തിരുവനന്തപുരം: കൊറോണ ദുരിതത്തില്‍ കൈത്താങ്ങു നീട്ടിയവരല്ല സ്പ്രിങ്ക്ളര്‍ കമ്പനിയെന്നു വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തു തന്നെ സിപിഎമ്മിനുവേണ്ടി അവര്‍ പണം ഒഴുക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഉപദേശക ഗണത്തില്‍പ്പെട്ടവരായിരുന്നു ഇടനിലക്കാര്‍. ഇപ്പോഴത്തെ ഇടപാടിലും പണം എത്തുന്നത് പാര്‍ട്ടി ഫണ്ടിലേക്ക്. സിപിഎമ്മിന്റെ ഐടി വ്യാപാരത്തിന്റെ മുഖ്യദല്ലാള്‍ ഐടി സെക്രട്ടറി.
പൗരന്മാരുടെ വിവര ശേഖരണം നടത്തി വിറ്റ് കിട്ടുന്ന കോടിയുടെ വിഹിതം പാര്‍ട്ടിക്കു കിട്ടിയതിനാലാണ് സിപിഎം പോളിറ്റ് ബ്യൂറോ മുതല്‍ താഴെത്തട്ടിലെ ലോക്കല്‍ സെക്രട്ടറി വരെ സ്പ്രിങ്ക്ളര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് കലവറയില്ലാത്ത പിന്തുണ നല്കാന് വെപ്രാളപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ സിപിഎം പ്രതിനിധികള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ കോടിക്കണക്കിന് രൂപ കമ്പനി ചിലവഴിച്ചപ്പോള്‍ മറ്റ് എല്‍ഡിഎഫ് അംഗങ്ങള്‍ മത്സരിച്ച ഇടങ്ങളില്‍ സ്ഥാനാര്‍ഥിക്ക് അനുസരിച്ച് തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുകയായിരുന്നു. ചില മുന്‍കാല കച്ചവട ശ്രമങ്ങള്‍ ഇതിനു മുമ്പും ചില സോഫറ്റ്വെയര്‍ കച്ചവടങ്ങള്‍ സിപിഎമ്മിനുവേണ്ടി നടത്താന്‍ ഐടി സെക്രട്ടറി ശ്രമിച്ചെങ്കിലും ചിലതെല്ലാം പൊളിഞ്ഞു. അക്ഷയ പദ്ധതിയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ വിതരണം, സംസ്ഥാന സഹകരണ സ്ഥാപനങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ്വെയര് തുടങ്ങിയ നീക്കങ്ങളാണ് വിജയിക്കാതെ പോയത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ വകുപ്പുകളിലെ സോഫ്റ്റ്വെയര് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏത് കരാറുകാരനും ആദ്യം കാണേണ്ടത് പാര്‍ട്ടി സംസ്ഥാന നേതാവിനെയാണ്. തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പിനെ സമീപിക്കണം. ഇതാണ് രീതി. അതിനാലാണ് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സിപിഎം ഒന്നടങ്കം രംഗത്തെത്തിയത്.
അഭിമുഖത്തിനു പിന്നാലെ നേതാക്കള്‍ രംഗത്ത് വിവാദം കൊടുമ്പിരികൊള്ളുമ്പോള്‍ പാര്‍ട്ടി വൃത്തങ്ങള്‍ ആരും പ്രതികരിക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ഏറ്റുപറച്ചിലിന് പിന്നാലെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം ഉള്‍പ്പെടെ എത്തിയത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. കരാറിലെ അഴിമതിയുടെ ശ്രദ്ധതിരിക്കാന്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുന്നുവെന്ന പ്രചരണം നടത്താനും പാര്‍ട്ടി ശ്രമം ആരംഭിച്ചിട്ടുണ്ട്.
സിപിഐക്ക് വിയോജിപ്പ്
അതേസമയം യുഎസ് കമ്പനി സ്പ്രിങ്ക്ളറുമായി സര്‍ക്കാര്‍ ഡാറ്റാ കരാറിലേര്‍പ്പെട്ടതില്‍ സഖ്യകക്ഷിയായ സിപിഐക്കു കടുത്ത അതൃപ്തിയുണ്ട്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതും നിയമവകുപ്പിനെയും മന്ത്രിസഭയെയും മറികടന്നു നീങ്ങിയതും തെറ്റെന്നാണ് സിപിഐ നേതൃത്വത്തിനുള്ളിലെ വികാരം. ലോക്ഡൗണ്‍ കഴിഞ്ഞ് സിപിഐ നിര്‍വാഹകസമിതി ചര്‍ച്ച ചെയ്തതിനു ശേഷമാകും പരസ്യപ്രതികരണം.
മുഖ്യമന്ത്രി നിരപരാധിയെന്ന വാദമുയര്‍ത്തി നേതാക്കള്‍
മുഖ്യമന്ത്രി നിരപരാധി, ഉത്തരവാദിത്തം മുഴുവന്‍ ഐടി സെക്രട്ടറിക്ക് എന്നു പറഞ്ഞ് രക്ഷപെടാനുള്ള ശ്രമത്തിലാണ് സിപിഎം. പോളിറ്റ് ബ്യൂറോ അംഗം എസ്.ആര്. രാമചന്ദ്രന്‍പിള്ള, നിയമമന്ത്രി എ.കെ. ബാലന്, എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് എന്നിവരുടെ വാര്‍ത്താ സമ്മേളനത്തിലെ പ്രകടനവും സൂചിപ്പിക്കുന്നത് ഇതാണ്.
കരാര്‍ അസാധാരണസ്ഥിതി നേരിടാനുള്ള അസാധാരണ നടപടിയെന്നും അപ്പോള്‍ അതില്‍ എല്ലാം മാനദണ്ഡങ്ങളും പാലിക്കപ്പെടണമെന്ന് നിഷ്കര്‍ഷിക്കാനാകില്ലെന്നുമാണ് എസ്. രാമചന്ദ്രന് പിള്ള പറഞ്ഞത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നികൃഷ്ടമായി പെരുമാറുന്നുവെന്നാണ് എ. വിജയരാഘവന്റെ വാദം. സ്പ്രിങ്ക്ളറിന് കരാര്‍ നല്‍കിയതില്‍ തെറ്റില്ലെന്നും അത് നിയമവകുപ്പ് അറിയേണ്ടിതല്ലെന്നുമാണ് എ.കെ. ബാലന് പറഞ്ഞത്. മാത്രമല്ല പിഴവുണ്ടായാല്‍ ഐടി വകുപ്പിന്റെ ഉത്തരവാദിത്വമാണെന്നും വെറുതേ കിട്ടുന്നതു സ്വീകരിക്കുന്നതിന് എന്താണ് തടസമെന്നുമാണ് എ.കെ. ബാലന് പ്രതികരിച്ചത്. കരാറില്‍ യാതൊരു ക്രമക്കേടുമില്ലെന്നും എല്ലാം സുരക്ഷിതമാണെന്നും ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: