ന്യൂദല്‍ഹി: കേരള സര്‍ക്കാരിന്റെ പ്രവാസി സ്‌നേഹം പത്രസമ്മേളനങ്ങളിലെ വാചകമടി മാത്രം. പ്രവാസികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കുമ്പോള്‍ 2016 ഡിസംബര്‍ 23ന് പിണറായി നടത്തിയ പ്രഖ്യാപനം വീണ്ടും ചര്‍ച്ചയാവുകയാണ്.
അന്ന് ദുബായ്‌യില്‍ പറഞ്ഞത്
- തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ബദല്‍ തൊഴില്‍ കിട്ടുന്നത് വരെ താല്‍ക്കാലിക സഹായമെന്ന നിലയില്‍ ആറ് മാസത്തെ ശമ്പളം തൊഴില്‍ നഷ്ട സുരക്ഷയായി നല്‍കും
- പ്രായമായവര്‍ക്കും ശാരിരീക അവശതയുള്ളവര്‍ക്കും പ്രത്യേക പെന്‍ഷന്‍
- പ്രവാസികള്‍ക്കായി ജോബ് പോര്‍ട്ടല്‍. ഇവിടെ നല്ല രീതിയില്‍ ജീവിക്കുന്നവര്‍ക്ക് തിരിച്ചുപോകുമ്പോള്‍ വിഷമം ഉണ്ടാകരുത്. ഇത്തരത്തിലുള്ളവരെ മികച്ച നിലയില്‍ പുനരധിവസിപ്പിക്കാനുള്ള നടപടികളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
- ഗള്‍ഫ് നാടുകളില്‍ കേരള പബ്ലിക് സ്‌കൂളുകള്‍ സ്ഥാപിക്കും. തൊഴില്‍ നഷ്ടപ്പെട്ടുവെന്നവരുടെ കുട്ടികളുടെ പഠനം മുടങ്ങരുത് എന്ന ലക്ഷ്യം.
- വാടക കുറഞ്ഞ റസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പ്
- സ്ത്രീ തൊഴിലാളികള്‍ക്ക് ഹോസ്റ്റല്‍
- പ്രവാസി മലയാളികള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ. ഇതിനായി ജനകീയ ക്ലിനിക്കുകള്‍
നാലുവര്‍ഷം പിന്നിടുമ്പോഴും ഇതിലൊന്നു പോലും നടപ്പായിട്ടില്ല. മുഖ്യമന്ത്രി ഗള്‍ഫില്‍ നിന്ന് മടങ്ങിയപ്പോള്‍ തന്നെ പദ്ധതികളും പെട്ടിക്കുള്ളിലായി. കൊറോണക്കാലത്ത് പ്രവാസികള്‍ വന്‍ തോതില്‍ തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ മുന്‍പ് പ്രഖ്യാപിച്ച പെന്‍ഷനും തൊഴിലും ആറ് മാസത്തെ ശമ്പളവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമോ? പിണറായി മിണ്ടുന്നേയില്ല. പകരം എല്ലാം കേന്ദ്രമാണ് നോക്കേണ്ടതെന്നാണ് ഇപ്പോഴത്തെ നിലപാട്.
ഇപ്പോള്‍ കേന്ദ്രത്തോട് ചോദിക്കുന്നത്
- മടങ്ങി വരുന്ന പ്രവാസികളുടെ യാത്രാക്കൂലി വഹിക്കണം
- പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം.
- തൊഴില്‍ നല്‍കണം
വിഷയത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പ് മാത്രമായിരുന്നു സിപിഎം ലക്ഷ്യമിട്ടതെന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്പ്രിങ്ക്‌ളര്‍ ഉള്‍പ്പെടെയുള്ള കൊറോണക്കാലത്തെ അഴിമതികള്‍ മറക്കാന്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രചാരണമായിരുന്നു ഉദ്ദേശ്യം. പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ച് പങ്കൊന്നുമില്ല. നയതന്ത്രതലത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ഇത് ചെയ്യേണ്ടത്. ഏതാനും
ദിവസം മുന്‍പ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെ തയാറായിക്കഴിഞ്ഞു.
പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് ഈ മാസം 21ന് നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരെയും സ്വീകരിക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ക്വാറന്റൈന്‍ ചെയ്യുന്നതിനായി ലക്ഷക്കണക്കിന് മുറികള്‍ കണ്ടെത്തിയെന്നും ആവര്‍ത്തിച്ചിരുന്നു. വരുന്നവര്‍ വീടുകളില്‍ കഴിയണമെന്നാണ് ഇപ്പോള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: