തിരുവനന്തപുരം: സ്പ്രിന്‍ങ്ക്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് സിപിഎം. അതേസമയം, കരാറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കോവിഡ് കാലം കഴിഞ്ഞ് പാര്‍ട്ടി തന്നെ പരിശോധിക്കുമെന്നും ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി. കരാറിലൂടെ വ്യക്തിവിവരങ്ങള്‍ ചോരില്ലെന്ന് ഉറപ്പുവരുത്തിയെന്നാണ് യോഗം വിലയിരുത്തുന്നത്. കോവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയ നപടികളെ ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ വിവാദം. കേരളത്തിന്റെ വിശാലയോജിപ്പിനെ തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും യോഗം വിലയിരുത്തി. രോഗകാലം കഴിഞ്ഞാല്‍ വിവാദവുമായി ബന്ധപ്പെട്ട നടപടികള്‍ പരിശോധിക്കും. അസാധാരണകാലത്ത് അസാധരണ നടപടി എടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. അത്തരം നടപടിക്ക് നിയമപരമായ സാധുതയുണ്ടെന്നും പാര്‍ട്ടി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പ്രതിപക്ഷവും ഒരു കൂട്ടം മാധ്യമങ്ങളും ശ്രമിക്കുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ തടയാല്‍ ഭാവിയില്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും പാര്‍ട്ടി വിലയിരുത്തി.
അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് യോഗത്തില്‍ മുഖ്യമന്ത്രി ഒരു വാക്കുപോലും പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. വിവാദം മനപൂര്‍വം കെട്ടച്ചമച്ചതാണെന്ന മുഖവുരയോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ഇക്കാര്യങ്ങളെല്ലാം യോഗത്തെ അറിയിക്കുകയായിരുന്നു.
വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നു കര്‍ശന ഇടപെടല്‍ ഉണ്ടായതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യക്തികളുടെ ചികിത്സാ വിവരങ്ങള്‍ അതിപ്രധാന്യം ഉള്ളതാണ്. അതു സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. അതുവരെ സ്പ്രിന്ങ്ക്റിനു ഒരു ഡാറ്റായും കൈമാറരുതെന്നും കോടതി. വിഷയത്തില്‍ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഒരു ഡാറ്റയും അപ് ലോഡ് ചെയ്യരുതെന്ന് ഉറപ്പാക്കണമെന്നും കോടതി. ഇന്നു ഹര്‍ജി പരിഗണിച്ച കോടതി ഡാറ്റാ സംരക്ഷണം സംബന്ധിച്ചു പതിനഞ്ചു മിനിറ്റിനകം സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ചു. എന്നാല്‍, സത്യവാങ്മൂലം നാളെ നല്‍കാമെന്നും ജനങ്ങളുടെ വ്യക്തി സുരക്ഷ വിവരങ്ങള്‍ ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നു മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: