് ഭഗവദ്ഗീതയ്‌ക്ക് നല്‍കാനുള്ളത്. വ്യക്തികള്‍ക്കും വിശ്വത്തിനും വിഷമസന്ധിയില്‍ ഉപദേശിക്കാവുന്ന പ്രായോഗിക വേദാന്തമായി മാറുന്നു ഭഗവദ്ഗീത.  

അര്‍ജുനനും ശ്രീകൃഷ്ണനുമായുള്ള സംവാദം ഒരു നിമിത്തം മാത്രമാണ്. കാലാതീതമായി അത് നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നിട്ടുണ്ട്. ശ്രീശങ്കരന്‍ മുതല്‍ ഇങ്ങോട്ട് രാമാനുജന്‍, ശ്രീരാമകൃഷ്ണന്‍, സന്ത് ജ്ഞാനേശ്വര്‍, മധുസൂദന സരസ്വതി, സ്വാമി വിവേകാനന്ദ, ലോകമാന്യ തിലകന്‍, അരവിന്ദ മഹര്‍ഷി, മഹാത്മാഗാന്ധി എന്നിവര്‍ വിവിധ കാലഘട്ടങ്ങളിലായി ഭഗവദ്ഗീതയ്‌ക്ക് ഭാഷ്യം രചിക്കുകയുണ്ടായി. ഓരോ പ്രതിസന്ധി ഘട്ടത്തിലും പുസ്തകം എങ്ങനെ പ്രയോജനപ്പെട്ടു എന്നാണ് ഈ മഹാരഥന്മാര്‍ വ്യക്തമാക്കുന്നതെന്ന് പരമേശ്വര്‍ജി അവരുടെ വായനാനുഭവങ്ങളും വിശകലനങ്ങളും ഉദ്ധരിച്ച് പറയുന്നു.

സ്വാതന്ത്ര്യസമര കാലത്തെ ജയില്‍വാസത്തിനിടയിലാണ് ബാലഗംഗാധര തിലകന്‍ ഗീതാരഹസ്യമെന്ന അദ്ദേഹത്തിന്റെ പുസ്തകം രണ്ട് വാല്യങ്ങളിലായി പുറത്തിറക്കുന്നത്. ഗീതയിലെ ലോകസംഗ്രഹമെന്ന വാക്കിന്റെ മനോഹരമായ വിശദീകരണമാണ് തിലകന്റെ ഗീതാഭാഷ്യത്തിന്റെ പ്രത്യേകതയെന്ന് പരമേശ്വര്‍ജി എടുത്തു പറയുന്നു. കാലാതീതമാണ് ലോകസംഗ്രഹം എന്ന വാക്കിന്റെ പ്രാധാന്യം. ണലഹളമൃല ീള വേല ണീൃഹറ എന്ന് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്താവുന്ന പ്രയോഗം. സാമ്പത്തിക ശാസ്ത്രത്തിലും മാനേജ്‌മെന്റിലും അദം സ്മിത്ത് മുതല്‍ അമര്‍ത്യാ സെന്‍ വരെ ഇത് പ്രയോജനപ്പെടുത്തുന്നു.

അനാസക്തി യോഗം എന്ന ഗാന്ധിയന്‍ സങ്കല്‍പത്തിനടിസ്ഥാനം ഭഗവദ് ഗീതയാണ്. ഭഗവദ്ഗീത നെഞ്ചോടുചേര്‍ത്ത് പിടിച്ചാണ് മഹാത്മാഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ നയിച്ചത്. നിഷ്‌കാമകര്‍മവും ധര്‍മബോധവും സന്യാസദ്ധ്യാത്മ ചേതസുമെല്ലാം സ്വാതന്ത്ര്യസമരത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ പ്രയോഗവല്‍ക്കരിക്കപ്പെട്ടു എന്നുവേണം കരുതാന്‍.

സത്യവും സമത്വവും സ്വാതന്ത്ര്യ ചിന്തയുമെല്ലാം ഗാന്ധിജിയിലേക്ക് കടന്നുവന്നത് ഗീതയിലൂടെയാണ്. തൊട്ടുകൂടായ്മ മാനവരാശിക്കെതിരെയുള്ള ഹിംസയായും, തൊഴിലിന്റെ മാഹാത്മ്യവും സ്വാര്‍ത്ഥലേശമില്ലാത്ത സേവനവും യജ്ഞഭാവമായും ഗാന്ധിജി കണക്കാക്കി. നിത്യകര്‍മങ്ങളിലെ യജ്ഞഭാവം ഗാന്ധിജിക്ക് ഗീതയുടെ സംഭാവനയായിരുന്നു. വിറക് ശേഖരണവും ഭക്ഷണം പാകം ചെയ്യലും വീട്ട് ജോലികളും നൂല്‍ നൂല്‍ക്കലും കാര്‍ഷിക വൃത്തിയും കച്ചവടവുമെല്ലാം ഗാന്ധിക്ക് ഗീതയില്‍ പറയുന്ന യജ്ഞമായിരുന്നെന്ന് പരമേശ്വര്‍ജി വ്യക്തമാക്കുന്നു.

സ്വാതന്ത്ര്യസമര നായകന്മാര്‍ക്ക് സമരവീര്യം ചോര്‍ന്നുപോകാതെ സൂക്ഷിക്കാനും, വര്‍ധിച്ച ആത്മവീര്യം പകരാനും ദിവ്യഗാനം എന്ന ചിന്മയാനന്ദജി വിശേഷിപ്പിച്ച ഭഗവദ്ഗീതയ്‌ക്ക് സാധിച്ചു. സമരമുഖങ്ങളില്‍ സ്ഥിതപ്രജ്ഞഭാവത്തോടെ നിലയുറപ്പിച്ച സമരഭടന്മാര്‍ക്ക് ഉത്തേജക മന്ത്രമായിരുന്ന ഭഗവദ് ഗീതയിലെ ശ്ലോകങ്ങളെ സ്പ്രിങ് ഇന്‍സ്പിറേഷന്‍ എന്നാണ് പരമേശ്വര്‍ജി വിശേഷിപ്പിക്കുന്നത്. എന്നാല്‍ തിലകന്റെയും അരവിന്ദന്റെയും ഗാന്ധിജിയുടെയും പാത പിന്തുടരാനും, ഭഗവദ്ഗീതയെ രാഷ്‌ട്രസേവനത്തിന്റെ മാര്‍ഗരേഖയായി കാണാനും പിന്നീട് വന്ന രാഷ്‌ട്ര നേതാക്കള്‍ അഥവാ രാഷ്‌ട്രീയ നേതാക്കള്‍ തയ്യാറായില്ല.

അതിനുശേഷം സ്വാമി ചിന്മയാനന്ദനാണ് ഗീതയുടെ പ്രചാരത്തിനായി രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിച്ചത്. ചിന്മയാനന്ദന്റെ ‘ഹോളി ഗീത’ എന്ന പുസ്തകവും, സ്വാമി രംഗനാഥാനന്ദയുടെ മൂന്ന് വാല്യങ്ങളിലായുളള ‘ദ യൂണിവേഴ്‌സല്‍ മെസേജ് ഓഫ് ഗീത’ എന്ന പുസ്തകവുമാണ് ആധുനിക ഭാരതത്തില്‍ ഗീതയുടെ പ്രചാരം വര്‍ധിപ്പിച്ചത്. ‘ഭഗവദ്ഗീത ദ സ്‌ക്രിപ്ച്വര്‍ ഓഫ് ദ ന്യൂ മില്ലേനിയം’ എന്ന അദ്ധ്യായത്തില്‍ പുതിയ നൂറ്റാണ്ടിന്റെ ദാര്‍ശനിക സുകൃതമായാണ് പരമേശ്വര്‍ജി ഈ മഹദ് ഗ്രന്ഥത്തെ കാണുന്നത്. ഒരുരാജ്യത്തിന്റെ നവനിര്‍മാണ പ്രക്രിയയ്‌ക്ക് കരുത്ത് പകരാന്‍ ഈ നൂറ്റാണ്ടിന്റെ കര്‍മകാണ്ഡമായ ഗീതയ്‌ക്ക് സാധിക്കുന്നതാണ്. ആദം സ്മിത്തിനും കാറള്‍ മാക്‌സിനും ക്രിസ്ത്യന്‍ ബൈബിളിനും മുസ്ലിം ഖുറാനുമപ്പുറം കാലികപ്രാധാന്യമുള്ള വിഷയങ്ങളെ അഭിസംബോധന ചെയ്യാനുള്ള കരുത്ത് പകരാന്‍ 5000 വര്‍ഷം പിന്നിട്ട ഈ ഗ്രന്ഥത്തിനു സാധിക്കുന്നു. ആഗോള പ്രശ്‌നങ്ങള്‍ക്ക് ഭഗവദ്ഗീതാ ദര്‍ശനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയ പരിഹാരത്തിനായി ലോകം ഭാരതത്തെ ഉറ്റുനോക്കുന്ന ഒരു നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്.

‘ഗീതയും ഗോമാതാവും’ എന്ന അദ്ധ്യായത്തില്‍ പരമേശ്വര്‍ജി പശു സംരക്ഷണത്തിന്റെയും പാലിന്റെയും പ്രാധാന്യത്തെക്കുറിച്ചും പറയുന്നു. ധ്യാനശ്ലോകത്തിലെ സര്‍വോപനിഷദോ ഗാവോ എന്ന ശ്ലോകമാണ് ഇവിടെയും പരാമര്‍ശ വിധേയമായിരിക്കുന്നത്. ഭാരതത്തിന്റെ കാര്‍ഷിക സമൃദ്ധിക്കും സാമ്പത്തിക വളര്‍ച്ചയ്‌ക്കും പശുവിന്റെയും കാലി വളര്‍ത്തലിന്റെയും പ്രാധാന്യത്തെക്കുറിച്ച് കണക്കുകള്‍ നിരത്തി പറയുന്നുണ്ട്.  ഉപനിഷദ് പശുക്കളുടെ നറുംപാലാണ് പ്രതിസന്ധി ഘട്ടത്തില്‍ അര്‍ജുനന് ഗീതാമൃതമായി ലഭിച്ചത്. കൊറോണയടക്കം ആരോഗ്യപരവും പാരിസ്ഥിതികവും സാമ്പത്തികവും ധാര്‍മികവുമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും അമരത്വത്തിലേക്കുള്ള അമൃതം എന്ന ഈ അദ്ധ്യായം ഓര്‍മിപ്പിക്കുന്നു.

‘ഭഗവദ്ഗീത- ദ ഗോസ്പല്‍ ദി സോഷ്യല്‍ ആക്ഷന്‍’ എന്ന അദ്ധ്യായത്തില്‍ പരമേശ്വര്‍ജി ഗീതയെ കലികാലത്തിന്റെ കര്‍മകാണ്ഡമായാണ് കാണുന്നത്. ആധുനിക കാലത്തിനനുസൃതമായ ജ്ഞാനവും കര്‍മപദ്ധതിയും ഭക്തിഭാവവും  പ്രദാനം ചെയ്യാന്‍ ഭഗവദ്ഗീതയ്‌ക്ക് സാധിക്കുന്നു. വ്യക്തിവികാസത്തിനും സാമൂഹ്യപുരോഗതിക്കും ആഗോളവികസനത്തിനും അനുയോജ്യമായ ഒരു ചിന്താപദ്ധതി ഗീതയില്‍ ലഭ്യമാണ്. കാര്യക്ഷമതയും കര്‍മകുശലതയും വളര്‍ച്ചയും വികാസവും വൈഭവവും ലോകനന്മയും ഗീതയുടെ വിഷയമാണ്.  നിസ്വാര്‍ത്ഥ സേവനവും ലോകസംഗ്രഹവും ഉടനീളം പ്രതിപാദിക്കുന്ന ഭഗവദ്ഗീത രാജ്യനീതിക്കും രാജ്യപുരോഗതിക്കും ജ്ഞാനികളും കര്‍മയോഗികളുമായ ആളുകളുടെ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.

ഇതിലെ ആശയങ്ങള്‍ കാലോചിതവും കാലാതീതവുമാണ്. പ്രതിസന്ധി ഘട്ടത്തിലെ ഇരുട്ടില്‍ അത് ദീപസ്തംഭമായി നിലകൊള്ളുന്നു. വഴിയാത്രക്കാരന് അത് വെളിച്ചമായും, കപ്പല്‍ യാത്രയിലെ കരകാണാക്കടലില്‍ ലൈറ്റ് ഹൗസായും പരിണമിക്കുന്നു എന്ന് പരമേശ്വര്‍ജി ഈ പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നു. ‘ടൈം ഫോര്‍ എ ഗീത ഡികെയ്ഡ്’ എന്ന അവസാനത്തെ അധ്യായത്തില്‍ ചൂണ്ടിക്കാണിക്കുന്നത് കാലാതിവര്‍ത്തിയായ ഗീതാദര്‍ശനങ്ങളുടെ ഒളിമങ്ങാത്ത തിളക്കത്തെക്കുറിച്ചാണ്. ആഗോള പ്രശ്‌നങ്ങള്‍ക്ക് ഭാരതത്തിന്റെ പരിഹാരം ഉള്‍ക്കൊള്ളുന്ന ഗീതാദര്‍ശനം ഈ നൂറ്റാണ്ടിന്റെ ദര്‍ശന സുകൃതമാണ്.

ആഗോളമായി പടര്‍ന്നുപിടിച്ച കോവിഡ് 19 എന്ന മഹാവ്യാധി മനുഷ്യരാശിയെ ആശങ്കയിലാക്കിയിരിക്കുന്നു. രോഗഭയത്തിന്റെയും മരണഭയത്തിന്റെയും പിടിയില്‍നിന്നു മനുഷ്യകുലത്തെ മോചിപ്പിക്കാനും ആയുരാരോഗ്യത്തിന്റെ നല്ല പാഠങ്ങള്‍ പറഞ്ഞുകൊടുക്കാനും ഭഗവദ്ഗീത സഹായിക്കും.

ഡോ. സി.വി.വിജയമണി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക