തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാദങ്ങളെ സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ സിന്‍ഡിക്കേറ്റ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാധ്യമ വിഭാഗത്തിന്റെ ചുമതലക്കാരായ ചില സിപിഎം പത്രക്കാരുടെ നേതൃത്വത്തിലാണ് മാധ്യമ സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനം. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ ചില ഉദ്യോഗസ്ഥരും സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. തനിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ മാധ്യമ സിന്‍ഡിക്കേറ്റാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ചു തന്നെ മാധ്യമ സിന്‍ഡിക്കേറ്റ് രൂപപ്പെട്ടു എന്നതാണ് വിരോധാഭാസം.
സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാന്‍ ഇന്നലെ വരെ എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്കും ഇന്നു മുതല്‍ വൈകിട്ട് അഞ്ചിനും മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളെ സര്‍ക്കാരിനും സിപിഎമ്മിനും അനുകൂലമാകുന്ന വിധത്തില്‍ വഴിതിരിച്ചുവിടുകയാണ് സിന്‍ഡിക്കേറ്റിന്റെ പ്രധാന ജോലി. മറ്റു പത്രങ്ങളില്‍ ജോലി ചെയ്യുന്ന ഇടതുപക്ഷ അനുഭാവികളായ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്.
വാര്‍ത്താ സമ്മേളനം വിവാദമാക്കാതിരിക്കുക, സ്പ്രിങ്ക്ളറിലടക്കം സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ത്താതിരിക്കുക, ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ വാര്‍ത്താസമ്മേളനത്തെ സര്‍ക്കാരിന് അനുകൂലമാക്കി തിരിച്ചുവിടുക തുടങ്ങിയവയാണ് സിന്‍ഡിക്കേറ്റ് മാധ്യമ പ്രവര്‍ത്തകരുടെ ജോലി. മുഖ്യമന്ത്രിയുടെ കഴിഞ്ഞ വാര്‍ത്താസമ്മേളനങ്ങളില്‍ ഇത് ഫലവത്തായി നടപ്പിലാക്കിവരുകയാണവര്‍.
സ്പ്രിങ്ളര്‍ വിവാദങ്ങള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും ആളിക്കത്തിയപ്പോള്‍ ഒരുഘട്ടത്തില്‍ വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുകവരെ ചെയ്തിരുന്നു. പിന്നീടുള്ള കൂടിയാലോചനയിലാണ് സിപിഎം അനുകൂല മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിച്ച് വാര്‍ത്താ സമ്മേളനം ഹൈജാക്ക് ചെയ്യാനുള്ള തീരുമാനമുണ്ടായത്. ആറുമണിക്കു തുടങ്ങുന്ന വാര്‍ത്താ സമ്മേളനം എഴ് മണി വരെ എന്ന് നിജപ്പെടുത്തി. ആദ്യത്തെ മുക്കാല്‍ മണിക്കൂര്‍ നേരം മുഖ്യമന്ത്രി തന്നെ സംസാരിച്ചു. പറയുന്നതത്രയും അനുബന്ധ കാര്യങ്ങള്‍. ഒരു പത്രക്കുറിപ്പില്‍ അറിയിക്കേണ്ട കാര്യങ്ങള്‍ വിശാലമായി വിശദീകരിക്കും. സമയം പരമാവധി ദീര്‍ഘിപ്പിക്കുകയാണ് ലക്ഷ്യം.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ക്ക് സമയം 15 മിനിറ്റ് മാത്രം. സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെട്ടവരുടെ അടുത്തേക്ക് പിആര്‍ഡി ഉദ്യോഗസ്ഥന് മൈക്കുമായി എത്തും. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുമ്പോള്ത്തന്നെ സമയം കഴിയാറാകും. വിവാദ ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നുറപ്പുള്ളവര്‍ക്ക് മൈക്ക് നല്‍കാത്തത് ആദ്യ ദിവസം വിവാദമായി. പിന്നീടുണ്ടായ വാര്‍ത്താ സമ്മേളനങ്ങളില്‍ പേരിനു മാത്രം ‘വിവാദക്കാര്‍ക്ക്’ മൈക്ക് നല്‍കിയെന്ന് വരുത്തി. വിവാദ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അസ്വസ്ഥനാകുന്ന മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള മാധ്യമ സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനം തുടര്‍ പ്രക്രിയ ആക്കാനാണ് തീരുമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: