ഇന്ന് വൈശാഖത്തിലെ ശുക്ലപക്ഷ ചതുര്ദശി. നരസിംഹമായി ഭഗവാന് വിഷ്ണു അവതാരമെടുത്ത ദിനം. ധര്‍മസംസ്ഥാപനമായിരുന്നു ഭഗവാന്റെ അവതാരലക്ഷ്യങ്ങളെല്ലാം. ഹിരണ്യകശിപുവിനെ നിഗ്രഹിക്കുകയും പ്രഹ്ലാദനെ അനുഗ്രഹിക്കുകയുമായിരുന്നു നരസിംഹാവതാര ലക്ഷ്യം.
ധര്മധ്വംസനം ചെയ്തവനാണ് ഹിരണ്യ കശിപു. നാരായണനാമം ഉരുവിട്ടാല്‍ കഠിന ശിക്ഷ. സാധുസംന്യാസിമാരെ കൊന്നൊടുക്കണം. വേദങ്ങളും ആശ്രമങ്ങളുമെല്ലാം നശിപ്പിക്കണം. ഇതൊക്കെയായിരുന്നു ഹിരണ്യകശിപുവിന്റെ കല്പനകള്. ഹിരണ്യ കശിപുവിന്റെ മകനായ പ്രഹ്ലാദന്റെ സ്വഭാവമാകട്ടെ ഇതിന് നേരെ വിപരീതവും. അചഞ്ചലമായ വിഷ്ണുഭക്തി. ഗര്‍ഭത്തില്‍ വച്ചുകിട്ടിയ നാരദോപദേശമായിരുന്നു പ്രഹ്ലാദന്റെ പിന്‍ബലം. നചികേതസ്സിനെ പോലെ ലക്ഷ്യബോധം ഉറച്ചവനായിരുന്നു പ്രഹ്ലാദന്.
ഈ തൂണിലും ഇൗശ്വരനുണ്ടോയെന്ന ഹിരണ്യകശിപുവിന്റെ ചോദ്യത്തിന് യാതൊരു സംശയവുമില്ലാതെ പ്രഹ്ലാദന് പറഞ്ഞു; ‘ദൃശ്യതേ, ദൃശ്യതേ…’അതുകേട്ട ഹിരണ്യ കശിപു മുഷ്ടി ചുരുട്ടി തൂണില്‍ ആഞ്ഞടിച്ചു. തൂണു പിളര്‍ന്ന് നരസിംഹരൂപം പ്രകാശിച്ചു. സന്ധ്യാസമയമായിരുന്നു. നരസിംഹാവതാരത്തിന്റെ അട്ടഹാസം കേട്ട് ഹിരണ്യകശിപു നടുങ്ങി. ഭഗവാന് കൂര്‍ത്ത നഖങ്ങളാല്‍ ഹിരണ്യകശിപുവിന്റെ മാറിടം പിളര്‍ത്തി. അധര്മികളുടെയെല്ലാം ഗതി ഇതാണ്. സ്വധര്‍മത്തിനായി ആത്മസമര്‍പ്പണം ചെയ്യുന്ന ലക്ഷക്കണക്കിന് പ്രഹ്ലാദന്മാര് ഇന്നുമുണ്ട് ഭാരതത്തില്‍. അവര്‍ക്കായി ഇനിയും നരസിംഹാവതാരമുണ്ടാവും. കാരണം ഭഗവാന് പ്രഹ്ലാദപ്രിയനാണ്.
എളങ്കുന്നപ്പുഴ ദാമോദരശര്‍മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: