ന്യൂദല്‍ഹി : ലോക്ഡൗണില്‍ നേഴ്സുമാര്‍ ഉള്‍പ്പടെ മലയാളികള്‍ നാട്ടിലേക്ക് വരാനാകാതെ ദല്‍ഹിയില്‍ കുടുങ്ങി കിടക്കുമ്പോള്‍ ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി കേരളത്തിലേക്ക് കടന്നു. കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായാണ് മുന്‍ സിപിഎം എംപിയായ എ. സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടുകൂടി നിയമിച്ചത്. എന്നാല്‍ അവിടെ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് അത്യാവശ്യ ഘട്ടമെത്തിയപ്പോള്‍ അദ്ദേഹം നാട്ടിലേക്ക് കടന്നുകളഞ്ഞു.
കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ 20 ഓളം മലയാളി നേഴ്സുമാരാണ് പട്പട്ഗഞ്ചിലെ ഹോസ്റ്റലില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ മൂന്ന് പേര് ഗര്‍ഭിണികളുമാണ്. സഹായത്തിനായി കേരള ഹൗസിലും നോര്‍ക്കയിലും നിരന്തരം ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് ഇവര്‍ കുറ്റപ്പെടുത്തി.
ജോലിക്കായി എത്തിയ നിലവില്‍ ഇവരില്‍ ആര്‍ക്കും ജോലിയില്ല. നാട്ടിലേക്ക് തിരിച്ച് പോകാനുള്ള ശ്രമത്തിനിടയിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ തിരിച്ച് നാട്ടിലേക്ക് പോകുന്നതിനായി കേരള ഹൗസ് ഉള്‍പ്പടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. ജോലി പോലുമില്ലാത്ത ഇവര്‍ നാട്ടില്‍ നിന്നും വീട്ടുകാര്‍ അയച്ചു നല്കുന്ന പണം കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്.
ഇത്തരത്തില്‍ ഉത്തരേന്ത്യയില്‍ ജോലിചെയ്യുന്ന നിരവധി മലയാളികളാണ് കേരളത്തിലേക്ക് എത്താന്‍ ആകാതെ കുടുങ്ങിപ്പോയിട്ടുള്ളത്. ഇവരുടെ തിരിച്ചു വരവിന്റെ കാര്യത്തില്‍ സംസ്ഥാനം ഒരു വ്യക്തതയും വരുത്തിയിട്ടില്ല. അതേസമയം പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലേക്ക് കടന്നതാണ് സമ്പത്ത്. നേരത്തെ കോവിഡ് ഡ്യൂട്ടിയിലുള്ള നേഴ്സുമാരെ നിരീക്ഷണത്തിലാക്കാന്‍ കേരള ഹൗസ് വിട്ടുനല്‍കണമെന്ന് ആവശ്യം തള്ളിയത് ദല്‍ഹിയിലെ മലയാളികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. അതിനു പിന്നാലെയാണ് നേഴ്സുമാര്‍ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അതിനിടെ സ്വന്തം വാഹനം ഉള്ളവര്‍ക്ക് പാസ് മുഖേന കേരളത്തിലേക്ക് വരാം. ഇവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി സംസ്ഥാനം നിലവില്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന് നേരത്തെ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: