കൊച്ചി: പ്രവാസികളുമായുള്ള ആദ്യ വിമാനം നാളെ രാത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. രാത്രി 9.15 എത്തിച്ചേരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. അബുദാബിയില്‍ നിന്നുള്ള 200 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടാവുക.
എന്നാല്‍ ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് നിശ്ചയിച്ച വിമാനം റദ്ദാക്കി. ശനിയാഴ്ച സര്‍വീസ് നടത്തുമെന്നാണ് സൂചന. എന്നാല്‍ സര്‍വീസ് മാറ്റിവെച്ചതിന്റെ കാരണം വ്യക്തമല്ല. അബുദാബി – കൊച്ചി സര്‍വീസുകളില്‍ മാറ്റം ഉണ്ടാകില്ല.
അതേസമയം പ്രവാസികളെ സ്വീകരിക്കുന്നതിനായി കൊച്ചി സജ്ജമായി കഴിഞ്ഞു. വ്യാഴാഴ്ച ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരും പിപിഇ കിറ്റ് ധരിച്ചായിരിക്കും പരിശോധന നടത്തുക. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പടെ കര്‍ശ്ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പരിശോധനകള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വിമാനത്താവളത്തില്‍ വച്ച് തയ്യാറാക്കുന്ന പട്ടിക പ്രകാരം ക്വാറന്റൈന് കേന്ദ്രങ്ങളില്‍ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 14 ദിവസം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയില്‍ ക്വാറന്റൈനില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രിയിലേക്ക് മാറ്റും.
കൊച്ചി തുറമുഖത്തും നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വിമാനത്താവളത്തിന് സമാനമായ സുരക്ഷാ പരിശോധനയാണ് തുറമുഖത്തും ഒരുക്കിയിരിക്കുന്നത്. പ്രവാസികളെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ 4000ലധികം താമസ സ്ഥലങ്ങളാണ് ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുള്ളത്. ധ്യാന കേന്ദ്രങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവയെല്ലാം ആവശ്യം വന്നാല്‍ ഏറ്റെടുക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: