തൊടുപുഴ: ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നഗരസഭ കൗണ്‍സിലറടക്കം മൂന്നുപേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ ജില്ലയില്‍ മൂന്ന് ദിവസമായി തുടരുന്ന ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കും വിരാമമായി. രാത്രി വൈകി രോഗികളെ വീടുകളിലേക്ക് മാറ്റി.
തൊടുപുഴ നഗരസഭ കുമ്പംകല്ല് വാര്‍ഡിലെ വനിത കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സ്, ഇടുക്കി മരിയാപുരം സ്വദേശിയായ യുവാവ് എന്നിവരുടെ പരിശോധനാ ഫലമാണ് ഇന്നലെ നെഗറ്റീവായതായി മുഖ്യമന്ത്രി അറിയിച്ചത്.
ആദ്യ പരിശോധനയില്‍ ഇവരുടെ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂവരേയും തിങ്കളാഴ്ച അര്‍ധരാത്രി തന്നെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയിരുന്നു. ഇവരുടെ ബന്ധുക്കള്‍ അടക്കമുള്ളവരോടു ക്വാറന്റൈനില്‍ പോകാനും അധികൃതര്‍ നിര്‍ദേശിച്ചു.
തൊടുപുഴ ജില്ലാ ആശുപത്രിയും നഗരസഭയും താത്ക്കാലികമായി അടച്ചു. നഗരസഭ ചെയര്‍പേഴ്സണും മറ്റു കൗണ്‍സിലര്‍മാരും സെക്രട്ടറി അടക്കമുള്ള ജീവനക്കാരും വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമായി. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 71 പേരും നിരീക്ഷണത്തില്‍ പോയി.
ചൊവ്വാഴ്ച രാവിലെ ജില്ലാ കളക്ടര്‍ മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നടത്തിയ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ഇടുക്കി ജില്ലയിലെ കോവിഡ് ബാധിതരായ മൂന്നുപേരുടെയും വിവരം പരാമര്‍ശിക്കാതെ വന്നതോടെ ആശയക്കുഴപ്പമായി. ഇവരുടെ പരിശോധനാ ഫലത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നായിരുന്നു അന്ന്മുഖ്യമന്ത്രി പറഞ്ഞത്. മൂവരുടേയും പരിശോധനാ ഫലം ബുധനാഴ്ചയും ലഭിക്കാതെ വന്നതോടെ ആശങ്ക ഇരട്ടിയായി. നിരീക്ഷണത്തില്‍ കഴിയുന്നവരും ഇവരുടെ ബന്ധുക്കളും ഇതോടെ ഏറെ വിഷമാവസ്ഥയിലായി.
ഒടുവില്‍ ഇന്നലെ മുഖ്യമന്ത്രി തന്നെ മൂവരുടേയും പരിശോധനാ ഫലം നെഗറ്റീവായ വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. ഇവര്‍ക്ക് കൊറോണ ബാധിച്ചിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ നിന്ന് ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന രോഗികളെ രാത്രി വൈകി വീട്ടിലേക്ക് മാറ്റുമെന്ന് കളക്ടറും വ്യക്തമാക്കി.
നഗരസഭ കൗണ്‍സിലര്‍ക്കും നഴ്സിനും വൈറസ് ബാധ സ്ഥിരീകരിച്ചത് തൊടുപുഴ മേഖലയിലും ഭീതിക്ക് കാരണമായിരുന്നു. നിലവില്‍ 14പേരാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളജിലുമായി ചികില്‍സയിലുള്ളത്. ഇതില്‍ ആറുപേരുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായിട്ടുണ്ട്. ഇവരുടെ അടുത്ത പരിശോധനാ ഫലം കൂടി നെഗറ്റീവായാല്‍ ഇവര്‍ക്കും ആശുപത്രി വിടാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: