ന്യൂദല്‍ഹി: ബാറ്റ് ചെയ്യുമ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കുന്നതില്‍ അഗ്രഗണ്യനായ മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണിയെപ്പോലെ ആകണമെന്നാണ് തന്റെ ആഗ്രഹമെന്ന് മലയാളി യുവതാരം സഞ്ജു സാംസണ്. ഇന്ത്യന്‍ പ്രീമിയിര്‍ ലീഗില്‍ സഞ്ജുവിന്റെ ടീമായ രാജസ്ഥാന് റോയല്‍സ് സംഘടിപ്പിച്ച പോഡ്കാസ്റ്റിലാണ് സഞ്ജു ഈ കാര്യം വെളിപ്പെടുത്തിയത്.
ധോണിയാണ് തന്റെ മാതൃക. എന്റെ കരുത്ത് ഏതെന്ന് തിരിച്ചറിഞ്ഞ് അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പഠിച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ എന്റെ പരാജയങ്ങള്‍ അംഗീകരിക്കുന്നു. ടീമന് കഴിവിന്റെ പരാമാവധി സംഭാവന നല്‍കുകയാണ് ലക്ഷ്യം. ബാറ്റ് ചെയ്യുമ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് സഞ്ജു പറഞ്ഞു.
രാഹുല്‍ ദ്രാവിഡും ഗൗതം ഗംഭീറുമൊക്കെ സഞ്ജുവിന്റെ കഴിവുകളെക്കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സഞ്ജുവിന് രാജ്യാന്തര ക്രിക്കറ്റില്‍ വിജയം നേടാനായിട്ടില്ല. പല തവണ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചിട്ടും കളിക്കാന്‍ അവസരം ലഭിച്ചത് വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രം.
അടുത്തിടെ ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു തിരിച്ചെത്തി. ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ഇന്ത്യന്‍ ടീമന്റെ ഭാഗമാകുന്നത് തന്നെ മഹത്തായ കാര്യമാണ്. വിരാട് കോഹ്ലിയും രോഹിത് ശര്മയുമൊക്ക ചുറ്റുള്ളപ്പോള് അതൊരു അസാധാരണമായ അനുഭവം തന്നെ.
ന്യൂസിലന്‍ഡിനെതിരായ ഒരു മത്സരത്തില്‍ സഞ്ജുവിനെ സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനിറക്കി. നിര്‍ണായക നിമിഷങ്ങളില്‍ ടീം തന്നില്‍ വിശ്വാസമര്പ്പച്ചത് വളരെ അധികം ആനന്ദം നല്കുന്ന കാര്യമാണെന്ന് സഞ്ജു പറഞ്ഞു.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. സ്മിത്തുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. സ്മിത്തിന്റെ കീഴില്‍ കളിക്കുന്നത് താന്‍ ആസ്വദിച്ചിരുന്നെന്നും സഞ്ജു വെളിപ്പെടുത്തി.
ധോണിയാണ് തന്റെ ആരാധനാമൂര്ത്തിയെങ്കിലും ജോസ് ബട്ലറെയും ഏറെ ഇഷ്ടമാണ്. ഇംഗ്ലീഷുകാരനായ ജോസ് ബട്ലറും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ്. അദ്ദേഹം ഒരിക്കലും വെറുതെ ഇരിക്കില്ല. കീപ്പിങ് പരിശീലനവും നെറ്റസിലെ ബാറ്റിങ്ങുമൊക്കെയായി എപ്പോഴും തിരക്കിലായിരിക്കും, സഞ്ജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: