കോഴിക്കോട്: കൊറോണ വൈറസ് ബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നതിനു പിന്നാലെ ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ചവരുടെയും വിവരങ്ങള്‍ പുറത്ത്. ഡോക്ടര്‍മാരുടെ സേവനം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ക്വിക് ഡോക്ടറില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഇതു സംബന്ധിച്ച തെളിവുകള്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന് കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് രോഗികളാണ് സംസ്ഥാന സര്‍ക്കാറിന്റെ ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ചത്.
രോഗികളുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും എന്ന് സംസ്ഥാന സര്‍ക്കാരും ക്വിക് ഡോക്ടര്‍ എന്ന സ്റ്റാര്‍ട്ട് അപ് സംരംഭത്തിന്റെ മേധാവിയും അറിയിച്ചിരുന്നു. എന്നാല്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ചോര്‍ന്നുവെന്നാണ് യുവമോര്‍ച്ച ആരോപിക്കുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഈ സംവിധാനം ഉപയോഗിച്ചത്. ഇവരുടെ വിവരങ്ങള്‍ നിലവില്‍ ആര്‍ക്ക് വേണമെങ്കിലും ലഭിക്കും എന്ന സ്ഥിതിയാണ്. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പരിചയമുള്ള എതു സാധാര ണക്കാര്‍ക്കും ഈ വിവരങ്ങള്‍ എടുക്കാം. ടെലി മെഡിസിന് ഉപയോഗപ്പെടുത്തുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ വെബ്സൈറ്റില്‍ പരസ്യമാണ്. ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ മെഡിക്കല്‍ കമ്പനികള്‍ അടക്കം ശേഖരിക്കുന്നുവെന്ന വസ്തുതകള്‍ക്കിടെയാണ് ടെലിമെഡിസിന്‍ സേവനം ഉപയോഗിച്ചവരുടെ വിവരങ്ങളും പുറത്തായത്.
സര്‍ക്കാര്‍, ക്വിക്ക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ എന്ന സ്വകാര്യ സ്റ്റാര്‍ട്ട് അപ്പുമായി ചേര്‍ന്നാണ് ടെലിമെഡിസിന്‍ സംവിധാനം നടപ്പാക്കിയത്. ഈ ഇടപാട് ദുരൂഹമാണ്. യാതൊരു മുന്‍പരിചയവുമില്ലാത്ത കമ്പനിക്ക് കരാര്‍ നല്കിയ സംസ്ഥാന സര്‍ക്കാര്‍ രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രഫുല്‍ കൃഷ്ണന് ആരോപിച്ചു.
ടെലിമെഡിസിന്റെ മറവിലും നടക്കുന്നത് വലിയ രീതിയിലുള്ള ഡാറ്റാ തട്ടിപ്പാണ്. ഡാറ്റ സൂക്ഷിക്കുന്നത് സര്‍ക്കാര്‍ സെര്‍വറിലാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് കമ്പനി ചെയ്തത്. ക്വിക് ഡോക്ടര്‍ സേവനം ഉപയോഗപ്പെടുത്തിയവരുടെ സ്വകാര്യ വിവരങ്ങളാണ് പരസ്യമായിരിക്കുന്നത്. സംഭവെത്തക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും സി.ആര്. പ്രഫുല്‍ കൃഷ്ണന് ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ കെ. അനൂപും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: