കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകൾ ഓറഞ്ച് സോണിലേക്ക് മാറിയതോടെ പോലീസ് പരിശോധന ശക്തമാക്കി. ഇതോടെ വാഹനങ്ങളുമായി റോഡിലിറങ്ങുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇന്ന് രാവിലെ പതിവിനു വിരുദ്ധമായി കാര്യമായി വാഹനങ്ങൾ കോട്ടയത്ത് ഇറങ്ങിയില്ല. നഗരം വിജനമായി. നാമമാത്രമായ വാഹനങ്ങൾ മാത്രമേ കോട്ടയം നഗരത്തിൽ കണ്ടുള്ളു.
കോട്ടയത്ത് രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കോട്ടയം നഗരസഭയിലെ നാല് വാർഡുകളും രണ്ട് പഞ്ചായത്തുകളും ഹോട്സ് പോർട്ടാക്കി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളിൽ പരിശോധന കർക്കശമാക്കി.
ഇടുക്കിയുടെ അതിർത്തി പ്രദേശങ്ങളിലും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കി. കൂടാതെ കുമളിയ്ക്ക് സമീപമുള്ള നാല് സമാന്തര പാതകളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് തമിഴ്നാട്ടിൽ നിന്നും ഒളിച്ചുകടക്കുന്നവരെ പിടികൂടാൻ ഇടുക്കി ജില്ലാ പോലീസ് ചീഫ് പി.കെ മധു നിർദ്ദേശം നല്കി. റോസാപൂക്കണ്ടം, പാണ്ടിക്കുടി, കുങ്കിരിപ്പെട്ടി, വലിയപാറ എന്നിവിടങ്ങളിലാണ് താത്ക്കാലിക ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുക. ഇന്നലെ ഇടുക്കിയിൽ നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേരും തമിഴ്നാട്ടിൽ നിന്ന് എത്തിയവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: