വാഷിംഗ്ടണ്‍: കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ അമേരിക്കയില്‍ നടക്കേണ്ടിയിരുന്ന സ്ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ ടൂര്‍ണമെന്റ് ഉപേക്ഷിച്ചതായി സംഘാടകര്‍ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് മത്സരം ഉപേക്ഷിക്കുന്നത്.
ഈ വര്‍ഷത്തെ ഫൈനല്‍ മത്സരം ഏപ്രിലിലോ മേയിലോ ഫൈനല്‍ നടത്താമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനാലാണ് മത്സരം ഉപേക്ഷിക്കുന്നത്.വര്‍ഷങ്ങളായി ഇന്ത്യന്‍ – അമേരിക്കന്‍ വിദ്യാര്‍ത്ഥികളാണ് സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്.
എലിമെന്ററി, മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള മത്സരം ഇനി 2021 ജൂണ്‍ 1നാണ് നടക്കുക. അതേസമയം, ഇത്തവണ മത്സരത്തിലേക്ക് യോഗ്യത നേടിയ എട്ടാം ഗ്രേഡില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അടുത്ത വര്‍ഷം മത്സരിക്കാനാകില്ല. ഈ വര്‍ഷത്തെ ഫൈനല്‍ മത്സരം താത്കാലികമായി നിറുത്തി വച്ചിരിക്കുന്നതായി സംഘാടകര്‍ ആദ്യം അറിയിച്ചത്.
1925 മുതല്‍ നടക്കുന്ന സ്പെല്ലിംഗ് ബീ മത്സരം രണ്ടാം ലോകമഹായുദ്ധ സമയമായ 1943 മുതല്‍ 1945 വരെയാണ് നടക്കാതിരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കടുത്ത ഫൈനല്‍ പോരാട്ടം സമനിലയിലവസാനിച്ചതോടെ എട്ട് പേരെയാണ് വിജയികളായി പ്രഖ്യാപിച്ചത്. സ്പെല്ലിംഗ് ബീയുടെ ചരിത്രത്തില്‍ ആദ്യമായാണ് എട്ടു പേരെ വിജയികളായി പ്രഖ്യാപിക്കുന്നത്.
എട്ടു പേരില്‍ ആറുപേരും ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: