ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ഹിന്ദു സംന്യാസിമാര്‍ക്ക് രാജ്യം നാളെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.
രാജ്യത്താകെ ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അറിയിച്ചു. രണ്ട് സംന്യാസിമാരുടെ കൊലപാതകമാണ് കൊറോണ കാലത്ത് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. കൂട്ടംകൂടി തല്ലിക്കൊല്ലുകയായിരുന്നു. മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന, ധര്‍മപ്രചാരണം നടത്തുന്നവരാണ് മരിച്ച സംന്യാസിമാര്‍. ആ ദു:ഖം നമ്മുടെയെല്ലാം മനസ്സിലുണ്ട്, സര്‍സംഘചാലക് പറഞ്ഞു.
രാജ്യവ്യാപകമായി വിഎച്ച്പിയും ശ്രദ്ധാഞ്ജലി ദിനം ആചരിക്കും. വീടുകളിലും ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും സത്സംഗങ്ങള്‍ നടത്തിയും ദീപം തെളിയിച്ചും ആദരാഞ്ജലി അര്‍പ്പിക്കും. മഹാരാഷ്ട്ര സര്‍ക്കാരിന് സദ്ബുദ്ധി വരുത്തുന്നതിനായി നിരാഹാര വ്രതം അനുഷ്ഠിക്കും. വിഎച്ച്പി നേതാക്കള്‍ രാഷ്ട്രപതിക്ക് നല്‍കുന്നതിനായി ഗവര്‍ണര്‍മാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, ജില്ലാ മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കും. ഉന്നതതല അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇന്ത്യ ധര്മഭൂമിയാണെന്നും സംന്യാസിമാരുടെ കൊലയില്‍ രാജ്യത്തിന് മുറിവേറ്റിരിക്കുകയാണെന്നും സെക്രട്ടറി ജനറല്‍ മിലിന്ദ് പരാന്ദെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: