വാഷിങ്ടണ്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിസന്ധിയിലായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി ഹൈന്ദവ സംഘടനകള്‍. ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പലയിടങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൊറോണ സ്റ്റുഡന്റ് സപ്പോര്‍ട്ട് നെറ്റ്വര്‍ക്ക് ഹെല്‍പ്പ്ലൈനിലൂടെ സഹായമെത്തിക്കുകയാണ് ഹൈന്ദവ സംഘടനകളുടെ കൂട്ടായ്മ. ഹിന്ദു യുവ, ഭാരതീയ, വിവേകാനന്ദ ഹൗസ്, സേവാ ഇന്റര്‍ നാഷണല്‍ എന്നീ സംഘടനകളുടെ കൂട്ടായ്മയാണ് വിദ്യാര്‍ഥികളെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 90 വിദ്യാര്‍ഥികള്‍ വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കുന്നു. മരുന്നുകളടക്കമുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതു മുതല്‍ താമസിക്കാനിടമില്ലാത്തവര്‍ക്ക് താല്‍ക്കാലിക സൗകര്യം ഒരുക്കുന്ന ദൗത്യം വരെ ഇവര്‍ ഏറ്റെടുത്തിട്ടുള്ളതായി വാഷിങ്ടണില്‍ നിന്നുള്ള പ്രാദേശിക സംഘാടകരിലൊരാളായ പ്രേം രംഗ്വാനി പറഞ്ഞു.
മാനസികമായി ബുദ്ധിമുട്ടുകളുള്ളവര്‍ക്ക് പ്രത്യേക കൗണ്‍സിലിങ് സേവനവും ഇമിഗ്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് വിദഗ്ധരുടെ സഹായവും ഹെല്‍പ്പ്ലൈനില്‍ ഒരുക്കിയിട്ടുണ്ട്.
സാമ്പത്തിക, ആരോഗ്യ ഇമിഗ്രേഷന്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളെ കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹത്തെ ബോധവല്‍കരിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ വിദ്യാര്‍ഥികളെ സാമ്പത്തികമായും ഹെല്‍പ്പ്ലൈന്‍ വഴി ഇവര്‍ സഹായിക്കുന്നു.
നിലവില്‍ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്ന വിവിധ സര്‍വകലാശാലകളിലായി രണ്ടര ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അമേരിക്കയിലുള്ളത്. പലരോടും ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ചില സര്‍വകലാശാലകള്‍ അന്താരാഷ്‌ട്ര വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം നല്‍കിയെങ്കിലും നിരവധി പേരാണ് സ്വന്തമായി താമസത്തിനുള്ള ഇടം തേടി അലയുന്നത്.
ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ അനേകം ഹോട്ടല്‍, മോട്ടല്‍ ഉടമകളും ഇന്ത്യന്‍ സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: