ഇരിട്ടി : ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇരിട്ടി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചു. ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി ലഭിച്ചതോടെയാണ് നാൽപ്പത് ദിവസത്തിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്ന പ്രവർത്തി പുനരാരംഭിക്കാനായത്. കൊറോണാ വൈറസ് വ്യാപനത്തിന്റെ പ്രത്യേക പരിതസ്ഥിതിയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവർത്തി നടക്കുക.
കൺസൾട്ടൻസി എഞ്ചിനീയർ കെ.കെ. രാജേഷിന്റെ നേതൃത്വത്തിൽ 28 തൊഴിലാളികളാണ് നിർമ്മാണ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗണിനെത്തുടർന്ന് നാട്ടിൽ പോകാൻ കഴിയാതെ ഇവിടെ തന്നെ താമസിക്കുകയായിരുന്നു ഈ തൊഴിലാളികൾ.
144 മീറ്റർ നീളം വരുന്ന പാലത്തിന്റെ ഇരു കരകളേയും ബന്ധിപ്പിക്കുന്ന 48 മീറ്റർ വീതമുള്ള രണ്ട് സ്പാനുകളുടെ വാർപ്പ് മുൻപേ പൂർത്തിയായിരുന്നു. കാലവർഷം തുടങ്ങുന്നതിന് മുൻപ് മെയ് 30 തിനുള്ളിൽ പാലം പണി പൂർത്തിയാക്കാനായിരുന്നു തീരുമാനം . എന്നാൽ ലോക്ക് ഡൗൺ എല്ലാം തകിടം മറിക്കുകയായിരുന്നു . പുഴയുടെ നടുഭാഗമായതിനാൽ ഇതിന്റെ സ്ട്രക്ച്ചർ സ്ഥാപിക്കലാണ് വെല്ലുവിളി. മുൻപ് രണ്ട് മഴക്കാലത്തെ അനുഭവം ഇതിന്റെ കരാറുകാർക്കുണ്ട്.
മഴ ശക്തിപ്പെട്ടാൽ പെട്ടെന്ന് നീരൊഴുക്ക് കൂടുന്ന പുഴയെന്നതിനാൽ 30 ദിവസം കൊണ്ടുതന്നെ വാർപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. എൻട്രൻസ് സ്ഥാപിക്കുന്നതിനായി ലോക്ക് ഡൗണിന് മുൻപേ കൂറ്റൻ ബാർജുകൾ ഇവിടെ എത്തിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്നും കൂറ്റൻ ഇരുമ്പ് വടങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. ഗാർഡറുകൾ ഉറപ്പിച്ചു കഴിഞ്ഞാൽ ഉടനെത്തന്നെ പുഴയിൽ മുൻപ് നിക്ഷേപിച്ച മണ്ണ് മുഴുവൻ മാറ്റുന്ന പ്രവർത്തി ആരംഭിക്കുമെന്ന് റെസിഡന്റ് എക്സിക്യു്ട്ടീവ് എഞ്ചിനീയർ പി.എൻ. ശശികുമാർ, കെ എസ് ടി പി എ ഇ കെ.വി. സതീശൻ എന്നിവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: