മുംബൈ: തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും, ചാനലില്‍ നിലവില്‍ ഉണ്ടായിരുന്ന ഷോ ഇനിയും തുടരുമെന്നും റിപ്പബ്ലിക് ടിവി ഉടമയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ അര്‍ണാബ് ഗോസ്വാമി. പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മൗനത്തില്‍ അര്‍ണാബ് അഭിപ്രായ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് എന്‍.എം ജോഷി മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രസ്താവനയെ തുടര്‍ന്ന് അര്‍ണബ് ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ വിളിപ്പിച്ചത്. 12 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.
അതേസമയം താന്‍ പഞ്ഞത് 100 ശതമാനം ശരിയാണെന്നും ഇതില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും അര്‍ണാബ് അറിയിച്ചു. തന്റെ പരാമര്‍ശങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. നല്കിയ ഉത്തരങ്ങളില്‍ പോലീസുകാരും തൃപ്തരാണ്. ഇതിനപ്പുറം സംഭവിച്ചാലും എന്റെ ചോദ്യങ്ങള്‍ ചോദിക്കുക തന്നെ ചെയ്യും, ഷോ തുടരും. സത്യത്തിന് മാത്രമാണ് അവസാന വിജയമെന്ന് താന്‍ അടിയുറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ വെറുമൊരു അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ അര്‍ണാബിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതിന് പകരം അദ്ദേഹത്തിനെതിരെ കരുക്കള്‍ നീക്കുകയാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: