കണ്ണൂര്‍: കൊറോണ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സന്നദ്ധം പാസ് വിതരണത്തില്‍ സര്‍ക്കാര്‍ തികഞ്ഞ രാഷ്ട്രീയ പക്ഷപാതം കാട്ടുകയാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കോര്പ്പറേഷന്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് സെക്രട്ടറിമാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പാസ്സ് അനുവദിക്കുന്നില്ല. വാര്‍ഡ് മെമ്പര്‍മാരുടെയോ പ്രസിഡന്റിന്റെയോ സമ്മതപത്രം വേണമെന്നാണ് സെക്രട്ടറിമാര്‍ പറയുന്നത്. പ്രശ്നം നിരവധി തവണ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
40 വയസ്സിന് മുകളിലുള്ള സിപിഎം, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് പാസ്സ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിഷേധിക്കുകയാണ്. പതിനായിരക്കണക്കിന് ഭക്ഷണ കിറ്റുകളും ഭക്ഷ്യോല്‍പ്പന്ന കിറ്റുകളും ബിജെപിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത് സര്‍ക്കാരിന്റെയോ പഞ്ചായത്തിന്റെയോ സാമ്പത്തിക സഹായമില്ലാതെയാണ്. ഇനിയും വിതരണം തുടരുക തന്നെ ചെയ്യും. തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന കമ്യൂണിറ്റി കിച്ചണുകള്‍ കമ്യൂണിസ്റ്റ് കിച്ചണുകളായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ആവശ്യക്കാര്‍ക്കെല്ലാം ഭക്ഷണം കിട്ടാത്ത സാഹചര്യമാണുള്ളത്. കൊറോണ ഫണ്ട് ചില തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിപ്പ് നടത്തുന്നതായി സംശയിക്കുന്നു. മരുന്നുകളും ഭക്ഷണ കിറ്റുകളും വിതരണം ചെയ്യുന്ന ബിജെപി പ്രവര്‍ത്തകരെ ചില പോലീസുകാര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയാണ്. മരുന്നുവിതരണം ചെയ്യുന്നതിനിടെ ന്യുമാഹിയിലെ ദയാനന്ദന് എന്ന ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എസ്ഐക്കെതിരെ നടപടി സ്വീകരിക്കണം. ബിജെപി പ്രവര്‍ത്തകര്‍ക്ക് പാസ്സ് നിഷേധിക്കുകയാണെങ്കില്‍ വിലക്ക് ലംഘിച്ച് സമരത്തിനിറങ്ങുമെന്നും പ്രശ്നത്തിന് അടിയന്തിര പരിഹാരം വേണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: