ബദിയടുക്ക: എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിരുള്‍പ്പെടെ മലയോര ജനതയുടെ ആശ്രയമായ കുമ്പഡാജെ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തോടാണ് ആരോഗ്യ വകുപ്പിന്റെ അവഗണന. ഡോക്ടര്‍ക്ക് നിയമന ഉത്തരവിന് പിന്നാലെ സ്ഥലം മാറ്റവും. കോവിഡ് 19 ലോക്ക് ഡൗണ്‍ കാലത്തും കേരളത്തിലെ ആരോഗ്യ വകുപ്പ് ജില്ലയുടെ അതിര്‍ത്തി പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തോട് കാട്ടുന്ന അവഗണന പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്.
മാസങ്ങള്‍ക്ക് മുമ്പാണ് കുമ്പഡാജെ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബ ആരോഗ്യ കേന്ദ്രമായി അപ്‌ഗ്രേഡ് ചെയ്തത്. ഇത്തരം സെന്ററുകളില്‍ നാല് ഡോക്ടര്‍മാര്‍, നാല് സ്റ്റാഫ് നഴ്‌സ്, ലാബ് സൗകര്യം എല്ലാം വേണമെന്നാണ് ചട്ടം. എന്നാല്‍ നിലവില്‍ ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്‌സുമാരുമാണിവിടെയുള്ളത്. നഴ്‌സുമാര്‍ക്ക് ചിലപ്പോള്‍ മറ്റു ആശുപത്രികളിലെ അധിക ചുമതലയും നല്‍കും. മാത്രവുമല്ല ലാബ് ടെക്‌നീഷ്യനെ നിയമിച്ചിരുന്നുവെങ്കിലും ലാബ് സൗകര്യമില്ലെന്ന കാരണം പറഞ്ഞ് ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ഒഴിവുള്ള തസ്തികകളിലേക്ക് ഡോക്ടര്‍മാരേയും സ്റ്റാഫ് നഴ്‌സുമാരേയും നിയമിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി പല തവണ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു.
ഇതുപ്രകാരം ഡോക്ടറുടെ ഒഴിവിലേക്ക് ഡി.എം.ഒ. ഇറക്കിയ ഉത്തരവ് വളരെ വിചിത്രമാണ്. ഉത്തരവ് നമ്പര്‍ എ1 4124/2020 ജി.മെ.ഒ (ആ) കാസര്‍കോട് തിയതി 25/4/2020 നമ്പര്‍ പ്രകാരം ദിവസ വേതന അടിസ്ഥാനത്തില്‍ ഒരു ഡോക്ടറെ കുമ്പഡാജെ ആരോഗ്യ കേന്ദ്രത്തില്‍ നിയമിച്ചെന്നും ചുമതലയേറ്റെടുത്ത അന്നേ ദിവസം തന്നെ വിടുതല്‍ നല്‍കി എണ്ണപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വര്‍ക്ക് ക്രമീകരണത്തിന്റെ ഭാഗമായി അയക്കണമെന്നുമാണ് നിലവില്‍ ലഭിച്ച ഉത്തരവില്‍ പറയുന്നത്.
എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയായ കുമ്പഡാജെയില്‍ ഡോക്ടറുടെ ഒഴിവ് നികത്താത്തത് കൊണ്ട് ഈ ലോക്ക് ഡൗണ്‍ സമയത്ത് നിലവിലെ ഡോക്ടര്‍ വൈകിട്ട് വരെ തനിച്ച് ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളത്. പഞ്ചായത്തിന്റെ സാമ്പത്തിക ഞെരുക്കം മൂലം പഞ്ചായത്ത് ഭരണ സമിതിക്ക് സ്വന്തമായി ഡോക്ടറെ നിയമിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ അടക്കമുള്ളവര്‍ക്ക് ചികിത്സയ്‌ക്കായി പഞ്ചായത്തിന് പുറത്ത് പോകാന്‍ സാധിക്കുന്നില്ല. ഈ അവസരത്തിലാണ് വിചിത്രമായ ഉത്തരവ് വന്നിരിക്കുന്നത്. കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ കീഴില്‍ നടപ്പാക്കേണ്ട എല്ലാ ആനുകൂല്യങ്ങളും അനുവദിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാവണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: