തൃശൂര്‍: കടലിനും ലോക്ഡൗണ്‍ വീണതോടെ ഇനി വരാന്‍ പോകുന്നത് വന്‍ ചാകരക്കാലം. ഇത്രയധികം നാള് മത്സ്യബന്ധനം നിര്‍ത്തിവെക്കേണ്ടി വന്ന അവസ്ഥ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍. ലോക്ഡൗണ്‍ കാലം കേരളത്തിലെ കടല്‍ മത്സ്യങ്ങള്‍ക്ക് നല്ല സമയമായി മാറിയെന്നാണ് തൊഴിലാളികളുടെ അഭിപ്രായം.
കടലില്‍ മത്സ്യ സമ്പത്ത് കാര്യമായി വര്‍ദ്ധിക്കാന്‍ ലോക്ഡൗണ്‍ സഹായിച്ചിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. കേരള തീരത്ത് ഇപ്പോള്‍ അയല, മത്തി, മാന്തള്, ചെമ്മീന്‍ തുടങ്ങിയ മീനുകളില്‍ വന്‍ വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത. ലോക്ഡൗണ്‍ പിന്‍വലിച്ച് മത്സ്യബന്ധനം പുനരാരംഭിച്ചാല്‍ കേരള തീരങ്ങളില്‍ ചാകരയാകും അനുഭവപ്പെടുക.
ഒരുമാസമായി മീന്‍ കിട്ടാതെ പ്രയാസപ്പെടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ലോക്ഡൗണ്‍ കഴിയുന്നതോടെ ഇഷ്ടമുള്ള മീനുകള്‍ സമൃദ്ധിയായി ലഭിക്കും. ട്രോളിങ് നിരോധന കാലത്തേക്കാള്‍ കര്‍ശന നിബന്ധനകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതിനാല്‍ ചെറു വള്ളങ്ങള്‍ പോലും കാര്യമായി കടലിലേക്ക് പോകുന്നില്ല. ഇക്കാരണത്താല്‍ കടലില്‍ മീന്‍ പിടിത്തം വളരെയധികം കുറഞ്ഞിട്ടുള്ളതിനാല്‍ മല്‍സ്യങ്ങളുടെ പ്രജനനം ശരിയായി നടക്കാനും അതു വഴി മത്സ്യ സമ്പത്ത് കൂടാനും ഇടയാകുമെന്നും തൊഴിലാളികള്‍ പറയുന്നു.
മത്സ്യബന്ധന മേഖലയില്‍ മെയ് 3 വരെ നിയന്ത്രണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ലോക്ഡൗണ്‍ മൂലം മീന്‍ പിടിത്തം നിലച്ചതോടെ കടലില്‍ മല്‍സ്യങ്ങളുടെ പെറ്റുപെരുകലിനു യോജിച്ച ആവാസ വ്യവസ്ഥയുണ്ടാകാന്‍ സാധ്യത ഏറിയെന്നു വിദഗ്ദ്ധര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: