ഇടുക്കി: കൊറോണ വൈറസ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ തരമില്ലെന്നും മന്ത്രി എംഎം മണി അവലോകന യോഗത്തില്‍ പറഞ്ഞു. ഒരു വകുപ്പിനും യാതൊരു വിട്ടു വീഴ്ച്ചയും വേണ്ടെന്ന് മന്ത്രി പറഞ്ഞു.
ജില്ലയില്‍ ടെസ്റ്റിനുള്ള സംവിധാനമില്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ കോട്ടയം തലപ്പാടിയിലാണ് പരിശോധന നടത്തുന്നത്. പരിശോധനകളുടെ എണ്ണം കൂടുന്നതിനാല്‍ എറണാകുളത്തും ആലപ്പുഴയിലേക്കും പരിശോധനക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ താല്കാലികമായി പിസിആര്‍(വൈറസ് പരിശോധനയ്ക്കുള്ള) മെഷീന് സജ്ജീകരിക്കാനുള്ള സംവിധാനമില്ല. പുതിയത് വാങ്ങിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയെന്നും എന്നാലിതിന്റെ ക്രമീകരണത്തിന് കുറഞ്ഞത് ഒരു മാസം എടുക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ 200 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം നിലവിലുണ്ട്. കൂടുതല്‍ രോഗികള്‍ വന്നാലും ചികിത്സയ്ക്കുള്ള സജ്ജീകരണങ്ങള്‍ തയ്യാറാണ്. മൂന്നാറില്‍ ഡോക്ടേഴ്സിന്റെ ഒഴിവ് നികത്തും.
റെഡ് സോണില്‍പ്പെട്ടതോടെ ഇടുക്കിയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങുവാന്‍ പാടില്ല. ജനങ്ങള്‍ നിര്‍ബന്ധമായും മുഖാവരണം ധരിച്ചിരിക്കണം, ധരിക്കാത്തവര്‍ക്കെതിരെ കേസെടുക്കും.
ജില്ലയിലെ അതിര്‍ത്തിയില്‍ പരിശോധനകള്‍ കര്ശമമാക്കിയതായി ജില്ലാ പോലീസ് മേധാവി പികെ മധു അറിയിച്ചു. അതിര്‍ത്തിയിലെ പ്രധാന 4 റോഡുകളിലും 25 ഇടവഴികളിലും പരിശോധനയുണ്ട്. ഒപ്പം 78 സ്ഥലത്ത് പിക്കറ്റ്് പോസ്റ്റ്, 78 മൊബൈല്‍ പട്രോള്‍, 58 ബൈക്ക് പട്രോള്‍ എന്നിവ ഏര്‍പ്പെടുത്തി. ജില്ലയിലേക്ക് ഒരു എസ്പിയും 8 ഡിവൈഎസ്പിമാരെയും കൂടി നിയോഗിച്ചിട്ടുണ്ട്. രണ്ട് എസ്പി, ഒന്‍പത് ഡിവൈഎസ്പി, 31 ഇന്‍സ്പെക്ടര്‍മാര്‍, 406 എസ്്ഐ/എഎസ്ഐ, 1111 സിവില്‍ പോലീസ് ഓഫീസര്‍മാരുള്‍പ്പെടെ 1559 പേരാണ് ജില്ലയില്‍ പ്രതിരോധ നിയന്ത്രണത്തിനുള്ളത്. ഇതിനൊപ്പം മുതിര്‍ന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന് കൂടി ഇന്ന് മുതല്‍ ഇടുക്കിയിലെത്തും
ജില്ലയെ കൊവിഡ് പ്രതിരോധത്തിന് തൊടുപുഴ, മൂന്നാര്‍, കട്ടപ്പന, എന്നിവ കൂടാതെ അടിമാലി, വണ്ടിപ്പെരിയാര്‍, നെടുങ്കണ്ടം എന്നിങ്ങനെ മൂന്ന് സബ് ഡിവിഷനുകള്‍കൂടി രൂപീകരിച്ചാണ്് ഡിവൈഎസ്പിമാരെ വിന്ന്യസിച്ചിരിക്കുന്നതെന്ന് എസ്പി പി.കെ. മധു അറിയിച്ചു.
യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ റോഷി അഗസ്റ്റിന്, എസ്. രാജേന്ദ്രന്, പിജെ ജോസഫ്, ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്, എഡിഎം ആന്റണി സ്കറിയ, ജില്ലാ പോലീസ് മേധാവി പികെ മധു, ഡിഎംഒ ഡോ. എന്‍ പ്രിയ, ഡിപിഎം സുജിത് സൂകുമാന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
3 പേര്‍ക്ക് കൂടി കൊറോണ
ഇടുക്കി: ജില്ലയില്‍ 3 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചത് തൊടുപുഴ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്, ബംഗ്ലൂരുവില്‍ നിന്ന് വന്ന ഇടുക്കി-നാരകക്കാനം സ്വദേശി എന്നിവര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇവരുടെ ഫലം ലഭിച്ചത്. 3 പേരെയും ഇന്നലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ ഇപ്പോള്‍ 17 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുï്. ആകെ രോഗം ബാധിച്ചവര്‍ 27 പേരാണ്. ഇവരില്‍ 10 പേര് ആശുപത്രി വിട്ടിരുന്നു.
തിങ്കളാഴ്ച വരെ ആശുപത്രിയിലെത്തി
തൊടുപുഴ: ജില്ലാ ആശുപത്രിയില്‍ കൊറോണ സ്ഥിരീകരിച്ച നഴ്സ് തിങ്കളാഴ്ചയും ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. പൈങ്ങോട്ടൂര്‍ സ്വദേശിയായ ഇവര്‍ അത്യാഹിത വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയായി ഇവിടെ എത്തിയ രോഗികളെ കണ്ടെത്താനുള്ള ശ്രമവും ആരോഗ്യവകുപ്പ് ആരംഭിച്ച് കഴിഞ്ഞു. വിവിധ ദിവസങ്ങളില്‍ ഈ നഴ്സിനൊപ്പം ജോലി നോക്കിയ 5 ഡോക്ടര്‍മാരും 25ലധികം നഴ്സുമാരും നിരീക്ഷണത്തിലായി.
കണ്ട്രോള് റൂമുകള്‍ തുറന്നു
ഇടുക്കിയെ റെഡ് സോണാക്കി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ താലൂക്ക് ഓഫീസുകളില്‍ കണ്ട്രോള് റൂം തുറന്നു. ജില്ലാ അടിയന്തര കാര്യനിര്‍വ്വഹണ കേന്ദ്രം (ഡിഇഒസി)- 04862 233111, 233130, 9383463036, തൊടുപുഴ താലൂക്ക്- 04862 222503, 9447029503, ദേവികുളം താലൂക്ക്- 04865 264231, 0497 203044, ഉടുമ്പന്‍ചോല താലൂക്ക്- 04868 232050, 9497501723, പീരുമേട് താലൂക്ക്- 04869 232077, 9544689114, ഇടുക്കി താലൂക്ക്- 04862 235361, 9447309697 എന്നിങ്ങനെയാണ് കണ്ട്രോള് റൂം നമ്പറുകള്‍.
ബാങ്ക് അവധി; സ്ഥിതി ഗുരുതരം
മൂലമറ്റം: ജില്ലയില്‍ റെഡ് സോണ്‍ പ്രഖ്യാപിച്ചതോടെബാങ്കിന് ഇന്നും അവധി നല്കാന് തീരുമാനം. സാധാരണ റെഡ് സോണില്‍ അനുവദിക്കാറുള്ള അവശ്യ സര്‍വീസായ ബാങ്കുകള്‍ക്കു പോലും ജില്ലയില്‍ താഴിടുമ്പോള്‍ സ്ഥിതി ഗുരുതരമാണെന്ന് പറയാതെ പറയുകയാണ് അധികൃതര്‍. എന്നാല്‍ ജില്ലാ ഭരണകൂടം എടുക്കുന്ന നടപടികള്‍ക്ക് മുഖ്യമന്ത്രി പിന്തുണ നല്‍കാത്ത സാഹചര്യമാണ് ഉള്ളത്. കളക്ടര്‍ സ്ഥീരികരിച്ച കൊവിഡ് രോഗികളെ വീണ്ടും പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആശയ കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ബാങ്കുകള്‍ വരെ അടച്ചിട്ട് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുമ്പോഴും ജില്ലയില്‍ എല്ലാ മേഖലയിലും ആശയക്കുഴപ്പം തുടരുകയാണ്.
ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു
ഇടുക്കി: കരുണാപുരം, ഇടവെട്ടി, മൂന്നാര്‍ പഞ്ചായത്തുകളില്‍ രോഗം സ്ഥിരീകരിച്ചതോടെ ഇവയെ ഹോട്ട്സ്പോട്ടായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജില്ലയില്‍ ഇതോടെ 11 പഞ്ചായത്തുകള്‍ ഹോട്ട്സ്പോട്ടായി. തൊടുപുഴ, കട്ടപ്പന നഗരസഭകളിലും ഇരട്ടയാര്‍, ചക്കുപള്ളം പഞ്ചായത്തിലും വാര്‍ഡുകള്‍ ഹോട്ട്സ്പോട്ടായുണ്ട്.
മൂന്ന് വകുപ്പിന് ഇളവ്
ഇടുക്കി: ജില്ലയിലെ കെഎസ്ഇബി ഓഫീസുകള്‍ക്ക് ആവശ്യമായ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചും മൃഗസംരക്ഷണം, വാട്ടര്‍ അതോറിറ്റി എന്നിവയ്ക്ക് പരമാവധി 33 ശതമാനം ജീവനക്കാരെ നിയോഗിച്ചും പ്രവര്‍ത്തിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: