ന്യൂദല്‍ഹി: ലോക്ക്ഡൗണിനെ തുടർന്ന് ആളുകളെല്ലാം വീട്ടില്‍ തങ്ങിയെങ്കിലും രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25.06 ബില്ല്യന്‍ യൂണിറ്റ് വൈദ്യുതിയാണ് ഇത്തവണ മിച്ചം വന്നതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രാജ്യത്ത് 110.11 ബില്യണ്‍ യൂണിറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ഇത് 85.05 ബില്യണ്‍ യൂണിറ്റായി കുറഞ്ഞു. 22.75 ശതമാനത്തിന്റെ ഇടിവാണ് ഊര്‍ജ്ജ ഉപഭോഗത്തിലുണ്ടായത്. വ്യവസായ സ്ഥാപനങ്ങള്‍ക്കും ഫാക്ടറികള്‍ക്കും താഴിട്ടതാണ് കാല് ഭാഗത്തോളം ഉപയോഗം ഇടിയാന്‍ കാരണമായത്. ആളുകളെല്ലാം വീട്ടില്‍ തങ്ങിയതിനാല്‍ ഗാര്‍ഹിക ഉപയോഗം കൂടിയെങ്കിലും മൊത്തം ഉപയോഗത്തെ ബാധിച്ചില്ല.
ഈ വര്‍ഷം ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന ഊര്‍ജ്ജ ആവശ്യം (പീക്ക് ഡിമാന്‍ഡ്) 132.77 ഗിഗാ വാട്ടാണ്. കഴിഞ്ഞ വര്‍ഷം ഉപയോഗിച്ചത് 176.81 ജിഗാ വാട്ടായിരുന്നു. ചില സംസ്ഥാനങ്ങളില്‍ വേനല്‍ മഴ ലഭിച്ചത് ഗാര്‍ഹിക വൈദ്യുതി ഉപഭോഗത്തെയും ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചാലും തൊഴിലാളികള്‍ പല സംസ്ഥാനങ്ങളിലായി ചിതറിപ്പോയതോടെ വ്യവസായ സ്ഥാപനങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനും സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
മഴക്കാലം വൈകാതെ എത്തുന്നതോടെ വൈദ്യുതി ഉപയോഗത്തില്‍ പിന്നെയും കുറവുണ്ടാക്കാന്‍ കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: