ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സ്വത്ത് എല്ലാ മതവിഭാഗക്കാരുടേതുമാണെന്നും അതുകൊണ്ട് ക്ഷേത്രേതര കാര്യങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതില്‍ തെറ്റില്ലെന്നുമുള്ള ഗുരുവായൂര്‍ ക്ഷേത്രം ദേവസ്വം മാനേജിങ് കമ്മറ്റിയുടെ നിലപാട് ക്ഷേത്ര വിരുദ്ധവും ഭക്തജന ദ്രോഹവുമാണ്. ഗുരുവായൂര്‍ ക്ഷേത്രം ഹിന്ദുക്കളുടെ ആദ്ധ്യാത്മിക കേന്ദ്രവും പുണ്യ ആരാധനാലയവുമാണ്. ഇതിനെ മതേതര കേന്ദ്രമാക്കി സ്വത്തും വരുമാനവും ക്ഷേത്രത്തിന്റേതല്ലാത്ത പൊതു ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നത് ക്ഷേത്ര സങ്കല്‍പ്പത്തിന്റെയും ഭരണഘടനാദത്തമായ അവകാശ സ്വാതന്ത്ര്യങ്ങളുടേയും ലംഘനമായേ കാണാനാവൂ. വിശ്വാസികള്‍ വഴിപാടായും കാണിക്കയായും സമര്‍പ്പിക്കുന്ന പണത്തില്‍ ഭക്തജനങ്ങളുടെ വികാര വിശ്വാസ സങ്കല്‍പ്പങ്ങളുണ്ട്. അത് ദേവസ്വം ഭരണാധികാരികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഏത് കാര്യങ്ങള്‍ക്കും ചെലവഴിക്കാനാവില്ല. ക്ഷേത്രത്തില്‍ വിശ്വാസപൂര്‍വ്വം സമര്‍പ്പിച്ച പണത്തിന്റെ പലിശയായതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കാമെന്ന ന്യായീകരണം ശുദ്ധ അബദ്ധമാണ്.
ദേവസ്വം ഫണ്ടിന്റെ പലിശ, കെട്ടിട വാടക, നേരിട്ട് കിട്ടുന്നതും അല്ലാത്തതുമായ വരുമാനങ്ങള്‍, വിറ്റു കിട്ടുന്ന തുക ഇതെല്ലാം ക്ഷേത്ര വരുമാനമാണ്, ക്ഷേത്ര സ്വത്താണ്. അത് ക്ഷേത്രാവശ്യങ്ങള്‍ക്കല്ലാതെ മറ്റൊരു കാര്യത്തിനും വകമാറ്റി ചെലവഴിക്കാനാവില്ല.
കൊറോണ ദുരിതാശ്വാസത്തോട് ഒരെതിര്‍പ്പുമില്ല. ആ ആവശ്യം നിറവേറ്റാന്‍ ഭക്തജനങ്ങളോട് ആവശ്യപ്പെട്ട് പ്രത്യേക ഫണ്ട് സ്വരൂപിക്കാന്‍ ദേവസ്വം അധികൃതര്‍ക്ക് സാധിക്കും. മറിച്ച് ഭക്തജനങ്ങള്‍ ഭഗവാന് വഴിപാടായി സമര്‍പ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ദേവസ്വം അധികൃതര്‍ക്ക് അവകാശമില്ല.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദുരിതാശ്വാസത്തിന് പ്രത്യേകമായി സംഭരിച്ച തുകയില്‍ നിന്നാണ് ഒരു കോടി രൂപ നല്‍കിയത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് വേണ്ടി മാത്രമുള്ളതല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. പ്രളയകാലത്ത് പിരിച്ചെടുത്ത നിധിയിലെ തട്ടിപ്പും വെട്ടിപ്പും ഓരോന്നായി പുറത്തു വരുന്നതേയുള്ളു. രണ്ട് രാഷ്‌ട്രീയ നേതാക്കളുടെ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്‌ക്കും ഈ നിധിയില്‍ നിന്നാണ് ചെലവിട്ടത്. അതുകൊണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പണം കൊറോണ പ്രതിരോധത്തിന് വേണ്ടിയാണ് നല്‍കിയത് എന്ന ദേവസ്വം അധികൃതരുടെ ഭാഷ്യം പച്ചക്കള്ളമാണ്. ഗുരുവായൂരപ്പ ഭക്തരുടെ ആ അഞ്ച് കോടി രൂപ ഏത് കാര്യത്തിന് വേണ്ടി ചെലവഴിക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. അതേസമയം കേന്ദ്രസര്‍ക്കാര്‍ സ്വരൂപിക്കുന്ന പി എം കെയര്‍ ഫണ്ട് കൊറോണ പ്രതിരോധത്തിന് വേണ്ടി മാത്രമേ ചെലവഴിക്കാന്‍ പാടുള്ളൂ.
മുമ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനും, ‘ഇന്ദിരാ വികാസ് പത്ര’യ്‌ക്കും ‘ലക്ഷം വീട്’ പദ്ധതിക്കും മറ്റും വേണ്ടി ഗുരുവായൂര്‍ ക്ഷേത്ര ഫണ്ട് ചെലവഴിച്ചപ്പോഴെല്ലാം ശക്തമായ എതിര്‍പ്പ് ഭക്തരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ‘ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് വേണ്ടി ‘ എന്ന മുദ്രാവാക്യമുയര്‍ത്തി വ്യാപകമായ പ്രക്ഷോഭം നടക്കുകയുണ്ടായി. ഭക്തജന ശക്തിയുടെ മുന്നില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് മുട്ടുമടക്കേണ്ടി വന്നു. ഇപ്പോള്‍ അഞ്ച് കോടി എടുത്തത് ശരിയാണെന്ന് തെളിഞ്ഞാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലാകും അടുത്ത ലക്ഷ്യം. ആ സ്വത്ത് രാജഭരണകാലത്തു എല്ലാ മതസ്ഥരും സമര്‍പ്പിച്ചിട്ടുള്ളതാണെന്നും ആര്‍ക്കും പ്രയോജനമില്ലാതെ വെറുതെ ഇരിക്കുന്ന സ്വത്ത് പൊതുആവശ്യത്തിന് ഉപയോഗപ്പെടുത്തണമെന്നും വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവെന്ന് വരാം.
1986 ല്‍ വൈക്കം ക്ഷേത്രത്തിന്റെ ധ്വജ സ്തംഭം പൊളിച്ചപ്പോള്‍ ചുവട്ടില്‍ നിന്നും കിട്ടിയ പഴയകാലത്തെ നാണയത്തുട്ടും പുരാവസ്തുക്കളും സര്‍ക്കാര്‍ ഏറ്റെടുത്തു. സീല്‍ ചെയ്തു സ്വന്തം അധീനതയിലാക്കി. ഇതിനെതിരെ ഒരു വര്‍ഷക്കാലം ഭക്തജനങ്ങള്‍ നടത്തിയ ശക്തമായ സമരത്തെ തുടര്‍ന്നാണ് എടുത്ത സാധനങ്ങളെല്ലാം സര്‍ക്കാര്‍ തിരിച്ചു കൊടിമര ചുവട്ടില്‍ ഇട്ടത്. അതിന് ശേഷം മാത്രമേ ധ്വജ പ്രതിഷ്ഠ നടന്നുള്ളു. ഇതുപോലെ ക്ഷേത്ര സ്വത്ത് സര്‍ക്കാര്‍ തട്ടിയെടുത്ത എത്രയോ സംഭവങ്ങളുണ്ട്!
ആദ്യകാലത്തു കേണല്‍ മണ്‍റോ സായിപ്പാണ് ക്ഷേത്ര സ്വത്തും പണവും സര്‍ക്കാരിന്റെ ഫണ്ടിലേക്ക് മുതല്‍കൂട്ടിയത്. അന്ന് അതിനെ എതിര്‍ക്കാനുള്ള ശേഷി ഹിന്ദു സമൂഹത്തിന് ഇല്ലായിരുന്നു. എന്നാല്‍ 1948 ല്‍ സര്‍ക്കാരും മഹാരാജാവും ഒപ്പുവെച്ച കവനെന്റ് അനുസരിച്ചു സ്വതന്ത്ര പരമാധികാര ധര്‍മ്മ സ്ഥാപനങ്ങളായി ക്ഷേത്രങ്ങള്‍ മാറി. ഹിന്ദു ധര്‍മ്മ സ്ഥാപന നിയമങ്ങള്‍ നിലവില്‍ വന്നു. ക്ഷേത്ര സ്വത്തിനും പണത്തിനും നിയമപരമായി രക്ഷ ലഭിച്ചുവെങ്കിലും കാലാകാലങ്ങളില്‍ ഭരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും സര്‍ക്കാരും ക്ഷേത്രങ്ങളെ കറവപ്പശുക്കളാക്കി മാറ്റി. കേണല്‍ മണ്‍റോ മണ്‍മറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ പ്രേതം ഗുരുവായൂര്‍ ദേവസ്വം ഭരണാധികാരികളെ പിടികൂടിയിരിക്കുന്നു.
ഗുരുവായൂരപ്പന്‍ നിയമത്തിന്റെ ദൃഷ്ടിയില്‍ മൈനറാണ്. ആ നിലയ്‌ക്ക് എല്ലാവിധ പരിരക്ഷയും ഗുരുവായൂരപ്പന് ഉള്ളപ്പോള്‍, ദേവന്റെ പണം ഏകപക്ഷീയമായി മാനേജിങ് കമ്മറ്റിക്ക് ക്ഷേത്രേതരമായ മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാനാവില്ല. സ്ഥിര നിക്ഷേപം
എടുക്കാതെ, പലിശയില്‍ നിന്നും 5 കോടി എടുത്തത് എന്തുകൊണ്ട് ? നിക്ഷേപത്തില്‍ നിന്നും എടുക്കുന്നത് ശരിയല്ല എന്ന ബോധ്യമുള്ളതുകൊണ്ടാണ് പലിശയില്‍ കൈവെച്ചത്. നിക്ഷേപത്തിന്റെ പലിശയും സ്വാഭാവികമായും നിക്ഷേപമായി മാറുന്നുവെന്ന യാഥാര്‍ഥ്യം കണക്കിലെടുക്കുമ്പോള്‍ , അഞ്ച് കോടി രൂപ ദേവസ്വം എടുത്തത് നിക്ഷേപത്തില്‍ നിന്നു തന്നെയാണ്.
മറ്റു മതസ്ഥര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വരികയും വഴിപാട് നടത്തുകയും ചെയ്യുന്നതുകൊണ്ട് ക്ഷേത്ര വരുമാനം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന മാനേജിങ് കമ്മറ്റി ചെയര്‍മാന്റെ പ്രസ്താവന ബാലിശമാണ്. ഭക്തര്‍ ആരായാലും പണം ഗുരുവായൂരപ്പന് നല്‍കുന്നത് ദേവനില്‍ വിശ്വാസം ഉള്ളതുകൊണ്ടാണ്. സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അത് ദേവന്റെ സ്വത്തായി മാറും. ഗുരുവായൂര്‍ ക്ഷേത്രം തന്ത്ര ശാസ്ത്ര വിധി അനുസരിച്ചുള്ള ആരാധനാ ക്രമങ്ങള്‍ നടക്കുന്ന ഹൈന്ദവ ആരാധനാലയമാണ് . ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ട് അനുസരിച്ചാണ് ക്ഷേത്ര ഭരണം നടക്കുന്നത്. ക്ഷേത്രം മതേതര സ്ഥാപനമല്ല. നൂറ് ശതമാനവും മത ധര്‍മ്മ സ്ഥാപനമാണ്. അതുകൊണ്ടാണ് 1987 ല്‍ ജേക്കബ് തമ്പിക്ക് ഗുരുവായൂര്‍ മാനേജിങ് കമ്മറ്റി അംഗമായി സര്‍ക്കാര്‍ നിശ്ചയിച്ചെങ്കിലും ചാര്‍ജ് എടുക്കാന്‍ കഴിയാതെ പോയത്.
എല്ലാവരുടേതുമായതുകൊണ്ടാണ് 5 കോടി രൂപ സര്‍ക്കാരിന് കൊടുക്കുന്നതെങ്കില്‍, എല്ലാവര്‍ക്കും വേണ്ടി ക്ഷേത്രത്തിലെ ആരാധനാ ക്രമവും നാളെ മാറ്റേണ്ടി വരില്ലേ ? മതേതരത്വത്തിനും മതനിരപേക്ഷതയ്‌ക്കും ഹിന്ദു മത ധര്‍മ്മ സ്ഥാപന നിയമമനുസരിച്ചു ഭരണം നടത്തുന്ന ക്ഷേത്രത്തില്‍ എന്ത് പ്രസക്തി ? സാമൂതിരി രാജാവില്‍ നിന്നും ക്ഷേത്ര ഭരണം പ്രത്യേക ആക്ട് പ്രകാരം സര്‍ക്കാര്‍ നിയോഗിക്കുന്ന മാനേജിങ് കമ്മറ്റിയിലേക്ക് കൈമാറിയത് ഹിന്ദു വിശ്വാസവും ഹിന്ദു ആചാരവും അനുസരിച്ചു തുടര്‍ന്നും ഭരണ നിര്‍വഹണം നടത്താനാണ്. ഇതര മതസ്ഥര്‍ ആരാധനയ്‌ക്ക് എത്തുന്നതുകൊണ്ടോ പണം തരുന്നതുകൊണ്ടോ ഹിന്ദു ആരാധനാലയം എന്ന പദവി ഗുരുവായൂര്‍ ക്ഷേത്രത്തിന് നഷ്ടപ്പെടുന്നില്ല.
മാനേജിങ് കമ്മറ്റിയിലെ സ്ഥിരം അംഗങ്ങളായ സാമൂതിരി രാജ പ്രതിനിധിയുടേയും തന്ത്രിമുഖ്യന്റെയും അംഗീകാരമില്ലാതെയാണ് കമ്മറ്റി തീരുമാനമെടുത്തത് എന്നുള്ളതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഗുരുവായൂര്‍ ക്ഷേത്ര സ്വത്തും വരുമാനവും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന് 2003 ല്‍ സുപ്രീം കോടതിയും 2008 ല്‍ ഹൈക്കോടതിയും അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ കോടതി വിധികളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് മാനേജിങ് കമ്മറ്റി അഞ്ച് കോടി രൂപ കേരള സര്‍ക്കാരിന് നല്‍കിയത്. നിയമവിരുദ്ധമായ ഈ നടപടിക്കെതിരെ ഭക്ത ജനങ്ങള്‍ രംഗത്തു വരണം. ഈ തുക ക്ഷേത്രത്തിന് സര്‍ക്കാര്‍ മടക്കിക്കൊടുക്കുകയോ അല്ലാത്തപക്ഷം മാനേജിങ് കമ്മറ്റി അംഗങ്ങള്‍ ക്ഷേത്രത്തിന് നഷ്ടം വന്ന തുക തിരിച്ചടയ്‌ക്കുകയോ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: