വടകര: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സിപിഎം വാര്‍ഡ് മെമ്പറിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്തു. കഴിഞ്ഞ ദിവസം കീഴല്‍ ജനപ്രദായനി വായനശാലയില്‍ ഇരുപതോളം പേരെ വിളിച്ചു ചേര്‍ത്തായിരുന്നു യോഗം. വില്യാപ്പള്ളി പഞ്ചായത്തിലെ 11-ാം വാര്‍ഡ് മെമ്പര്‍ രജിത കോളിയോട്ടിന്റെയും മുന്‍ കണ്‍വീനര്‍ തിരുവോത്തു വേണുവിന്റെയും നേതൃത്വത്തില്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് യോഗം നടത്തിയത്. വിഷയത്തില്‍ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമമായിരുന്നു ഇത്.
ലോക്ഡൗണ്‍ നിയമങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് യോഗം നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നു.
കീഴല്‍ ശിവക്ഷേത്തിലേക്കുള്ള റോഡ് നിര്‍മാണം കഴിഞ്ഞ 40 വര്‍ഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ അവഗണനയില്‍ പൂര്‍ത്തിയാകാതെ കിടക്കുകയായിരുന്നു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയെ സമീപിക്കുകയും നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ റോഡ് നിര്‍മാണം ആരഭിക്കുന്നത് സിപിഎം ഇടപെടല്‍ മൂലമാണെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ പ്രചാരണം നടത്തി.
വരുന്ന തിങ്കളാഴ്ച അളവെടുപ്പു നടക്കാനിരിക്കെ കഴിഞ്ഞ ദിവസം അനൗദ്യോഗിക അളവെടുപ്പും സിപിഎം നടത്തി. റോഡ് നിര്‍മാണത്തിനായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം നടത്തുന്ന നാടകമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. യോഗം വിളിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പോലീസ് മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: