ന്യൂദല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ തിരികെ എത്തിക്കുന്നതിനായി വിപുലമായ സംവിധാനങ്ങളൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ഘട്ടം ഘട്ടമായി ഇവരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. മൂന്ന് യുദ്ധക്കപ്പലുകളും അഞ്ഞൂറോളം വിമാനങ്ങളും പ്രത്യേകം സജ്ജീകരണത്തോടു കൂടിയാണ് പ്രവാസികളെ നാട്ടില്‍ എത്തിക്കുക.
പ്രവാസികളില്‍ ദിവസ വേതനക്കാരായവര്‍ക്ക് പ്രാധാന്യം നല്‍കി അവരെ നാട്ടില്‍ എത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അറിയിച്ചരുന്നു. അതിനുശേഷം വിദ്യാര്‍ത്ഥികളേയും മറ്റ് തൊഴിലുകള്‍ക്കായി വിദേശത്ത് പോയവരേയും സന്ദര്‍ശകരേയും നാട്ടില്‍ എത്തിക്കും.
മടങ്ങാന്‍ തയ്യാറായ പ്രവാസികളുടെ കൃത്യമായ പട്ടിക തയ്യാറാക്കി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ആലോചിച്ച ശേഷമാകും അവരുടെ പുനരധിവാസം നടത്തുക. നാവികസേനയുടെയും എയര്‍ ഇന്ത്യയുടെയും സഹായം ഇതിനായി തേടിയിട്ടുണ്ട്. നാട്ടിലെത്തുന്ന ഇവരെ പ്രത്യേകം തയ്യാറാക്കിയ കോറന്റൈന്‍ കേന്ദ്രങ്ങളിലേക്കോ ആവശ്യമെങ്കില്‍ നേരെ ആശുപത്രികളിലേക്കോ എത്തിക്കാനാണ് തീരുമാനം. പ്രവാസകാര്യ മന്ത്രാലയം ഇതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ ഏകദേശം പത്ത് ലക്ഷത്തോളം ഇന്ത്യാക്കരുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരില്‍ തുറമുഖ നഗരങ്ങളില്‍ ധാരാളം ആളുകള്‍ താമസിക്കുന്നുണ്ട്. ഇവരെ തുറമുഖങ്ങളില്‍ നിന്ന് നേരിട്ട് തിരികെയെത്തിക്കാനാണ് നാവികസേനയുടെ സഹായം തേടിയിരിക്കുന്നത്. മൂന്ന് ലക്ഷത്തില്‍ അധികം മലയാളികളാണ് നാട്ടിലേക്ക് എത്തുന്നതിനായി സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: