തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ തരിശുഭൂമിയിലും കൃഷിയിറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള കൃഷിവകുപ്പിന്റെ ബൃഹദ്പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ആദ്യ വര്‍ഷം മൂവായിരം കോടി രൂപ ചെലവഴിക്കും. തദ്ദേശസ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ പദ്ധതി വിഹിതത്തില്‍ നിന്നാണ് 1500 കോടി രൂപ വിനിയോഗിക്കുക. ബാക്കിയുള്ള തുക നബാര്‍ഡ്, സഹകരണ മേഖല എന്നിവിടങ്ങളില്‍ നിന്നുള്ള വായ്പയായിരിക്കും. പദ്ധതി വിജയിപ്പിക്കുന്നതിനായി യുവജന ക്ളബുകള്‍ രൂപീകരിക്കും.
കാര്‍ഷിക മേഖലയ്‌ക്ക് പുതുജീവന്‍ നല്‍കി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. വിദേശത്ത് നിന്ന് മടങ്ങുന്ന പ്രവാസികളെയും യുവജനങ്ങളെയും കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കും. കൃഷി വകുപ്പ് തയ്യാറാക്കിയ കരടു പദ്ധതി മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചര്‍ച്ച ചെയ്തു. പദ്ധതിക്ക് അന്തിമരൂപം ഉടന്‍ നല്‍കി നടപ്പാക്കാനാണ് തീരുമാനം.
ഇതോടൊപ്പം കന്നുകാലി സമ്പത്ത് വര്‍ധനയ്‌ക്കും മത്സ്യകൃഷി അഭിവൃദ്ധിയ്‌ക്കും മുട്ട, പാല്‍ ഉത്പാദനത്തിനും പ്രാധാന്യം നല്‍കും. ഇതനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ മേയ് 15നകം മാറ്റം വരുത്തണം. ഓരോ പഞ്ചായത്തിലെയും തരിശുഭൂമിയുടെ വിശദാംശം സര്‍ക്കാരിന്റെ പക്കലുണ്ട്. തോട്ടഭൂമിയും പാടങ്ങളുമുള്‍പ്പെടെ 1,09,000 ഹെക്ടര്‍ തരിശുഭൂമിയുണ്ടെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്.
തരിശുഭൂമിയില്‍ ഉടമയ്‌ക്ക് തന്നെ കൃഷി നടത്താം. ഉടമയ്‌ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അവരെക്കൂടി പങ്കാളികളാക്കി സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ എന്നിവയ്‌ക്ക് കൃഷി നടത്താം. കൃഷി വകുപ്പിനൊപ്പം മറ്റു വകുപ്പുകളും പദ്ധതിയില്‍ പങ്കാളികളാവും. കൃഷി നടത്തുന്നവര്‍ക്ക് വായ്പ, സബ്സിഡി പിന്തുണയുമുണ്ടാവും. പലിശരഹിത, കുറഞ്ഞ പലിശ വായ്പകള്‍ സഹകരണ സംഘങ്ങള്‍ നല്‍കും. ഇതോടൊപ്പം പച്ചക്കറി കൃഷിയും വര്‍ധിപ്പിക്കും. ഇതിനായി ശീതീകരണ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. അടുത്ത ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ വിളവ് ലഭിക്കുന്ന വിധത്തില്‍ ഹ്രസ്വകാല ഇടപെടലുണ്ടാവും. ജലസേചനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
തരിശുഭൂമി അല്ലാതെയുള്ള 1,40,000 ഹെക്ടര്‍ സ്ഥലത്ത് ഇടവിള കൃഷിയും നടത്തും. ഗ്രാമങ്ങളിലും പട്ടണങ്ങളിലും കുടുംബശ്രീ, കാര്‍ഷിക സംഘങ്ങള്‍ എന്നിവരുടെ കാര്‍ഷിക ചന്തകള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സംവിധാനവും വിനിയോഗിക്കും. കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിന് ഊന്നല്‍ നല്‍കും. ഇതിനാവശ്യമായ നടപടി വ്യവസായ വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: