വരുണനു കൊടുത്ത സത്യം പാലിക്കാന്‍ നിര്‍ബന്ധിതനായ രാജാ ഹരിശ്ചചന്ദ്രന്‍ വസിഷ്ഠന്റെ നിര്‍ദേശാനുസരണം തന്നെ യാഗമാരാംഭിച്ചു. ബ്രഹ്മസ്ഥാനത്ത് വസിഷ്ഠ മഹര്‍ഷിയും ഹോതാവായി (ഋഗ്വേദി) വിശ്വാമിത്രനും അധ്വര്യുവായി (യജുര്‍വേദ) ജമദഗ്നിയും ഉദ്ഗാദാവായി ( സാമവേദി) അയാസ്യമുനിയും യാഗത്തില്‍ ഭാഗഭാക്കായി. യൂപാഗ്രത്തില്‍ ശുനശേഫനെ കെട്ടിയിരുന്നു.
എന്നാല്‍ ഇതിനിടയില്‍ ശുനശേഫന്റെ സമീപത്തു ചെന്ന വിശ്വാമിത്ര മഹര്‍ഷി ചെവിയില്‍ വരുണമന്ത്രം ഉപദേശിച്ചു കൊടുത്തുവെന്ന് ദേവീഭാഗവതത്തില്‍ പറയുന്നു. ഭക്തിയോടെ വരുണമന്ത്രം ജപിച്ച ശുനശേഫന്റെ മുന്നില്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. ശുനശേഫന്റെ മോചനത്തിനായി യൂപാഗ്രത്തില്‍ നിന്നു വിട്ടുകൊണ്ടു തന്നെ യാഗപൂര്‍ത്തീകരണം അംഗീകരിച്ച് വരുണഭഗവാന്‍ ഹരിശ്ചന്ദ്രനെ അനുഗ്രഹിച്ചു.
ഹരിശ്ചന്ദ്രന് അപ്പോഴാണ് ശ്വാസം നേരേയായത്. നടന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ചിന്തിക്കാന്‍ തെല്ലു സമയം കിട്ടി. വിശ്വാമിത്ര മഹര്‍ഷിയുടെ അപേക്ഷയില്‍ അടങ്ങിയിരുന്ന മനുഷ്യസ്നേഹത്തിന്റെ മാഹാത്മ്യം യഥാസമയം താന്‍ മനസ്സിലാക്കിയില്ല.
മനുഷ്യരായാല്‍ മനുഷ്യത്വം വേണം, ദീനന്മാരോട് അനുകമ്പ വേണം. മറ്റുള്ളവരെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ ശരീരം. അതിനു പകരം മറ്റുള്ളവരെ കൊന്നിട്ടും സ്വന്തക്കാരെ രക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാമിത്ര മഹര്‍ഷി ഇതു പറഞ്ഞപ്പോഴും നേര്‍വഴിക്കു ചിന്തിക്കാന്‍ തോന്നിയില്ല.
ഇപ്പോള്‍ മഹോദരം മാറി. എന്നാല്‍ മനസ്സിന് ശാന്തതയില്ല. വിശ്വാമിത്ര മഹര്‍ഷിയുടെ വാക്കുകള്‍ മനസ്സിലേക്ക് തുളച്ചു കയറുകയാണ്.
രാജാവ് ജനങ്ങള്‍ക്കെല്ലാം പിതാവാണ്. അതിനാല്‍ ജനങ്ങളെയെല്ലാം രക്ഷിക്കാന്‍ ചുമതലപ്പെട്ടവനാണ്. നാട്ടിലാരെങ്കിലും പാപം ചെയ്യാന്‍ തുനിഞ്ഞാല്‍ അതില്‍ നിന്നും തടയുക രാജകര്‍ത്തവ്യമാണ്. ആ രാജാവു തന്നെ പാപം ചെയ്താലോ? നാട്ടില്‍ ആരു പാപം ചെയ്താലും അതിന്റെ ആറിലൊരംശം പാപം രാജാവിനുള്ളതാണ്. ഇതെല്ലാം രാജാവ് അറിഞ്ഞിരിക്കേണ്ടതാണ്. വിശ്വാമിത്രന് നിരത്തിയ ന്യായങ്ങള്‍ക്ക് മറുപടി നല്കാന് ഹരിശ്ചന്ദ്രനു മുന്നില്‍ യാതൊരു കുബുദ്ധിയും തോന്നിയില്ല. ബ്രാഹ്മണകുമാരനെ വിലയ്ക്കു വാങ്ങിയതു തന്നെ തെറ്റ്. സന്താന വില്പനയ്ക്ക് ബ്രഹ്മണന് തയാറായതും തെറ്റ്. ബ്രാഹ്മണനെ ന്യായം പറഞ്ഞ് ബോധ്യപ്പെടുത്താതിരുന്നതും തെറ്റ്.
യാഗവേളയില്‍ ഒരു വിപ്രന് എന്തെങ്കിലും യാചിച്ചാല് അതു നല്കാന് യജമാനന് ബാധ്യസ്ഥനാണ്. അതും തന്റെ അച്ഛന് സ്വര്‍ഗം വരെ വാങ്ങിക്കൊടുത്ത മഹാത്മാവാണ് ഇവിടെ യാചിച്ചത്. അതൊന്നും യഥാവസരത്തില്‍ താന്‍ ചിന്തിച്ചില്ല. ഇത് മഹാപരാധം തന്നെ.
മഹാത്മാവായ വിശ്വാമിത്ര മഹര്‍ഷി തന്നെ ശപിച്ചിട്ടുണ്ടാകുമോ എന്ന് ഹരിശ്ചന്ദ്രന് ശങ്ക. സ്വന്തം മനസ്സാക്ഷിക്ക് മുന്നില്‍ പോലും താന്‍ മഹാപാപിയാണെന്ന ബോധം ഏറെ തളര്‍ത്തി. എന്നാല്‍ ഇനി ഒരിക്കലും താന്‍ വിശ്വാമിത്രമഹര്‍ഷിയെ പിണക്കില്ലെന്ന് സത്യവ്രത പുത്രനായ ഹരിശ്ചന്ദ്രന് നിശ്ചയിച്ചു. ഇനിമേല്‍ താന്‍ സത്യത്തിനും ധര്‍മത്തിനും വിരുദ്ധമായി ഒന്നും തന്നെ പ്രവര്‍ത്തിക്കില്ല. ഹരിശ്ചന്ദ്ര മഹാരാജാവ് ശക്തമായ തീരുമാനത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നേരത്തേ ബലിമൃഗമായി നിശ്ചയിക്കപ്പെട്ടിരുന്ന ശുനശേഫന്‍ ചില ചോദ്യങ്ങളുമായി മുന്നോട്ടു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: