ന്യൂദല്‍ഹി: രാജ്യത്ത് െകാറോണ രോഗം ഭേദമാകുന്നവരുടെ നിരക്ക് ഉയരുന്നു. 29.36 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. രാജ്യത്തെ 216 ജില്ലകള്‍ ഇതിനോടകം കൊറോണ മുക്തമായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,390 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 56,342 ആയി. 1,886 പേര് മരണപ്പെട്ടു. ഇതുവരെ 16,540 രോഗികള്‍ക്ക് രോഗം ഭേദമായി. ഇന്നലെ മാത്രം 1,273 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവില്‍ 37,916 രോഗികളാണ് സജീവ നിരീക്ഷണത്തില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
നിലവില്‍ രാജ്യത്തെ 216 ജില്ലകളില്‍ പോസിറ്റീവ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ല. 42 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസത്തിനുള്ളിലും,29 ജില്ലകളില്‍ കഴിഞ്ഞ 21 ദിവസത്തിനുള്ളിലും, 36 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളിലും, 46 ജില്ലകളില്‍ കഴിഞ്ഞ ഏഴു ദിവസങ്ങള്‍ക്കുള്ളിലും പുതിയ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലേയും റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളെക്കുറിച്ച് വിശകലനം ചെയ്തശേഷം പുതുക്കിയ പട്ടിക അതാത് സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ജൂണ്‍ മാസത്തോടെ രാജ്യത്ത് റെസ്റ്റൊറെന്റുകള്‍ തുറക്കുമോ എന്ന് പറയാനാവില്ല.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ ക്വാറന്റൈന് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇതുവരെ 2.5 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളെ ട്രെയിന്‍ മാര്‍ഗം സ്വന്തം നാട്ടിലേക്ക് എത്തിച്ചു. ഇതിനായി 222 ട്രെയിന്‍ സര്‍വീസ് നടത്തിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: