മികച്ച കുതിപ്പോടെ ഗ്രൗണ്ടുകളിലെ ഹര്‍ഡില്‍സുകള്‍ താണ്ടുന്ന പി ടി ഉഷയ്ക്ക് കളത്തിനുപുറത്തും ഹര്‍ഡില്‍സുകള്‍ നിരവധിയായിരുന്നു. സംഘാടകരുടെയും ഒഫിഷ്യലുകളുടെയും സഹതാരങ്ങളുടെയും കൂരമ്പുകളേറ്റ് ഉഷയ്ക്ക് പലപ്പോഴും മുറിവേറ്റിട്ടുണ്ട്. ഒതുക്കി തീര്‍ക്കലുകളുടേയും ചവിട്ടിതാഴ്ത്തലുകളുടെയും ലോകം എന്നും ഉഷയ്ക്ക് ചുറ്റും ഉണ്ടായിരുന്നു.
ഈഗോ കോപ്ലക്സിലൂന്നിയ മനോഭാവമാണ് മലയാളികളടങ്ങിയ അന്നത്തെ പ്രമുഖതാരങ്ങള്‍ ഉഷയോട് കൈക്കൊണ്ടത്. പ്രമുഖ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍പോലും തങ്ങളിലൊരാളായി ഉഷയെ കൂട്ടാന്‍ അവര്‍ ശ്രമിക്കാറില്ലായിരുന്നു. തന്റെ നേട്ടങ്ങളോടുള്ള അസൂയയായിരിക്കാം കാരണമെന്ന് ഉഷ പറയുന്നു.
‘കൂടുതല്‍ മലയാളികള്‍ കൂടെയുണ്ടായിരുന്നെങ്കിലും ഞാനന്ന് കൂട്ട് വന്ദനാറാവുവും വിജയകാ ഭാനോട്ടുമൊക്കെയുമായിട്ടായിരുന്നു. മറ്റൊന്നുംകൊണ്ടല്ല മലയാളിതാരങ്ങള്‍ക്കെന്നോടടുക്കാന്‍ വലിയ താല്പര്യമൊന്നും കണ്ടില്ല. പണ്ടുമുതലേ ആരുമായും അത്ര ഇന്റിമസി സൂക്ഷിക്കാന്‍ മെനക്കെടാറില്ല. എല്ലാവരോടും ഒരേപോലെ പെരുമാറാനാണ് ശ്രമിക്കാറ്. ലോക അത്ലറ്റിക് മീറ്റ്, റെയില്‍വേ മീറ്റ് എന്നിവക്കൊക്കെ ഞങ്ങള്‍ ഒന്നിച്ചുപോകുമായിരുന്നു. കേരള താരങ്ങളൊക്കെ ഒന്നിച്ച് ഒരു റൂമില്‍ താമസിച്ച് ഭക്ഷണം പാകം ചെയ്തു കഴിക്കും. എന്നെ കൂട്ടില്ല. ആരെങ്കിലും ആളുകളുടെ മുന്നില്‍വെച്ച് പരിഹസിച്ചാല്‍ ഞാന്‍ തിരിച്ചൊന്നും പറയാറില്ല. തല്‍ക്കാലത്തേക്ക് ഭയങ്കര വിഷമം തോന്നും. ചിലപ്പോള്‍ ഉള്ളില്‍ കരയുകയായിരിക്കും.
ഒരുപാടൊരുപാട് പരിഹാസം ഞാന്‍ നേരിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത എതിര്‍പ്പുകളെ ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നിട്ടും ഞാനാരെയും ഒന്നും പറയാറില്ല. എനിക്ക് വേണമെങ്കില്‍ ഡയറക്ടായിട്ട് അവരെ ഹിറ്റ് ചെയ്യാം. പക്ഷേ, ഞാന്‍ ചെയ്യാറില്ല. ഹിരോഷിമ ഏഷ്യന്‍ ഗെയിംസിന്റെ ട്രയല്‍സ് ലക്നോവില്‍ നടക്കുന്നു. ജ്യോതിര്‍ഗയി സിക്ദറിനും ഷൈനിക്കും ബഹാദൂര്‍ പ്രസാദിനുമെല്ലാം പേസ് റണ്ണറെ വെച്ച് ഓടിക്കുമായിരുന്നു. ആ സമയത്ത് 200 മീറ്ററില്‍ ഞാന്‍ ട്രാക്കിലോടാന്‍ നേരത്ത് വേറെ ഏഴുപേര്‍ എന്‍ട്രി നല്‍കിയിട്ടുണ്ട്. ഞാന്‍ വാമപ്പ് ചെയ്ത് ഓടാന്‍ തയ്യാറായി നില്ക്കുമ്പോള് അവരൊക്കെ പിന്‍വാങ്ങികളഞ്ഞു. ഏഴാളും എനിക്കൊപ്പം ഓടാന്‍ തയ്യാറായില്ല. അപ്പോള്‍ ലക്നോയില്‍ സ്പോര്‍ട്സ് കോളേജില്‍ എനിക്ക് പേസ് ചെയ്തുതരാന്‍ ജൂനിയര്‍ പയ്യന്മാരുണ്ട്. അവരെ എന്നോടൊപ്പം ഓടിപ്പിക്കാന് അപേക്ഷിച്ചെങ്കിലും അവര്‍ സമമതിച്ചില്ല. പയ്യന്മാര് തയ്യാറായിട്ടും എന്റെ കൂടെ പേസ് റണ്ണര്‍ ഓടേണ്ടെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവര്‍. പിന്നെ ഞാനെന്ത് ചെയ്യും? ഞാന്‍ ഒറ്റക്കോടി. ക്വാളിഫൈ ചെയ്യാന്‍ പറ്റില്ലെങ്കിലും തോറ്റു കൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു’.
‘1995ല്‍ ചെന്നെയില്‍ സാഫ് ഗെയിംസ് നടക്കുന്നു. കാര്യമായി കോംപറ്റീഷന്‍ കിട്ടാത്തതുകൊണ്ട് അതിനുമുമ്പ് സാഫ് ഗെയിംസുകളില്‍ ഞാന്‍ പങ്കെടുക്കാറില്ലായിരുന്നു. കൊല്‍ക്കത്തയില്‍ സാഫ് ഗെയിംസ് നടന്ന സമയത്ത് ആരാധകരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഓടി സ്വര്‍ണം നേടിയിരുന്നു. ചെന്നെയില്‍ എന്നെയാണ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. സത്യം പറഞ്ഞാല്‍ എനിക്കതിലൊന്നും വലിയ താല്പര്യം തോന്നിയില്ല. എനിക്ക് ഓടണം. ജയിക്കണം. അത്രയൊക്കെയേ ഉള്ളൂ. അല്ലാതെ ക്യാപ്റ്റന്‍ഷിപ്പില്‍ വന്നിട്ട് വലിയ ആളായി നടക്കണമൊന്നുമില്ല. എന്നിട്ടും രാജ്യത്തിന്റെ ക്യാപ്റ്റന്‍ പദവി നിരസിക്കുകയെന്ന ധിക്കാരം കാട്ടാന്‍ ആളല്ലാത്തതുകൊണ്ട് ആ ചുമതല സന്തോഷപൂര്‍വ്വം ഏറ്റെടുത്തു. മുഴുവന്‍ സാഫ് രാജ്യങ്ങളും ഉദ്ഘാടനചടങ്ങിന് തയ്യാറായി നില്‍ക്കുകയാണ്. ഓരോ ടീമും ഗ്രൗണ്ടിലേക്ക് ഇറങ്ങാനായി തയ്യാറെടുത്ത സമയം. ഇന്ത്യന്‍ ടീമിനെ ലീഡ് ചെയ്ത ദേശീയപതാകയുമേന്തി ഞാന്‍ ഏറ്റവും മുന്നില്‍. എന്നാല്‍ മറ്റൊരു താരത്തിന് പതാക കൈമാറാന്‍ അവസാന നിമിഷം സംഘാടകര്‍ എന്നോടു പറഞ്ഞു. ഏറെ ദു ഖം തോന്നി. വലിയ പ്ലാഗുമേന്തി മറ്റോരു താരം മാര്‍ച്ച് ചെയ്യുമ്പോള്‍ അനൗണ്സര് വിളിച്ചുപറഞ്ഞത് ഇന്ത്യന്‍ ടീമിനെ ലീഡ് ചെയ്ത് പി.ടി. ഉഷ പോകുന്നുവെന്നായിരുന്നു’.
‘ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ് തിരുവനന്തപുരത്ത് പോലീസ് ഗ്രൗണ്ടില്‍ നടക്കുമ്പോള്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഫൈനലിലേക്കു യോഗ്യത നേടിയ എന്റെ പ്രധാന പ്രതിയോഗി പഞ്ചാബില്‍നിന്നുള്ള ഹര്‍ജിത് കൗറായിരുന്നു. ഓട്ടം തുടങ്ങാനുള്ള വിസില്‍ മുഴങ്ങിയതും ഞങ്ങള്‍ സ്റ്റാര്‍ട്ടിങ് ബ്ലോക്കിലെത്തി. തുടര്‍ന്നു വെടിപൊട്ടിയും ഞങ്ങള്‍ കുതിച്ചു. എന്റെ വലതുവശത്തുണ്ടായിരുന്ന കുട്ടി ആദ്യ ഫൗള്‍ ചെയ്തു. പക്ഷേ ആ ഫൗള്‍ റഫറി എന്റെ പേരിലാണ് എഴുതിച്ചേര്‍ത്തത്. പിന്നീട് രണ്ടാമതും ഓട്ടത്തിനായുള്ള വെടി പൊട്ടിയതും എന്റെ ഇടതുവശത്തുണ്ടായിരുന്ന കുട്ടി ഫൗള്‍ ചെയ്തു. അതും റഫറി എന്റെ പേരില്‍ എഴുതിച്ചേര്‍ത്ത് എന്നെ മല്‍സരത്തില്‍ നിന്ന് അയോഗ്യയാക്കി. പക്ഷേ തിരുവനന്തപുരത്തെ കാണികളും കേരള ടീം മാനേജറും നമ്പ്യാര്‍ സാറും ഫൗള്‍ ചെയ്തത് മറ്റുള്ള കുട്ടികളാണെന്നും ചൂണ്ടിക്കാട്ടി. കേരളത്തിന് ഉറപ്പായ സ്വര്‍ണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാനില്ലാതെ മല്‍സരം തുടര്‍ന്നുനടത്താന്‍ സംഘാടകര്‍ ശ്രമിച്ചു. അത്ലറ്റിക്സിലെ നിയമങ്ങളെപ്പറ്റി നല്ല നിശ്ചയമുള്ള കാണികള്‍ വിടുമോ?. അവര്‍ ഉഷയില്ലാതെ മീറ്റ് നടത്താന്‍ അനുവദിക്കുകയില്ലെന്നു പറയുകയും സ്റ്റേഡിയം കത്തിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതതോടെ ഒഫിഷ്യലുകള്‍ പേടിച്ചു. തുടര്‍ന്നു ടെക്നിക്കല്‍ കമ്മറ്റി സ്റ്റാര്‍ട്ടില്‍ പോയിന്റിലെത്തി സ്റ്റാര്‍ട്ടറോടും റഫറിയോടും സംസാരിച്ചശേഷം മറ്റു കുട്ടികളാണു ഫൗള്‍ ചെയ്തതെന്നു മനസ്സിലാക്കി. പിറ്റേദിവസം മല്‍സരം വീണ്ടും നടത്താന്‍ തീരുമാനിച്ചു. ആ മല്‍സരത്തില്‍ തിരുവനന്തപുരത്തെ കാണികളുടെ പ്രതീക്ഷ ദേശീയ സ്കൂള്‍ റെക്കോര്‍ഡോടെ പൂവണിയിക്കാന്‍ എനിക്കായി.
1979ലേതിനേക്കാള്‍ വലിയൊരു പ്രതിസന്ധി 84ല്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ലോസ് ഏഞ്ചലസ് ഒളിമ്പിക്സിനുള്ള ആദ്യ സെലക്ഷന് മീറ്റായ അന്തര്‍ സംസ്ഥാന മീറ്റ് ദല്‍ഹിയില്‍ നടന്നപ്പോഴാണ്. ട്രാക്കില്‍ സമരം ചെയ്യുന്ന അത്ലറ്റുകളെ ഞാന്‍ ആദ്യമായി കണ്ടത് അന്നാണ്. ആ സംഭവം ഓര്‍ക്കുമ്പോള്‍ ഇന്നു ചിരിയാണു വരുന്നത്. ആ കാലത്തായിരുന്നു ഞാന്‍ 400 മീറ്റര്‍ ഓട്ടം ചെയ്തു തുടങ്ങിയതേയുള്ളു. ദല്‍ഹി മീറ്റില്‍ കേരളത്തെ 400 മീറ്റര്‍ ഹര്‍ഡ്സില്‍ പ്രതിനിധാനം ചെയ്യാന്‍ യോഗ്യത നേടി രണ്ടുപേര്‍ എത്തിയിരുന്നു. ഏഷ്യാഡ് സ്വര്‍ണമെഡല്‍ നേതാവ് എം.ഡി വത്സമ്മ, കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളില്‍ എന്നോടൊപ്പം പഠിച്ചിരുന്ന ആമിന. ഞാന്‍കൂടി മത്സരിക്കാന്‍ തയ്യാറായി എനിക്ക് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനുവേണ്ടി ഓടാന്‍ എന്‍ട്രി ലഭിക്കുകയും ചെയ്തു. ഞാന്‍ സ്പൈക്കിട്ട് ഓടാന്‍ തയ്യാറായി വന്നപ്പോള്‍ മറ്റുള്ള താരങ്ങളെല്ലാം ഒന്നിനും തയ്യാറാകാതെ ട്രാക്കില്‍ കുത്തിയിരിക്കുന്നു. ഞാന്‍ ഓടുന്നതിലെ വിരോധമാണു സമരകാരണമെന്നു കേട്ടിരുന്നു. പക്ഷേ ഞാന്‍ ഇന്നും വിശ്വസിക്കുന്നതു കാരണം അതല്ലായിരുന്നെന്നാണ്. അവര്‍ എട്ടുപേരുണ്ടായിരുന്നു. അതിനാല്‍ തന്നെ നേരിട്ടു ഫൈനല്‍ നടത്താം. ഞാന്‍കൂടി ഓടുന്നുണ്ടെങ്കില്‍ ഹീറ്റ്സ് നടത്തേണ്ടിവരും. ഇതിലുള്ള പ്രതിഷേധമായിരുന്നിരിക്കാം കാരണം. ഏതായാലും ആ സംഭവം എന്നില്‍ ഏറെ വിഷമമുണ്ടാക്കി. എന്തായാലും ഉഷ ഓടണമെന്ന് പലരും പറഞ്ഞു. എന്നാല്‍ ഞാന്‍ സ്വയം മാറിനിന്നു. അന്ന് എനിക്ക് ആ റേസ് കിട്ടാന്‍ നമ്പ്യാര്‍സാര്‍ ഏറെ ശ്രമിച്ചു. ഒളിമ്പിക്സിനുമുമ്പ് ഒരു റേസെങ്കിലും കൂടുതല്‍ ലഭിച്ചാല്‍ അത്രയും ഗുണകരമാകുമായിരുന്നു. സത്യത്തില്‍ അന്ന് ഓടാതിരുന്നതു ശരിക്കും നഷ്ടമായി. ഏഷ്യന്‍ ചാമ്പ്യനായിരുന്ന വല്‍സമ്മയുമായി അന്നു മത്സരിച്ചിരുന്നെങ്കില്‍ എനിക്കു കുറച്ചു മെച്ചപ്പെട്ട മയം കിട്ടിയേനെ. ലോസ് ഏഞ്ചലസിലേക്കു പോകും മുമ്പ് എനിക്കു പിന്നെ ലഭിച്ചതു രണ്ടേ രണ്ടു റേസാണ്. മുംബൈയില്‍ ദേശീയ ഓപ്പണ്‍ മീറ്റും ദല്‍ഹിയില്‍ ഒളിമ്പിക്സ് ടീമിലേക്കുള്ള അവസാനവട്ട സെലക്ഷന് ട്രയല്‍സും. എല്ലായിടത്തും താരങ്ങള്‍ ഒളിമ്പിക്സിനെല്ലാം പോകുമ്പോള്‍ കുറഞ്ഞത് 10 20 റേസെങ്കിലും ചെയ്തിരിക്കും. എനിക്കതിനു കഴിഞ്ഞില്ല. എന്നിട്ടും ഒളിമ്പിക്സില്‍ എനിക്കു മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞു. ഒരു രാജ്യത്തിന്റെ മുഴുവന്‍ ആദരവ് ലഭിക്കുകയെന്ന അപൂര് നേട്ടത്തിന് മെഡല്‍ ലഭിക്കാഞ്ഞിട്ടും ഞാന്‍ അര്‍ഹയായി.
‘ഇതുപോലുള്ള എത്രയോ അനുഭവങ്ങളെനിക്കുണ്ട്. ഞാന്‍ 1988ല്‍ പരിക്ക് കാരണം പെര്‍ഫോമന്‍സ് ചെയ്യാതെ വന്നപ്പോള്‍ രാജ്യത്തെ വഞ്ചിച്ചുവെന്ന് മില്‍ഖാസിംഗും സുരേഷ് ബാബുവുമൊക്കെ കൊട്ടിഘോഷിച്ചു. മേല്‍ത്തട്ടിലുള്ളവരൊക്കെ എന്നും ഉപദ്രവിച്ചിട്ടേയുള്ളൂ. ഇന്നും ഉപദ്രവിക്കുന്നേയുള്ളൂ. പക്ഷേ, സാധാരണക്കാര്‍ ഒരിക്കലും എന്നെ വെറുംവാക്കുകൊണ്ടുപോലും നോവിച്ചിട്ടില്ല. എനിക്കതുമതി’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: