ലണ്ടൻ: ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരം തനിയെ അടഞ്ഞതായി ശാസ്ത്രജ്ഞര്‍. ആര്‍ട്ടികിന് മുകളിലായുണ്ടായിരുന്ന ഓസോണ്‍ പാളിയിലെ ഒരുമില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ദ്വാരമാണ് അടഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. യൂറോപ്യൻ ഉപഗ്രഹ സംവിധാനമായ കോപ്പര്‍നിക്കസ് ആണ് ഈ ആശ്വാസകരമായ കണ്ടെത്തല്‍ നടത്തിയത്.
അസാധാരണമായി അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലമാണ് ഈ ദ്വാരമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് 19 മഹാമാരിക്കിടെ ശാസ്ത്രലോകത്തിനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ ആശ്വാസകരമായിട്ടുള്ളതാണ് പുതിയ വാർത്ത.
മാര്‍ച്ച് അവസാനത്തോടെയാണ് ഉത്തരവധ്രുവത്തിനു മുകളില്‍ ഓസോണില്‍ ദ്വാരം കണ്ടെത്തിയത്. ചര്‍മ്മ കാന്‍സറിനു കാരണമായ സൂര്യന്റെ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് ഓസോണ്‍ പാളിയാണ് ഭൂമിയെ സംരക്ഷിക്കുന്നത്. പലതരം രാസവസ്തുക്കളാണ് ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്നത്. ഓസോണിനെ നശിപ്പിക്കുന്ന വാതകങ്ങള്‍ ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ കൂടിയാണ്.
തണുത്ത വായു ധ്രുവ പ്രദേശത്തേക്ക് എത്തിക്കുന്ന പോളാര്‍ വോര്‍ട്ടെക്‌സ് (Polar vortex) എന്ന പ്രതിഭാസമാണ് ഓസോണിലെ വിള്ളലിനും അതിലെ മാറ്റങ്ങൾക്കും കാരണം.അന്തരീക്ഷ താപനില മൈനസ് 42ഡിഗ്രിക്ക് താഴെയെത്തുന്നിടത്താണ് ഓസോണ്‍ ശോഷണം ഏറ്റവുമധികം നടക്കുക. അതുകൊണ്ടാണ് ദക്ഷിണ ധ്രുവത്തിന് മുകളില്‍ ഓസോണ്‍ വിള്ളല്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: