കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായ ാലോക്ഡൗണിന്റെ മറവില്‍ അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഹിന്ദു സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ഭരണസമിതി യോഗത്തില്‍ അഡ്മിനിസ്ട്രേറ്ററും മൂന്ന് അംഗങ്ങളും ചേര്‍ന്ന് ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്. സ്ഥിരാംഗങ്ങളായ രാജപ്രതിനിധിയുടെയും തന്ത്രിമുഖ്യന്റെയും അംഗീകാരമില്ലാതെ തീരുമാനമെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തം. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സ്വത്ത് എല്ലാ വിഭാഗക്കാരുടെതുമാണെന്നും, ക്ഷേത്രേതര കാര്യങ്ങള്‍ക്ക് അത് വിനിയോഗിക്കുന്നതില്‍ തെറ്റില്ലെന്നുമുള്ള മാനേജിങ് കമ്മിറ്റിയുടെ വാദം അസംബന്ധമാണ്. മലയാറ്റൂരും ഇടപ്പള്ളിയും പോലുള്ള ക്രൈസ്തവ ദേവാലയങ്ങളിലും, ശബരിമല വാവരുടെ നടയിലും എല്ലാ മതസ്ഥരില്‍പ്പെട്ടവരും പണമിടുന്നുണ്ട്. അതുകൊണ്ട് ഈ പണം മതേതരമാകുമോ? ഈ പണത്തില്‍നിന്ന് എടുത്ത് പൊതുകാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ ‘മതേതര’ സര്‍ക്കാര്‍ തയ്യാറാകുമോ? അതിനു തുനിഞ്ഞാല്‍ ആ ഭരണം പിന്നെ ഇവിടെ ഉണ്ടാവില്ല. പക്ഷേ ഹിന്ദുക്കളോട് എന്തുമാകാമല്ലോ.
മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് പണം നല്‍കിയത് ഹൈക്കോടതി സ്റ്റേ ചെയ്തതാണ്. ക്ഷേത്ര സ്വത്ത് ക്ഷേത്രാവശ്യങ്ങള്‍ക്കു മാത്രമേ വിനിയോഗിക്കാവൂ എന്നതിന്റെ അടിസ്ഥാനത്തിലാണിത്. മറിച്ച് പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണ്. ഗുരുവായൂര്‍ ക്ഷേത്ര സ്വത്തും വരുമാനവും മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാവില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടില്‍ ദേവസ്വം ഭരണസമിതി എടുത്തിട്ടുള്ള തീരുമാനം രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പോലും വിധിയെ കാറ്റില്‍പ്പറത്തുന്നതാണ്. ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപത്തില്‍ നിന്നല്ല, പലിശയിനത്തില്‍ നിന്നാണ് അഞ്ച് കോടി നല്‍കിയതെന്ന തൊടുന്യായം വിലപ്പോവില്ല. കാരണം പലിശയും ക്ഷേത്രവരുമാനത്തില്പ്പെടുന്നു. അത് മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കരുതെന്നാണ് സുപ്രീംകോടതി വിധി. തമിഴ്നാട്ടില്‍ ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റില്‍ നിന്ന് 10കോടി രൂപ അവിടുത്തെ സര്‍ക്കാരിന് നല്‍കാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തത് ഗുരുവായൂര്‍ ദേവസ്വത്തിന് പാഠമാകണം.
ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസും, അദ്ദേഹത്തെ ഈ സ്ഥാനത്ത് പ്രതിഷ്ഠിച്ച ഇടതുപക്ഷ സര്‍ക്കാരുമാണ്. ഹൈന്ദവ ക്ഷേത്രങ്ങള്‍ എത്രയും വേഗം നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. ഇക്കാര്യം അവര്‍ പലപ്പോഴും പരസ്യമായി പ്രഖ്യാപി
ച്ചിട്ടുള്ളതുമാണ്. ആഗ്രഹമുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ ആക്രമിച്ചു നശിപ്പിച്ചാല്‍ ഭക്തജനങ്ങളുടെ രോഷം നേരിടേണ്ടിവരുമെന്നതിനാല്‍ വളഞ്ഞ വഴിയിലൂടെ അതിന് ശ്രമിക്കുകയാണ്. വിലമതിക്കാനാവാത്ത സ്വത്തുള്ളതിനാല്‍ ക്ഷേത്രങ്ങളെ കറവപ്പശുക്കളായിക്കണ്ട് ചൂഷണം ചെയ്യുകയെന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ നയം. അതിനുവേണ്ടി അവര്‍ ക്ഷേത്രവിശ്വാസികളായി അഭിനയിക്കുന്നുവെന്നു മാത്രം. ഈ ഈശ്വരനിന്ദയും പകല്‍ക്കൊള്ളയും അനുവദിച്ചുകൊടുക്കാനാവില്ല. പിണറായി സര്‍ക്കാരിന് ക്ഷേത്രങ്ങളുടെ സ്വത്തില്‍ കണ്ണുണ്ട്. ഗുരുവായൂര്‍ മോഡല്‍ വിജയിച്ചാല്‍ പലരും ആശങ്കപ്പെടുന്നതുപോ
ലെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രമായിരിക്കും അടുത്തത്. അവിടെയും കൊള്ള തുടരും. ഇതിനെതിരെ എല്ലാത്തരത്തിലുള്ള പ്രക്ഷോഭവും നിയമപ്പോരാട്ടവും ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: