കുമളി: കേരളത്തിന്റെ മുന്നൊരുക്കങ്ങള്‍ ആദ്യ ദിവസം വിഫലമായി. ഒന്നര മാസത്തിന് ശേഷം കേരളാ- തമിഴ്നാട് അതിര്‍ത്തിയിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി പൊതു ജനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കിയതിന് ശേഷമുള്ള ഒന്നാമത്തെ ദിനം കുമളി ചെക് പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് എത്തിച്ചേരാനായത് കേവലം മുപ്പതില്‍ താഴെ ആളുകള്‍ക്ക് മാത്രം.
സ്ത്രീകളായിരുന്നു എത്തിയവരില്‍ ഭൂരിഭാഗവും. ഇതില്‍ കൈക്കുഞ്ഞുങ്ങളുമായി മൂന്നുപേര്‍ ഉïായിരുന്നു. കുമളി, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, വാഴത്തോപ്പ് എന്നിങ്ങനെ ഇടുക്കി ജില്ലയില്‍ നിന്നുള്ളവരും ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാരുമാണ് ഇന്നലെ എത്തിയത്. രാവിലെ എട്ടുമുതല്‍ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ തുറന്ന് യാത്രക്കാരെ പ്രതീക്ഷിച്ചുവെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഒരു വനിത ആദ്യമായി എത്തിയത്. ജില്ലാകളക്ടര്‍ പാസിന് അനുമതി നല്കുന്ന മുറയ്ക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഇന്നലെ എത്തിയവരില്‍ കൂടുതല്‍ പേരും തമിഴ്നാട്ടില്‍ ജോലി ചെയ്യുന്നവരാണ്.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കായി തമിഴ്നാട് ക്രമീകരിച്ചുട്ടുള്ള ഓണ്‍ലൈന്‍ നടപടികളില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതാണ് മുന്‍കൂട്ടി അപേക്ഷ നല്‍കിയവര്‍ക്ക് യാത്രാ അനുമതി നല്കുന്നതില് തടസ്സമായത്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ തേനി ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ജില്ലകളും റെഡ് സോണിന്റെ ഭാഗമായതോടെ ഇത്തരം പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തത് സ്വധേശത്തേക്ക് എത്തിചേരാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി. കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്നാട്ടിലേക്ക് എത്തുന്നവര്‍ക്ക് ക്വാറന്ൈന് ക്രമീകരണങ്ങള്‍ സജ്ജമാക്കാത്തതും അയല്‍ സംസ്ഥാനത്തിന്റെ മെല്ലേ പോക്കിന് കാരണമായി.
പ്രതിദിനം അഞ്ഞൂറിലധികം ആളുകളെ മുന്നില്‍ കണ്ട് കുമളിയില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് ജില്ലാ ഭരണകൂടം നടത്തിയിരുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടതായി തമിഴ്നാട് അറിയിച്ചതോടെ ഇന്ന് മുതല്‍ കൂടുതല്‍ പേര് എത്തി തുടങ്ങുമെന്ന് അധികൃതര്‍ പറയുന്നു.
ക്വാറന്റൈന് സൗകര്യം തീരെയില്ലാത്തവരെ അതത് ഇടങ്ങളിലെ കൊവിഡ് കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും. വരുന്ന എല്ലാവര്ക്കും കുടിവെള്ളം, ടോയ്ലെറ്റ്, വിശ്രമം, നിസ്കാരം തുടങ്ങിയവയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് അനുമതി ലഭിച്ചു വരുന്ന മുറയ്ക്ക് കടന്നുവരുന്ന എല്ലാവര്ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു.
നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഹരികുമാറിന്റെ നേതൃത്വത്തിലാണ് കുമളിയില്‍ സജജീകരണങ്ങള്‍ നടത്തിവരുന്നത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. സുഷമ, കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്‍ തുടങ്ങിയവരും വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: