കൊച്ചി: കോവിഡ് 19 രോഗബാധയെത്തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ജില്ലാഭരണകൂടം ഒരുങ്ങി. വിമാനത്താവളം, തുറമുഖം, എന്നിവിടങ്ങളിൽ ഇതിനായുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കും.
തിരിച്ചെത്തുന്നവർക്ക് ക്വാറന്റീൻ അടക്കം വിവിധ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. പ്രവാസികളെ സംബന്ധിച്ചുളള സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ ജില്ലയിൽ നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ അതിവേഗം പൂർത്തിയാക്കാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ഈ മാസം ഏഴ് മുതലാണ് പ്രവാസികൾ എത്തിതുടങ്ങുന്നത്. ആദ്യഘട്ടത്തിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2150 പ്രവാസികളാണ് എത്തുന്നത്.
ആദ്യ ദിവസം അബുദാബി, ദോഹ എന്നിവിടങ്ങളിൽ നിന്നും 200 പേർ വീതം മടങ്ങിയെത്തും. എട്ടാം തീയതി ബഹറിനിൽ നിന്നും 200 പേരും ഒൻപതിന് കുവൈറ്റ്, മസ്ക്കറ്റ് എന്നിവിടങ്ങളിൽ നിന്നും യഥാക്രമം 200, 250 പേർ വീതവും എത്തിച്ചേരും. പത്താം തീയതി കോലാലംപൂരിൽ നിന്നും 250 പേരും 11ന് ദുബായി, ദമാം എന്നിവിടങ്ങളിൽ നിന്നും 200 പേർ വീതവും എത്തും. 12ാം തീയതി കോലാലംപൂരിൽ നിന്നും 250 പേരും 13ന് ജിദ്ദയിൽ നിന്ന് 200 പേരുമാണ് ജില്ലയിൽ എത്തുക.
യോഗത്തിൽ എ.ഡി.എം കെ. ചന്ദ്രശേഖരൻ നായർ, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, സബ് കളക്ടർ സ്നേഹിൽ കുമാർസിംഗ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ, ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: