Categories: Thrissur

ബാര്‍ബര്‍ ഷോപ്പുകളുടെ വാതിലുകള്‍ ലോക്കില്‍; ‘മുടിയന്മാര്‍’ക്ക് കിട്ടിയത് എട്ടിന്റെ പണി;വീടുകളില്‍ പോയി മുടി വെട്ടില്ലെന്ന് ബാര്‍ബര്‍മാര്‍

Published by

തൃശൂര്‍: കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാത്തത് ‘മുടിയന്‍മാരെ’ വലച്ചു. മുടി നീട്ടി വളര്‍ത്തി നടക്കുന്നവരും വിവിധ സ്റ്റൈലുകളില്‍ മുടി വെട്ടിയിരുന്നവര്‍ക്കും ഇപ്പോള്‍ കഷ്ടകാലം.  ലോക്ഡൗണിനെ തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ ഒരുമാസമായി അടഞ്ഞു കിടക്കുന്നതാണ് ‘ചെത്തു’കാരെ ബുദ്ധിമുട്ടിലാക്കിയത്.  

മുടിയില്‍ പരീക്ഷണം നടത്തി ചെത്തി നടന്നിരുന്ന പയ്യന്‍സിന് ലോക്ഡൗണ്‍ ഇരുട്ടടിയായി. ആഴ്ചകള്‍ തോറും ഹെയര്‍ സ്റ്റൈലുകള്‍ മാറിയിരുന്ന ‘ന്യൂജന്’ ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയില്ല. തലയില്‍ പുതു പുത്തന്‍ സ്റ്റൈലുകള്‍ പരീക്ഷിച്ചിരുന്നവരെല്ലാം മുടിയില്‍ കത്രിക കണ്ടിട്ട് ഒരുമാസത്തോളമായി. താടിയില്‍ സ്റ്റൈലുകള്‍ ഇറക്കിയിരുന്നവരും ഇപ്പോള്‍ ‘വെട്ടി’ലായിരിക്കുകയാണ്. പലരുടെയും താടിയും മുടിയുമെല്ലാം നീണ്ടു വളര്‍ന്നു. ചിലര്‍ വീടുകളില്‍ സ്വയം ഷേവിങ് നടത്തുന്നുണ്ടെങ്കിലും ബാര്‍ബര്‍മാരുടെ കരവിരുതില്ലാത്തത് ഇവരെ തൃപ്തിപ്പെടുത്തുന്നില്ല.  

ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുമെന്നത് ‘മുടിയന്മാരെ’ ആഹ്ലാദത്തിലാക്കിയ പ്രഖ്യാപനമായിരുന്നു. എന്നാല്‍ കൂട്ടത്തോടെ ജനങ്ങള്‍ ബാര്‍ബര്‍ ഷോപ്പുകളിലെത്തുമെന്നതും സാമൂഹിക അകലം പാലിക്കല്‍ പ്രായോഗികമാകില്ലെന്നുമുള്ള കാരണത്താല്‍ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയത് ‘മുടിപ്രേമി’കളെ വീണ്ടും നിരാശയിലാഴ്‌ത്തി.  ബാര്‍ബര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍ തപ്പിയെടുത്ത് വിളിച്ച് അവരുടെ വീടുകളില്‍ പോയി മുടിയും താടിയും വെട്ടുന്നവരുണ്ട്. ഇതിനാല്‍ ബാര്‍ബര്‍മാരുടെ വീടുകളിലും ഇപ്പോള്‍ മുടി വെട്ടാനെത്തുന്നവരുടെ തിരക്കു തുടങ്ങി. ന്യൂജന്‍ പയ്യന്‍മാര്‍ തന്നെയാണ് കൂടുതലായും ബാര്‍ബര്‍മാരുടെ വീടുകളെ തേടിയെത്തുന്നത്.  

വീടുകളില്‍ പോയി മുടി വെട്ടാനുള്ള നിര്‍ദ്ദേശത്തില്‍ പ്രതിഷേധവുമായി ബാര്‍ബര്‍മാര്‍ രംഗത്തെത്തി. ലോക്ഡൗണിനെ തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാത്തതിനാല്‍ പകരം സംവിധാനമായി ബാര്‍ബര്‍മാര്‍ മറ്റു വീടുകളില്‍ പോയി ജോലി ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ബാര്‍ബര്‍മാര്‍ വീടുകളിലെത്തി മുടിവെട്ടുമെന്ന സര്‍ക്കാര്‍ പ്രചാരണം തെറ്റാണെന്ന് ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ പറയുന്നു.  ബാര്‍ബര്‍മാര്‍ വീടുകളില്‍ പോയി ജോലി ചെയ്യാനുള്ള തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് ഓള്‍ കേരള ബ്യൂട്ടീഷ്യന്‍സ് ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടി.

 ബാര്‍ബര്‍മാര്‍ സേവനം നല്‍കുന്നതിനായി സന്ദര്‍ശിക്കുന്ന വീടുകളും അവിടെയുള്ള അംഗങ്ങളും രോഗാവസ്ഥയിലുള്ളവരല്ലെന്ന് തിരിച്ചറിയാന്‍ ഒരു മാര്‍ഗവുമില്ല. ബാര്‍ബര്‍മാരുടെ ആരോഗ്യത്തിന് തന്ന ഇത് ഭീഷണിയാണ്. ഇതിനു പുറമേ ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്കുള്ള യാത്രയില്‍ രോഗവാഹകരാകാനും സാധ്യതയുണ്ട്. സ്വന്തം വീടുകളിലേയും സമൂഹത്തിലേയും ആരോഗ്യ സുരക്ഷ അപകടത്തിലാക്കാനിടയുള്ള സാധ്യത വളരെ ഏറെയാണ്. 

അതിനാല്‍ വീടുകളില്‍ പോയി മുടി വെട്ടാനുള്ള ശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നത് ആരോഗ്യസംരക്ഷണത്തെ ബാധിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്ന് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍.ബി.മോഹനന്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ വീടുകളില്‍ ചെന്ന് മുടി വെട്ടില്ലെന്ന് ബാര്‍ബര്‍ ആന്റ് ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ വ്യക്തമാക്കി. കൊറോണ വാഹകരാകാന്‍ ബാര്‍ബര്‍മാരെ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഇ.എസ്.ഷാജി അറിയിച്ചു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts