തിരുവനന്തപുരം : ശമ്പളം പിടിക്കുന്നതില്‍ നിന്നും ആരോഗ്യ വകുപ്പിനെ ഒഴിവാക്കാന്‍ സാധിക്കില്ല. ആരോഗ്യ വകുപ്പിനെ ഒഴിവാക്കിയാല്‍ പോലീസ്, സിവില്‍ സപ്ലൈസ്, തദ്ദേശം, റവന്യൂ തുടങ്ങിയ വകുപ്പുകളേയും ഒഴിവാക്കേണ്ടതായി വരും അതിനാല്‍ സാലറി പിടിക്കുന്നതില്‍ നിന്നും ആരേയും ഒഴിവാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സ്വകാര്യ മാധ്യമത്തോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമയക്രമവും വ്യക്തി താത്പ്പര്യങ്ങളും ഒന്നും നോക്കാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം പിടിച്ചതില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇവരുടെ ശമ്പളം ഒരു കാരണവശാലും പിടിക്കരുതെന്ന് കര്‍ശ്ശന നിര്‍ദ്ദേശങ്ങളും കേന്ദ്രം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം മുഖവിലയ്ക്കെടുക്കാതെ സംസ്ഥാന മന്ത്രിസഭായോഗം ചേര്‍ന്ന് പോലീസിനേയും ആരോഗ്യ വകുപ്പിനേയും ഒഴിവാക്കാതെ തന്നെ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേയ്ക്കു പിടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു. എന്നാല്‍ ഇതെല്ലം അവഗണിച്ചുകൊണ്ട് ശമ്പളം പിടിക്കുന്നതിനായി സംസ്ഥാനം നടപടി ആരംഭിച്ചു കഴിഞ്ഞു.
അതേസമയം ഗ്രോസ് സാലറിയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് പിടിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. നികുതി കുറയ്ക്കാത്ത, ബത്തകള്‍ ഉള്‍പ്പെടെയുള്ള ശമ്പളമാണ്. ശമ്പളം പിടിച്ചെടുക്കുകയല്ല മറിച്ച്, മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്.
20,000 രൂപയില്‍ താഴെ ശമ്പളമുള്ള താത്കാലിക ജീവനക്കാര്‍ ഒഴികെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇവര്‍ക്ക് ശമ്പളം നല്കാന് താത്പ്പര്യമുണ്ടെങ്കില്‍ സ്വീകരിക്കുമെന്നും മന്ത്രിസഭായോഗം അറിയിച്ചിട്ടുണ്ട്.
പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരില്‍ നിന്നു ശമ്പളം കൈപ്പറ്റുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ഇതു ബാധകമാണ്. മെയ് ആദ്യം ലഭിക്കുന്ന ഏപ്രിലിലെ ശമ്പളം മുതല്‍ സെപ്തംബറില്‍ ലഭിക്കുന്ന ശമ്പളം വരെയാണു തുക പിടിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: