2011 ഏപ്രില്‍ 24നാണ് ശ്രീസത്യസായി ബാബ ദേഹം ത്യജിച്ചത്. അദ്ദേഹം നടത്തിയ സംഭാഷണങ്ങളില്‍ ആവര്‍ത്തിച്ചിരുന്ന ഒരു പ്രവചനം ഞാന്‍ നേരില്‍ കേട്ടിട്ടുണ്ട്. ഇന്ത്യ സമീപഭാവിയില്‍ ലോകത്തിന്റെ തീവണ്ടി എന്‍ജിനായി മാറും എന്നാണതിന്റെ സാരവും വാക്കുകളും. ഒരിക്കല്‍ ഇന്ത്യ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും എന്നും മുപ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നുതന്നെ ലോകത്തിന്റെ ആത്മീയ-ധാര്‍മ്മിക നേതൃത്വമായി ഭാരതം അംഗീകരിക്കപ്പെട്ടു തുടങ്ങി. അതിന്റെ പ്രതിഫലനങ്ങള്‍ അന്തര്‍-രാഷ്ട്ര ബന്ധങ്ങളില്‍ ഇപ്പോള്‍ ദൃശ്യമാണ്. എന്റെ ഗുരുനാഥന് 30-40 കൊല്ലങ്ങള്‍ക്ക് മുമ്പ് ഇത് പറയുമ്പോള്‍ ഞാന്‍ അറിയാതെ ചിന്തിച്ചുപോയി ”ഇത് വെറും ബഡായി. ഈ ദരിദ്രവാസി ഇന്ത്യയാണോ ലോകത്തിന്റെ തീവണ്ടി എഞ്ചിനാകാന്‍ പോകുന്നത്.”
ഇന്നെനിക്കറിയാം 74 വയസ്സായ എനിക്ക് ഇന്ത്യയുടെ പ്രവചിക്കപ്പെട്ട സുവര്‍ണകാലം നേരിട്ട് കാണാന്‍ കഴിയുമെന്ന്.
നേരില്‍ക്കണ്ട മറ്റൊരു ദൃശ്യം ശ്രീ സത്യസായി ബാബയെക്കാണാന് ഞാന്‍ പുട്ടപര്‍ത്തിയില്‍ അച്ചടക്കത്തോടെ കാത്തിരിക്കുകയാണ്. മുന്‍നിരയില്‍ ഒന്ന് രണ്ട് പൂജിക്കപ്പെട്ട ചുടുകട്ടകളുമായി ഒരു സംഘം രാമജന്മഭൂമി പ്രവര്‍ത്തകര്‍ ഭഗവാനെ കാത്തിരിക്കുന്നു. ഒന്നോ രണ്ടോ ദിവസം ഭഗവാന് അവരെ തിരിഞ്ഞു നോക്കിയില്ല. ആ കല്ലുകള്‍ അയോദ്ധ്യയിലേക്ക് നാട്ടിലെവിടെയോനിന്ന,് കൊണ്ട് പോകുന്നവരാണ് ആ ചെറുപ്പക്കാര്‍. മൂന്നാം ദിവസമാണെന്ന് തോന്നുന്നു ഭഗവാന് അവരുടെ അടുത്തെത്തി ശിലകളില്‍ കൈവച്ചനുഗ്രഹിച്ചു. ഞാന്‍ അന്ന് അത് പ്രതീക്ഷിച്ചിരുന്നില്ല. അയോധ്യയിലെ രാമക്ഷേത്രമൊക്കെ സ്വന്തം ഹൃദയസ്ഥാനത്ത് തൊട്ട് ഇവിടെയെന്നാണ് ഭഗവാന് പ്രഖ്യാപിച്ചിരുന്നത്. ശിലകളെ ഭഗവാന് അനുഗ്രഹിച്ചപ്പോള്‍ ഞാന്‍ എന്താണിത് ഭഗവാനെ എന്ന് ഉള്ളില്‍ ചോദിച്ചു. ഈ കണ്ട കാഴ്ചയൊന്നും ഞാന്‍ കേരളത്തില്‍ വന്ന് ആരോടും പറഞ്ഞതുമില്ല. പക്ഷെ ഇന്നോ? ആ ചെറുപ്പക്കാര്‍ കാല്‍നടയായി ചുമന്നുകൊണ്ടുവന്ന ശിലകള്‍ അണ്ണാറക്കണ്ണന്മാര് രാമസേതു നിര്‍മ്മാണത്തിന് കുടഞ്ഞിട്ട പൂഴിപോലെ ഒരു മഹായാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാകാന്‍ പോകുന്നു. സ്വപ്നമല്ല.
അവരുടെ പുറത്ത് ഭഗവാന്റെ വിരലുകള്‍ മൂന്നു വരകളിടാതിരിക്കില്ല. മുപ്പതുകൊല്ലം കൊണ്ട് ചരിത്രം മാറി മറിയുമ്പോള്‍ കലാതീതമായ പരംപൊരുളിന്റെ ജ്ഞാനശക്തി ക്രിയാശക്തിയായി മാറുന്നു.
ഫിലിപ്പ് എം. പ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: