ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമം ഊര്‍ജിതമാക്കുമ്പോഴും കേരളം പ്രകടിപ്പിക്കുന്നത് ക്രൂരമായ അനാസ്ഥ. ഇന്നലെ വരെ 163 ശ്രമിക് ട്രെയിന്‍ സര്‍വീസുകള്‍ നടത്തി. 1.60 ലക്ഷത്തിലേറെ തൊഴിലാളികള്‍ ഇതിലൂടെ നാട്ടിലെത്തി. എന്നാല്‍, ഇതുവരെ കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടായിട്ടില്ല.
ശ്രമിക് ട്രെയിന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ളതാണെങ്കിലും തിരിച്ചുവരുമ്പോള്‍ മലയാളികളെ അനുവദിക്കാനാകും. ഇതിന് പുറമെ പ്രത്യേക ട്രെയിന്‍ സര്‍വീസുകളും ആവശ്യപ്പെടാം. എന്നാല്‍, സംസ്ഥാനം ഇതുവരെ ഇക്കാര്യത്തില്‍ നടപടിക്ക് തയാറായിട്ടില്ല. വിമര്‍ശനമുയര്‍ന്നപ്പോള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്ന മറുപടി നല്കി ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
പ്രത്യേക ട്രെയിനിനായി റെയില്‍വെയെ സമീപിക്കുന്നത് അടക്കമുള്ള ഒദ്യോഗിക നടപടിക്രമങ്ങള്‍ കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളികള്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ചകളുമുണ്ടായിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികളെ മടക്കി അയയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ കാണിച്ച ആവേശം മലയാളികളെ തിരിച്ചെത്തിക്കാന്‍ കാണിക്കുന്നില്ലെന്നതാണ് വാസ്തവം. വിവിധ സംസ്ഥാനങ്ങള്‍ ബസ്സിലും മറ്റുമായി ജനങ്ങളെ തിരിച്ചെത്തിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്, ദല്‍ഹി, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയവര്‍ വിദ്യാഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളെ ഇപ്രകാരം മടക്കിയെത്തിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിനായി രണ്ട് ലക്ഷത്തോളം പേര് ഇതുവരെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ പകുതിയോളം പേര് അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകത്തിലുമാണ്. ഇവരെപ്പോലും ബസ്സുകളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തയാറല്ല. ഇതിനിടെയാണ് പാസ് നല്‍കുന്നത് നിര്‍ത്തിയത്. മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ യാത്രാ പ്രശ്നം ഏറ്റവുമാദ്യം ഉന്നയിച്ചത് കേരളമായിരുന്നു. ഇത് രാഷ്ട്രീയ വിവാദത്തിന് വേണ്ടി മാത്രമായിരുന്നെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഈ മാസം ഒന്നിനാണ് ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്. ബുധനാഴ്ച 56, വ്യാഴാഴ്ച 14 സര്‍വീസുകളുണ്ടായി. ഇന്നലെ മാത്രം 3500ഓളം പേര് യുപിയില്‍ മടങ്ങിയെത്തി. മൂന്നര ലക്ഷത്തിലേറെയാളുകളാണ് ലോക്ഡൗണിന് ശേഷം ഒഡീഷയില്‍ തിരിച്ചെത്തിയത്. നിര്‍ത്തിവച്ച സര്‍വീസ് പുനരാരംഭിക്കാന്‍ കര്‍ണാടകം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: