കോഴിക്കോട്: അകത്തിരിക്കുമ്പോള്‍ വെറുതെയിരിക്കുകയല്ല ഉള്ളറിയാനുള്ള ദര്‍ശനങ്ങള്‍ പകര്‍ന്നു കൊടുക്കുകയാണ് ഈ അദ്ധ്യാപക ദമ്പതികള്‍. സംസ്കൃതവും വേദാന്ത ദര്‍ശനങ്ങളും പകര്‍ന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ പ്രൊഫ.എം.വി. നടേശനും സംസ്കൃത അധ്യാപികയായ ഭാര്യ ഗീതയും മാതൃകയാകുന്നു. ഇവരുടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് ഭാരതത്തിന്റെ അതിരുകള്‍ കടന്നുള്ള പഠിതാക്കളുമാണ്.
സംസ്കൃതഭാരതി, സനാതന ധര്‍മ്മ ട്രസ്റ്റ്, ഗുരുകുലം സ്റ്റഡി സെന്റര്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രൊഫ. നടേശന് ക്ലാസ്സുകള്‍ നയിക്കുന്നത്. സംസ്കൃതം, ശങ്കര ദര്‍ശനം, ഗുരുദേവ ദര്‍ശനം എന്നിവയ്ക്ക് പുറമെ കൊടുങ്ങല്ലൂര്‍ വേദിക് വിഷന്‍ ഫൗണ്ടേഷന് നടത്തുന്ന പരിപാടിയില്‍ ശിവസംഹിത എന്ന യോഗ ഗ്രന്ഥത്തെക്കുറിച്ച് ക്ലാസെടുക്കുന്നുണ്ട്. ചില ക്ലാസുകളില്‍ 110 ലധികം പേര് വരെ പങ്കെടുക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ളവരില്‍ മുതിര്ന്നവരാണേറെയും.
‘സൂം’ ആപ്പിലൂടെയും വാട്ട്സ്ആപ്പിലൂടെയുമാണ് ക്ലാസുകള്‍. കൊറോണ രോഗം ഏല്‍പ്പിച്ച ആഘാതം മനുഷ്യനെ ഏറെ ചിന്തിപ്പിക്കുന്നുണ്ട്. ഭാരതീയ ദര്‍ശനങ്ങളുടെ ശാസ്ത്രീയതയും സാര്‍വ്വകാലികത്വവും മനസ്സിലാക്കാന്‍ ഇപ്പോള്‍ ആളുകള്‍ സമയം കണ്ടെത്തുന്നു. ഉര്‍വ്വശി ശാപം ഉപകാരമായി എന്നാണ് ലോക്ഡൗണ്‍ കാലത്തെ അവര്‍ വിശേഷിപ്പിക്കുന്നത്. ഓരോ വ്യക്തിക്കും മാനസികമായി ശാന്തി നല്കുന്ന വലിയൊരു അനുഭവമാണ് പകര്‍ന്ന് നല്‍കുന്നത്. മാനവകുലം സംഘര്‍ഷത്തിലേയ്ക്കു പോകുന്തോറും ഇത്തരത്തിലുള്ള ശാന്തിമന്ത്രങ്ങള്‍ക്കും വിജ്ഞാനത്തിനും പ്രാധാന്യമുണ്ട്. ആശങ്കകള്‍ ആധിയായിമാറി അത് മാനസികവും ശാരീരികവുമായ രോഗങ്ങളുണ്ടാക്കുമെന്ന് വാഗ്ഭടാനന്ദന് പറഞ്ഞിട്ടുള്ളതായി പ്രൊഫസര്‍ ചൂണ്ടിക്കാണിക്കുന്നു.
മാനവകുലം ആഗ്രഹിക്കുന്നത് വ്യക്തിപരമായ ശാന്തിയും സമാധാനവുമാണ്. വിജ്ഞാനത്തിന്റെ പ്രസക്തിയും ഇവിടെയാണ്. ബെംഗളൂരുവും ഹൈദരാബാദിലുമുള്ള മലയാളികളും ക്ലാസ്സിലുണ്ട്. സംസ്കൃത ഭാരതിയിലൂടെയുള്ള സംസ്കൃത ക്ലാസില്‍ മിക്കവാറും സംസ്ഥാനങ്ങളിലെ മലയാളികളല്ലാത്തവരും പങ്കെടുക്കുന്നുണ്ടെന്നും പ്രൊഫ. നടേശന് പറയുന്നു. സാധാരണ ഏപ്രില്‍ മെയ് മാസങ്ങളില്‍ ക്ഷേത്രങ്ങളിലും സാംസ്കാരിക സമ്മേളനങ്ങളിലും നിറഞ്ഞ് നില്‍ക്കാറാണ് പതിവെങ്കില്‍ ലോക്ഡൗണ്‍ കാലഘട്ടം മറ്റൊരു നിയോഗമായിരുന്നു. അതും പത്നീ സമേതനായി. വടക്കാഞ്ചേരി ഗവ.ഹൈസ്ക്കൂള് സംസ്കൃത അധ്യാപികയാണ് ഗീത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: