മനസ്സിനാനന്ദമേകുന്ന യാത്രകളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. ആഴമുള്ളതാവണം യാത്രകള്‍. യാത്രകളില്‍ വിടരുന്ന ചിരികളില്‍ ചിലതു നമ്മള് പണം കൊടുത്തു വാങ്ങുന്നവയാണ്. വയനാട്ടിലെ ഈ സില്‍വര്‍ വുഡ്സ് റിസോര്‍ട്ടിന്റെ ഭംഗിയെക്കുറിച്ചൊന്നും പറയുന്നില്ല. തേയില തോട്ടവും കരിമീനും, ആതിഥ്യത്തിന്റെ നിറഞ്ഞ ചിരിയുമായി ഞങ്ങളെ വരവേല്‍ക്കാന്‍ നില്ക്കുന്നു സില്‍വര്‍ വുഡ്സ് റിസോര്‍ട്ടിലെ തോമസ് ചേട്ടനുംകൂട്ടാളികളും! നഗരജീവിതത്തിന്റെ ഭ്രാന്തമായ ഓട്ടത്തിനിടെ മനസ്സിനാനന്ദവും കണ്ണിനു കുളിര്‍മയും പകര്‍ന്നുതന്ന സ്ഥലമാണ് വയനാട്ടിലെ സില്‍വര്‍ വുഡ്സ് റിസോര്‍ട്ട്.
തികച്ചും അതിശയകരമായ ലൊക്കേഷന്‍, പ്രകൃതിദൃശ്യങ്ങളും കാഴ്ചകളും. ഒന്ന് കണ്ടനുഭവിച്ചറിയേണ്ടതു തന്നെ! ഞങ്ങള്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ മുപ്പത്തിരണ്ട് സീറ്റുള്ള ബസില്‍ കോഴിക്കോട്ടു നിന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ വയനാട്ടിലേക്ക് യാത്ര തിരിച്ചു.
പ്രകൃതിദത്തമായ വാസ്തുവിദ്യ കൊണ്ട് സമ്പന്നമായ കേരളത്തിലെ മനോഹരമായ പച്ചപ്പ് നിറഞ്ഞ പട്ടണം വയനാടിന്റെ അതിശയകരമായ സവിശേഷതയാണ്. എല്ലായിടത്തുനിന്നുമുള്ള യാത്രക്കാര്‍ സമാധാനത്തിനും ശാന്തതയ്ക്കും വേണ്ടി ഇവിടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു.
കോഴിക്കോട്ടു നിന്ന് ഏകദേശം രണ്ടര മണിക്കൂര്‍ യാത്ര ചെയ്താണ് വയനാട്ടിലെ ഈ പ്രകൃതിരമണീയമായ റിസോര്‍ട്ടില്‍ എത്തിച്ചേര്‍ന്നത്. റിസോര്‍ട്ടിന്റെ പൂമുഖത്തുതന്നെ ഞങ്ങളെ സ്വീകരിക്കാന്‍ അവിടത്തെ തോട്ടത്തിലുണ്ടായ ഫ്രഷ് പാഷന് ഫ്രൂട്ട് ജ്യൂസും പച്ചമുളക് ബജ്ജിയുമായി നില്ക്കുന്നുണ്ടായിരുന്നു മെയിന്‍ ഷെഫ് ആയ വിജയന് ചേട്ടന്.
എല്ലാവര്ക്കും നല്ല യാത്രാക്ഷീണം ഉണ്ടായതുകൊണ്ട് ഓരോരുത്തര്‍ക്കും മാറ്റിവെച്ച കൊച്ചു കൊച്ചു മുറികളില്‍ പോയി കുറച്ചുനേരം മയങ്ങി. ഓരോ മുറിക്കും അതിന്റേതായ സവിശേഷതകളുണ്ട്. ഒന്നിനെ മറ്റൊന്നായി താരതമ്യപ്പെടുത്താനോ നിരയില്‍ നിര്‍ത്താനോ പ്രയാസമായിരുന്നു. അത്രയേറെ സവിശേഷതകളാണ് ഒരോ മുറിക്കും.
റിസോര്‍ട്ടിന്റെ മധ്യഭാഗത്തായി ഒരു നല്ല സ്വിമ്മിങ് പൂള് തന്നെ പണിചെയ്തിരിക്കുന്നു. വൈകുന്നേരം എല്ലാവരും കുറച്ചുനേരം പൂളില്‍ കുളിക്കാനായി ഇറങ്ങി. സായാഹ്നങ്ങളില്‍ ചെറിയ മഴ അതിജീവനമന്ത്രമായി കാടിനു ചേലു ചാര്‍ത്തുന്ന സാന്ത്വന സ്പര്‍ശമായി പ്രകൃതിയുടെ കരസ്പര്‍ശമായി പെയ്തു നില്ക്കും. റിസോര്‍ട്ടിന്റെ വടക്കു വശത്തായി നൂറു പേര്‍ക്ക് ഇരിക്കാന്‍ പറ്റിയ നല്ലൊരു ഓഡിറ്റോറിയം ഉണ്ട്. നീന്തല്‍ കുളത്തിലെ ഉല്ലാസം കഴിഞ്ഞ് എല്ലാവരും ഉടുത്തൊരുങ്ങി ആഡിറ്റോറിയത്തിലേക്ക് പോയി. അവിടെ പാട്ടും കൂത്തും ബഹളവുമായി ഏകദേശം രാത്രി ഒരു മണിക്കാണ് ഞങ്ങള്‍ തിരിച്ചു മുറികളിലേക്ക് പോയത്. അന്നത്തെ ഡിന്നര്‍ സ്പെഷ്യല്‍ കൊഞ്ചു മപ്പാസും ചെമ്മീന്‍ ബോണ്ടയും. അടുത്തെങ്ങും ഇത്തരമൊരു സ്വാദിഷ്ടവിഭവം ഞങ്ങളാരും കഴിച്ചിട്ടില്ല. അത്രയ്ക്ക് രുചിയുള്ളതായിരുന്നു ഓരോ വിഭവവും.
ഡിന്നര്‍ കഴിഞ്ഞ് അടുക്കളയുടെ അകത്തേക്ക് തോമസ് ചേട്ടന് ഞങ്ങളെ കൂട്ടികൊണ്ടുപോയി. വലിയ വിസ്താരമുള്ള കിച്ചന്! മത്സ്യമാംസങ്ങള്‍ കേടാകാതെ സൂക്ഷിക്കാനായി വലിയൊരു ഫ്രീസര്‍ മുറി വേറെ പണി കഴിപ്പിച്ചിട്ടുണ്ട്. എന്തായാലും ഈ പ്രകൃതിദത്തമായ റിസോര്‍ട്ടും അവിടുത്തെ രുചിയേറിയ ഭക്ഷണവും, ചുറ്റുമുള്ള പ്രകൃതി രമണീയമായ തേയില തോട്ടവും അനുഭവിച്ചറിയേണ്ട വള്ളിക്കാഴ്ചകള്‍ തന്നെ! പച്ചപ്പുതപ്പിട്ട വയലേലകള്‍, തെങ്ങിന് തോപ്പുകള്‍, വാഴത്തോപ്പുകള്‍, കൃഷിയിടങ്ങള്‍ ഇതെല്ലാം റിസോര്‍ട്ടിന്റെ ഭംഗിയും കൗതുകവും കൂട്ടുന്നു.
രാത്രിയിലെ ആട്ടവും പാട്ടും കൂത്തുംകൊണ്ട് ഞങ്ങള്‍ നേരം പുലര്‍ന്നതറിഞ്ഞില്ല. പിറ്റേദിവസം ഞങ്ങളെല്ലാവരും ഏകദേശം ഒമ്പതു മണിയോടെ ബ്രേക്ഫാസ്റ്റ് കഴിക്കാനായി അവിടത്തെ റെസ്റ്ററന്റില്‍ പോയി. അവിടെ ഇരിക്കുമ്പോഴുള്ള പ്രകൃതിഭംഗി പറഞ്ഞറിയിക്കേണ്ടതുതന്നെ. വിഭവസമൃദ്ധമായ പ്രാതലും കഴിച്ച് ഞങ്ങളവിടത്തെ ടീ മ്യൂസിയത്തിലേക്ക് നടന്നു. വലിയ തേയിലത്തോട്ടങ്ങള്‍, ചായ നിര്‍മ്മാണ പ്രക്രിയ, അതിന്റെ അവസാന ഉത്പാദനം എന്നിവ വയനാട്ടിലെ ഏറ്റവും പഴയ തേയില ഫാക്ടറിയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
ടീ മ്യൂസിയത്തില്‍ ഞങ്ങള്‍ വൈവിധ്യമാര്‍ന്ന ചായ ആസ്വദിക്കുകയും, സ്നേഹത്തോടും സന്തോഷത്തോടുംകൂടി ഒരു ചായ സത്കാരം അനുഭവിക്കുകയും ചെയ്തു. ടീ മ്യൂസിയത്തില്‍ നിന്ന് ഏകദേശം ഉച്ചയോടെ ഞങ്ങള്‍ താമസസ്ഥലത്തു തിരിച്ചെത്തി. റിസോര്‍ട്ടിലെ വിഭവസമൃദ്ധമായ ഉച്ചയൂണും കഴിച്ച് ഞങ്ങള്‍ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.
അതിശയകരമായ ആതിഥ്യം. താറുമാറായ നഗരത്തില്‍ താമസിക്കുന്ന ആളുകള്‍ക്ക് വയനാട്ടിലെ ഇവിടം സന്ദര്‍ശിക്കുന്നതിലൂടെ ഉന്മേഷം ലഭിക്കും. ശാന്തതയും സുഖകരമായ അന്തരീക്ഷവും ഞങ്ങള്‍ക്കൊരു അദ്ഭുതകരമായ അനുഭവമായിരുന്നു. ഈ റിസോര്‍ട്ടിലെ താമസം മനസ്സിനും ശരീരത്തിനും കുളിര്‍മയേകുന്നതു തന്നെയായിരുന്നു.
റിസോര്‍ട്ടില്‍നിന്നും പെട്ടിയും സാമാനങ്ങളും പായ്ക്ക് ചെയ്തു മടങ്ങുമ്പോള്‍ അവിടത്തെ റൂം ബോയ് രാജുവിന്റെ മുഖം മനസ്സില്‍ ബാക്കിയായി. നന്ദി എന്നൊരു വാക്കിന്റെ ബലത്തില്‍ ഇങ്ങനെ ചിലരെങ്കിലും മനസ്സില്‍ കയറുമ്പോഴാണ് യാത്ര അര്ഥവത്താവുന്നത്. മറക്കാനാവാത്ത അനുഭവങ്ങള്‍, വ്യക്തികള്‍… കാലമെത്ര കഴിഞ്ഞാലും ഇത്തരം ഓര്‍മകള്‍ മനസ്സില്‍ മായാതെ കിടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: