കൊച്ചി: സ്വകാര്യ മാര്‍ക്കറ്റിങ് ആപ്പായ എഎം നീഡ്‌സ് വിതരണം ചെയ്യുന്ന സാധങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. പച്ചക്കറികള്‍ക്കാണ് ഹോര്‍ട്ടികോര്‍പ്പിന്റെ സൈറ്റിലുള്ളതിനേക്കാള്‍ വില ഈടാക്കുന്നത്.
ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികള്‍, മില്‍മ ഉത്പന്നങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആപ്പാണ് എഎം നീഡ്‌സ്. വേണ്ട സാധനങ്ങള്‍ തലേ ദിവസം ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈനായി പണമടച്ചാല്‍ സാധനങ്ങള്‍ വീടുകളിലെത്തിക്കും. ആദ്യം തിരുവനന്തപുരത്ത് തുടങ്ങിയ പദ്ധതി വിജയമായതോടെ കൊച്ചിയിലേക്കും വ്യാപിപ്പിക്കുകയിരുന്നു. ഇപ്പോള്‍ പാലുത്പന്നങ്ങള്‍ക്ക് ഏഴ് രൂപയും അല്ലാത്തവയ്‌ക്ക് 15 രൂപയും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്.
ലോക്ഡൗണായതോടെ നിരവധി ആളുകളാണ് എഎം നീഡ്‌സ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ പച്ചക്കറികള്‍ ഓര്‍ഡര്‍ ചെയ്യുന്നവരെ കൊള്ളയടിക്കുകയാണ് എഎം നീഡ്‌സ്. ഹോര്‍ട്ടികോര്‍പ്പില്‍ ഒരു കിലോ ചെറിയ ഉള്ളിക്ക് 67 രൂപയായിരുന്നു ഇന്നലെത്തെ വില. എന്നാല്‍, അരക്കിലോ ചെറിയ ഉള്ളി ഓര്‍ഡര്‍ ചെയ്ത വീട്ടമ്മയില്‍ നിന്ന് 50 രൂപ ഈടാക്കി. കാല്‍കിലോ ഇഞ്ചിക്ക് 30 രൂപയാണ് ഈടാക്കിയത്. സാധനം വീട്ടിലെത്തി കഴിഞ്ഞ് വിലയില്‍ സംശയം തോന്നി വിളിക്കുന്നവരോട് ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ഹോര്‍ട്ടികോര്‍പ്പ് അധികൃതരുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: