തിരുവനന്തപുരം: വിദേശത്ത് നിന്ന് വന്നവരില്‍ മുപ്പതു ദിവസം കഴിഞ്ഞിട്ടും രോഗം കാണുന്നതും കൊല്ലം ചാത്തന്നൂരില്‍ ആശാവര്‍ക്കര്‍ക്ക് രോഗം ബാധിച്ചതും അടക്കമുള്ള സംഭവങ്ങള്‍ കൊറോണ സമൂഹവ്യാപനത്തില്‍ എത്തിയെന്ന ആശങ്ക ഉയര്‍ത്തുന്നു. സംസ്ഥാനത്ത് കൊറോണ ബാധിക്കുന്നവര്‍ക്ക് എവിടെ നിന്ന് വൈറസ് പകര്‍ന്നെന്ന് കണ്ടെത്താനാകാത്ത സ്ഥിതിയാണ്.
24ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ആഭ്യന്തര വിമാന സര്വ്വീസുകള്പോലും ഉണ്ടായിട്ടില്ല. എന്നിട്ടും 33 ദിവസം പിന്നിടുമ്പോഴും വിദേശത്ത് നിന്ന് എത്തിയവര്‍ക്ക് രോഗം പകരുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വര്ക്കലയിലുള്ളയാള് നിരീക്ഷണത്തില്‍ കഴിയുന്ന സമയം സൂപ്പര്‍മാര്‍ക്കറ്റ്, ആശുപത്രികള്‍ തുടങ്ങി നിരവധി ഇടങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇയാള്‍ക്ക് അത്തരം സ്ഥലങ്ങളില്‍ നിന്നും രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിഭാഗം സമ്മതിക്കുന്നു. ഇതാണ് സമൂഹവ്യാപനത്തിലേക്ക് സംശയം ഉയര്‍ത്തുന്നത്. വീടുകള്‍ തോറും എത്തി രോഗികളുടെ വിവരം ശേഖരിക്കുന്ന ചാത്തന്നൂരിലെ ആശാവര്‍ക്കര്‍ക്ക് രോഗം പിടിപെട്ടതും സ്ഥിതി ഗുരുതരമാണെന്ന സൂചനയാണ് നല്‍കുന്നത്.
വൈറസ് ബാധയേറ്റുമരിച്ച മാഹി സ്വദേശിക്കും നാലുമാസം പ്രായമുള്ള കുഞ്ഞിനും എങ്ങനെ രോഗം ബാധിച്ചു എന്ന് നിഗമനത്തിലെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. പോത്തന്‍കോട്ട് മരിച്ച പോലീസുകാരന്റെ കാര്യവും ഇങ്ങനെതന്നെ. ഇന്നലെ രോഗം ബാധിച്ച ഒരാള്‍ക്ക് ഉള്‍പ്പെടെ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ച 11 പേര്‍ക്ക് രോഗം ബാധിച്ചതും എവിടെ നിന്നെന്ന് ഇപ്പോഴും അജ്ഞാതമാണ്.
ഇടുക്കി വണ്ടന്മേട്ടിലെയും പാലക്കാട് വിളയുരിലേയും വിദ്യാര്‍ഥികള്‍, കോഴിക്കോട്ടെ അഗതി, എന്നിവര്‍ക്ക് വൈറസ് ബാധിച്ചതെങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. കുറച്ചാളുകളില്‍ മാത്രം നടത്തിയ റാന്‍ഡം പരിശോധനയില്‍ കൊല്ലത്തും കോട്ടയത്തും ഓരോരുത്തര്‍ക്ക് കൊറോണ നിര്ണയിച്ചതുംഗൗരവകരമാണ്. സമൂഹവ്യാപനത്തിലേക്ക് കടക്കില്ലെന്ന് പറയാന്‍ കഴില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും സമൂഹവ്യാപന സാധ്യത സൂചിപ്പിക്കുന്നു
സര്‍ക്കാര്‍ നല്കുന്ന കണക്കുകളിലും അവ്യക്തതയുണ്ട്. ദിനം പ്രതി പരിശോധനയ്ക്ക് അയക്കുന്ന സാമ്പിളുകളുടെ എണ്ണം മാത്രമാണ് വെളിപ്പെടുത്തുന്നത്. ഒരാളുടെ സ്രവങ്ങള്‍ നിരവധി തവണ പരിശോധിക്കുന്നുണ്ട്. എന്നാല്‍ എത്ര വ്യക്തികളെ പരിശോധിച്ചു എന്ന വിവരം സര്‍ക്കാര്‍ മറച്ച് വയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: