തൃശൂര്‍: കൊറോണ രോഗ വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവ അടഞ്ഞു കിടക്കുന്നതിനാല്‍ ഗ്രാമ-നഗരഭേമന്യേ വീടുകളിലെ അടുക്കളകള്‍ സജീവമായി. വന്‍കിട ഹോട്ടലുകളില്‍ ലഭിച്ചിരുന്ന ചിക്കന്‍ വിഭവങ്ങള്‍ സ്വഗൃഹങ്ങളില്‍ പാചകം ചെയ്ത് വിജയിച്ചിരിക്കുകയാണ് മലയാളികള്‍.
ഓരോ ദിവസവും പുതിയ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനാല്‍ വീട്ടമ്മമാരോടൊപ്പം ഗൃഹനാഥന്മാരും ഇപ്പോള്‍ പാചകത്തിന്റെ തിരക്കിലാണ്. ഇതോടെ തകര്‍ച്ചയിലേക്ക് കൂപ്പു കുത്തിയിരുന്ന ചിക്കന്‍ വിപണിയും ഉഷാറായി. എല്ലാ ചിക്കന്‍ സ്റ്റാളുകളിലും നിരവധി പേര് എത്തുന്നതിനാല്‍ ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്ത സ്ഥിതിയാണ്. ബ്രോസ്റ്റ്, ഗ്രില്‍ഡ്, അല്‍ഫാം വിഭവങ്ങളാണ് വീടുകളില്‍ പാചകം ചെയ്യുന്നതിലേറെയും.
ഇതിനു പുറമേ നവമാധ്യമങ്ങളില്‍ തരംഗമായി മാറിയ ബക്കറ്റ് ചിക്കനും പ്രധാന വിഭവമാണ്. അതേസമയം ഇഷ്ട വിഭവങ്ങള്‍ ദിവസങ്ങളോളം ലഭിക്കാതിരുന്ന മലയാളികള്‍ പാചക പരീക്ഷണത്തിനിറങ്ങിയത് പോലീസിന് തലവേദനയായിട്ടുണ്ട്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാവും പകലുമായി ലോക്ഡൗണ്‍ ലംഘിച്ച് സംഘം ചേര്‍ന്ന് കോഴി ചുടുന്നതും ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയതിനുമെല്ലാം നിരവധി കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: