നീലേശ്വരം: ഗവ.എല്‍.പി സ്കൂള്‍ നീലേശ്വരത്തെ മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് കൊറോണക്കാലം ഉത്സവകാലമാക്കി ഉഷ ടീച്ചര്‍. ക്ലാസ് പിടിഎയുടെ സ്ഥായത്തോടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ വ്യത്യസ്തങ്ങളായ മത്സരങ്ങള്‍ സംഘടിപ്പിച്ച് കുട്ടികളുടെ സര്‍ഗവാസനകള്‍ ഉണര്‍ത്തുകയാണ് ടീച്ചര്‍ ചെയ്യുന്നത്. ഏപ്രില്‍ 7 മുതല്‍ 27 വരെ 21 ദിവസത്തെ ഉത്സവവും തുടര്‍ന്ന് സ്കൂള്‍ തുറക്കുന്നതു വരെ ദീര്‍ഘകാല പ്രൊജെക്റ്റ് മത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്.
കൂട്ടിലകപ്പെട്ട കിളികളെപ്പോലെ വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് വിരസത അകറ്റാനായി വീടും പരിസരവും പാഠപുസ്തകമാക്കാനും ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. രാത്രി 8 മണിക്ക് ടീച്ചര്‍ ഗ്രൂപ്പില്‍ അടുത്ത ദിവസത്തെ പ്രവര്‍ത്തനം നല്‍കും. കുട്ടികള്‍ 10 മണി മുതല്‍ 4 മണി വരെയുള്ള സമയത്ത് കുട്ടികളുടെ ഓഡിയോ, വീഡിയോ, ഫോട്ടോ എന്നിങ്ങനെ പോസ്റ്റ് ചെയ്യും. ടീച്ചര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മത്സരഫലം രാത്രി 8 മണിക്ക് പ്രഖ്യാപിക്കും. അടുത്ത ദിവസത്തെ മത്സരവും പറയും.
കുട്ടികളും രക്ഷിതാക്കളും ആവേശപൂര്‍വം എറ്റെടുത്ത പ്രവര്‍ത്തങ്ങളിലൂടെ കുട്ടികളില്‍ ഉറങ്ങിക്കിടന്ന പല കഴിവുകളും പുറത്തു കൊണ്ടുവരാനായി. ഫോട്ടോ ഷൂട്ട്, പ്രച്ഛന്നവേഷം, പ്രസംഗം, കഥ, കവിത, നാടന്‍പാട്ട്, ചിത്രം വര നിര്‍മ്മാണ പ്രവര്ത്തനങ്ങൃള്, കിളികള്‍ക്ക് ദാഹജലമൊരുക്കല്‍, ഇലകള്‍ പൂക്കള്‍, നിരീക്ഷണം, പാചകം, നാടന്‍പാട്ട്, കവിതയ്ക്ക് ഈണം നല്കല്, പരീക്ഷണങ്ങള്‍, വീട്ടുവളപ്പിലെ ചെടികളുടെ സര്‍വേ തുടങ്ങി 21 വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ മത്സര രൂപത്തില്‍ കുട്ടികളിലെത്തിയപ്പോള് കുട്ടികള്‍ക്കും വീട്ടുകാര്‍ക്കും അതൊരുത്സവമായി മാറി. കുട്ടികളും രക്ഷിതാക്കളും മത്സരങ്ങള്‍ ഇടയ്ക്കിടെ വിലയിരുത്തി ഇടപെടലുകള്‍ നടത്തി.
കുട്ടികള്‍ നിര്‍മ്മിച്ച ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിജയികള്‍ക്കുള്ള സമ്മാനവിതരണവും സ്കൂള്‍ തുറന്നതിനു ശേഷം നടത്തും. വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്കായി നല്കിയ 30 മണിക്കൂര്‍ ഐ.ടി. ട്രെയിനിങ്ങിലൂടെ ലഭിച്ച അറിവുകള്‍ പ്രയോജപ്പെടുത്തി കുട്ടികളുടെ നിരീക്ഷണങ്ങള്‍, ഫോട്ടോകള്‍ പ്രകടനങ്ങള്‍ എന്നിവ അടുത്ത വര്‍ഷത്തേക്കുള്ള ഡിജിറ്റല്‍ പഠനോപകരണമാക്കുന്ന തിരക്കിലാണ് ഉഷ ടീച്ചര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: