തമ്പി നാന് ജാനകി പേസറേ
രാവിലെ ഓഫീസ് ഫോണ്‍ ശബ്ദിച്ചു. അറബിയോട് അഭിലാഷിനെ വേണമെന്നാവശ്യപ്പെട്ടു. (മൊബൈല്‍ ഫോണൊക്കെ വന്നുതുടങ്ങുന്നതേയുള്ളു). ഡോ. ശ്രീകുമാറാണ്. ഖത്തറിലെ സുഹൃത്തുക്കളിലൊരാള്‍. ”എന്റെ കൂടെ ഒരാളുണ്ട്, അഭിയെക്കുറിച്ച് പറഞ്ഞപ്പോള്‍ സംസാരിക്കണമെന്ന് പറഞ്ഞു.”
പിന്നീട് കേട്ടത് ഒരു സ്ത്രീ ശബ്ദമായിരുന്നു.
”ഹലോ…അഭിലാഷ് താനെ…”
തമിഴ് കലര്‍ന്ന മലയാളം. ആദ്യം മറുവശത്താരാണെന്നറിയാതെ കുഴങ്ങി.
”തമ്പീ, നാന് ജാനകി പേസറേ…”
അതെ, എസ്. ജാനകി തന്നെ..!
അന്ന് അധികമാര്‍ക്കും കിട്ടാത്ത സൗഭാഗ്യം. ജാനകിയമ്മയുടെ ഒരു ഫോണ്‍ കോള്‍.
അഭിലാഷിന്റെ ചുണ്ടിലെ വെള്ളം വറ്റി, നാവുയര്ത്താനായില്ല. ഒരക്ഷരം മിണ്ടാതെ ഫോണ്‍ കട്ട് ചെയ്ത് സോഫയിലിരുന്നു. മുമ്പിലിരുന്ന മഗ്ഗിലെ വെള്ളം മുഴുവന്‍ ഒറ്റവലിക്ക് അകത്താക്കി. താന്‍ സ്വപ്നലോകത്താണോയെന്ന് ചിന്തിച്ചുപോയ നിമിഷങ്ങള്‍.
വീണ്ടും ഫോണ്‍ വന്നു. കുട്ടിക്കാലം മുതല്‍ താന്‍ കേട്ട മാധുര്യശബ്ദത്തിനുടമ തന്നെ തേടിയെത്തിയതിന്റെ ആഹ്ലാദത്തില്‍ വാതോരാതെ സംസാരിച്ചു. അമ്മയുടെ മടിയില്‍ തലചായ്ച്ച് കേട്ട പാട്ടുകള്‍ ഓരോന്നായി മനസ്സിലേക്കോടിയെത്തി.
ഫോണ്‍ വെയ്ക്കും മുന്‍പ് ചോദിക്കാനുണ്ടായിരുന്നത് ഒന്നു മാത്രം.
ഒരു പാട്ട് പാടിത്തരുമോ അമ്മേ…
”തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി…
രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടും…”
അമ്മയുടെ നിഴലായി മാറിയ നാളുകള്‍
പിന്നീടങ്ങോട്ട് പ്രോഗ്രാമുകള്‍ക്കായി അറബിനാട്ടിലെത്തുമ്പോഴെല്ലാം ജാനകിയമ്മയുടെ നിഴലായി അഭിലാഷും കൂടെക്കൂടി. പരിപാടികളെല്ലാം മുന്‍കൂട്ടി അറിഞ്ഞ് ലീവെടുത്തു. ഒരു പ്രോഗ്രാം കോ ഓര്ഡിനേറ്ററെപ്പോലെ എല്ലായിടത്തും കയറിച്ചെന്നു. പാട്ട് കേട്ട് ലയിച്ചിരുന്നു. ഒരു ജാനകീ ശബ്ദാരാധകന് വേറെന്തു വേണം ആനന്ദിക്കാന്‍.
അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് വീട്ടിലേക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങുകയായിരുന്നു. അങ്ങനെ അമ്മ രാധാമണിയുമായും എസ്. ജാനകി സംസാരിച്ചു. കടുത്ത ആരാധകരായ അമ്മയ്ക്കും അച്ഛന് അയ്യപ്പനും മറക്കാനാകാത്ത നിമിഷങ്ങള്‍. പിന്നീടങ്ങോട്ട് കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു ജാനകിയമ്മ. തിരക്കിനിടയിലും രാധാമണിയെ വിളിക്കാന്‍ ജാനകിയമ്മ സമയം കണ്ടെത്തി. വീട്ടിലെല്ലാവരും ജാനകി ഫാന്‍സായിരുന്നു. അനിയന് അരുണും അനിയത്തി ആഷ്ലിയും കാസറ്റുകടകളില്‍ തിരഞ്ഞിരുന്നത് ജാനകിയമ്മയുടെ പാട്ടുകള്‍…
അമ്മ അക്ഷരങ്ങളിലേക്ക്
ജാനകിയമ്മയെക്കുറിച്ച് കൂടുതലറിയാനായി ഒരു പുസ്തകം വാങ്ങാന്‍ തീരുമാനിച്ച് പുറത്തിറങ്ങി. നിരാശയായിരുന്നു ഫലം. തെന്നിന്ത്യയുടെ വാനമ്പാടിയെക്കുറിച്ചും പാട്ടുകളെക്കുറിച്ചും സാധാരണക്കാര്‍ക്ക് മനസ്സിലാകും വിധം ഒരു പുസ്തകമെഴുതാനുറച്ചായിരുന്നു തിരികെ വീട്ടിലെത്തിയത്. പക്ഷേ ധൈര്യമുണ്ടായിരുന്നില്ല.
കാരണം…
ഇതുവരെ ആകെ വായിച്ചിരിക്കുന്നത് മൂന്ന് പുസ്തകങ്ങള്‍ മാത്രം..! ആല്‍ക്കെമിസ്റ്റ്, അഗ്നിസാക്ഷി, ഒരു യോഗിയുടെ ആത്മകഥ. സാഹിത്യപരിചയം വട്ടപ്പൂജ്യം!
സാക്ഷാല്‍ ജാനകിയമ്മയോട് അനുവാദം ചോദിച്ച് പു
സ്തകമെഴുതാന് തീരുമാനിച്ച് നേരില്‍ കണ്ടു.
”ബുക്കാ…! എന്നെപ്പത്തിയാ..!
ബുക്ക് എഴുതതുക്ക് എതാവത് ഇര്ക്കാ..?”
ഇതായിരുന്നു ചോദ്യം. ജാനകിയമ്മയുടെ മൗനസമ്മതത്തോടെ അഭിലാഷ് ആ ദൗത്യം ഏറ്റെടുത്തു. അത് തന്റെ ജീവിതം മാറ്റിമറിക്കുമെന്ന് അന്ന് അവിടെ നിന്നിറങ്ങുമ്പോള്‍ അഭിലാഷ് കരുതിയില്ല.
പാട്ടിന്റെ വഴിയില്‍ കാലടി തേടി
ദക്ഷിണാമൂര്‍ത്തി, ശ്രീകുമാരന്‍ തമ്പി, പ്രതാപ് സിംഗ്, ഒഎന്‍വി കുറുപ്പ്, ജോണ്സണ് മാഷ്, കെ.എസ്. ചിത്ര, ബി. വസന്ത, ഭാസ്കരന് മാഷ്, കൊച്ചിന് ഇബ്രാഹിം, ശാരദ, എം.കെ. അര്ജുനന്, കെപിഎസി ലളിത, പൂവച്ചല്‍ ഖാദര്‍, കെ.ജെ. ജോയ്, ഗോപന്….
അമ്മയുടെ പാട്ടിനൊപ്പം നടന്ന നിരവധി പ്രഗത്ഭരെ കണ്ടു. സംഗീതസംവിധായകരും രചയിതാക്കളും പാട്ടുകാരും എന്നുവേണ്ട നടന്മാരെ വരെ കണ്ടു. വാതോരാതെയുള്ള സംസാരങ്ങള്‍, കണ്ണുനിറഞ്ഞുള്ള ഓര്‍മ്മകള്‍, ആയിരമായിരം കഥകള്‍… പലതും പുതിയ വിവരങ്ങള്‍.
അമ്മയുടെ പാട്ടിനൊപ്പം നടന്ന നിരവധി പ്രഗത്ഭരെ കണ്ടു. സംഗീതസംവിധായകരും രചയിതാക്കളും പാട്ടുകാരും എന്നുവേണ്ട നടന്മാരെ വരെ കണ്ടു.
വാതോരാതെയുള്ള സംസാരങ്ങള്‍, കണ്ണുനിറഞ്ഞുള്ള ഓര്‍മ്മകള്‍,
ആയിരമായിരം കഥകള്‍…
പലതും പുതിയ വിവരങ്ങള്‍
92 അധ്യായം 900 പേജുകള്‍
തുടക്കക്കാരന്റെ പരിചയക്കുറവില്‍ പിച്ചവെച്ചായിരുന്നു ആരംഭം. ജാനകിയമ്മയുടെ പരിചയത്തിലുള്ളവരെ അപ്രതീക്ഷിതമായി പരിചയപ്പെടുത്തി അവര്‍ അഭിലാഷിനെ ഞെട്ടിച്ചു. പുസ്തകരചനയുടെ ആരംഭം അബുദാബിയിലായിരുന്നു. 2004 മുതല്‍ ജാനകിയുടെ പാട്ടില്‍ അലിഞ്ഞുചേര്ന്നൊഴുകി, യാത്രകളും വിനോദവും ഒഴിവാക്കി. ദിവസവും നാലുമണിക്കൂര്‍ ബുക്കിനായി മാറ്റിവച്ചു. പാട്ടുകളെക്കുറിച്ച് എഴുതിയെഴുതി പുസ്തകത്തില്‍ നിന്ന് പേനയെടുക്കാനായത് 10 വര്‍ഷങ്ങള്‍ക്കു ശേഷം!
92 അധ്യായങ്ങളില്‍ 900 പേജുകള്‍. രണ്ട് വാല്യം. ജാനകിയമ്മ പാടിയ 2140 പാട്ടുകളെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകമായി അത് മാറി.
പുരസ്കാര വഴിയില്‍…
ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ പലതവണ വാങ്ങിയ എസ്. ജാനകിയെക്കുറിച്ചുള്ള പുസ്തകം പൂര്‍ത്തിയാക്കിയപ്പോള്‍ അത് അവാര്‍ഡുകളും റെക്കോര്‍ഡുകളും സ്വന്തമാക്കി. ഒരു ഗായികയെക്കുറിച്ചുള്ള ഏറ്റവും വലിയ പുസ്തകമായി അത് മാറി. നിരവധി റെക്കോര്‍ഡുകള്‍ അടക്കം 24 പുരസ്കാരങ്ങള്‍ അഭിലാഷിനെ തേടിയെത്തി. വേള്‍ഡ് റെക്കോര്‍ഡ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്കി അഭിലാഷ് പുതുക്കാടിനെ ആദരിക്കുകയും ചെയ്തു.
അംഗീകാരമായി പരിഭാഷ
ഒരു വ്യാഴവട്ടക്കാലത്തെ അധ്വാനത്തിനുള്ള സമ്മാനമായി ബ്ലോഗറായ ലക്ഷ്മി നന്ദകുമാര്‍ പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തു. തനിമ ചോരാതെയുള്ള വിവര്‍ത്തനം മനസ്സുനിറച്ചെന്നും അഭിലാഷ് പറയുന്നു. പുസ്തക പ്രകാശന ചടങ്ങിന് മല്ലിക സുകുമാരനും എത്തിയിരുന്നു. ‘ട. ഖമിമസശ: ഋലേൃിമഹ ചശഴവശേിഴമഹല’ എന്നാണ് പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പേര്. ഓണ്‍ലൈനിലും പുസ്തകം വന്നതോടെ ആരാധകര്‍ക്ക് പുസ്തകം എളുപ്പത്തില്‍ ലഭ്യമാക്കാനായെന്നും അഭിലാഷ് പറഞ്ഞു.
അമ്മയുടെ അഭി
ചെറുപ്പം മുതല്‍ കേട്ടുവളര്‍ന്ന ജാനകിയമ്മയുടെ പേരിലാണ് ഇന്ന് അഭിലാഷ് അറിയപ്പെടുന്നത്. എസ്. ജാനകിയുടെ ആരാധകരായിരുന്ന അച്ഛനും അമ്മയ്ക്കും ഇത് സന്തോഷത്തിന്റെ നാളുകള്‍. തൃശൂര്‍ ആകാശവാണി നിലയത്തില്‍ നിന്ന് കേട്ടിരുന്ന ജാനകിപ്പാട്ടുകള്ക്ക് പകരം ഇന്ന് സ്വന്തം ശേഖരത്തിലെ പാട്ടുകള്‍ വീട്ടിലാകെ അലയടിക്കുകയാണ്. തെലുങ്കു ഭാഷക്കാരി ആയിരുന്നിട്ടും അക്ഷരത്തെറ്റുകള്‍ ഇല്ലാതെയുള്ള ജാനകിയമ്മയുടെ പാട്ടുകള്‍ അത്ഭുതമാണ്.
കൊറോണ പടര്‍ന്നുപിടിച്ചപ്പോള്‍ ജാനകിയമ്മയുടെ ‘ലോകം മുഴുവന്‍ സുഖം പകരാനായി… സ്നേഹദീപമേ മിഴിതുറക്കൂ…’ എന്നുതുടങ്ങുന്ന ഗാനം മനസ്സില്‍ ഓടിയെത്തി.
എന്തൊരു വരികളാണത്! അഭിലാഷ് പറയുന്നു.
കുടുംബവുമായി അടുത്ത ബന്ധമാണ് അമ്മ തുടരുന്നത്. വിവാഹമടക്കം ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിലുള്പ്പെടെ ജാനകിയമ്മ ഒപ്പമുണ്ട്. പുതുക്കാട് വീട്ടിലുമെത്തി. നാട്ടുകാരുമായി സംസാരിക്കാനും സമയം കണ്ടെത്തി. അമ്മ മൈസൂരുവിലാണിപ്പോഴുള്ളത്. ഇടയ്ക്ക് വിളിക്കാറുണ്ട്.
അബുദാബിയിലെ വീട്ടില്‍ മകന് ആത്മജന് കഥകള്‍ പറഞ്ഞുകൊടുക്കുന്ന തിരക്കിലാണ് അഭിലാഷ് ഇപ്പോള്‍. പുതിയ ഒരു അതിഥി കൂടി കുടുംബത്തിലേക്ക് എത്തിയിരിക്കുന്നു. പേര് വേദാത്മിക.
എഴുത്തിന്റെ ലോകത്തേക്ക്
പുതിയതായി പുറത്തിറക്കാനായി ചില പുസ്തകങ്ങള്‍ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. ആത്മജനുള്ള കഥകള്‍ (ചെറുകഥ), ഐലന്റ് എക്സ്പ്രസ് (നോവല്‍), മഴ ജനല്‍ (നോവല്‍) എന്നിവയാണവ. എഴുത്തിന്റെ ലോകത്തേക്ക് ഇറങ്ങിപ്പുറപ്പെട്ടത് ജാനകിയമ്മയുടെ കാല്‍തൊട്ട് വണങ്ങിയാണ്, അതുകൊണ്ട് അഭിലാഷിന് ഉറപ്പുണ്ട്, അക്ഷരങ്ങളുടെ ലോകത്ത് തനിക്കൊരിടമുണ്ടെന്ന്. ജന്മഭൂമിക്ക് വേണ്ടിയും തൂലിക ചലിപ്പിക്കാനായതിന്റെ സന്തോഷം അഭിലാഷ് പങ്കുവെച്ചു. എസ്. ജാനകിയെക്കുറിച്ച് അഭിലാഷ് വാരാദ്യപതിപ്പില്‍ എഴുതിയത് ഇപ്പോഴും സ്വകാര്യ ശേഖരത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: