ന്യൂദല്‍ഹി: ആശങ്കയുണ്ടെങ്കില്‍ അതു പറയും, ആശ്വാസമാണെങ്കില്‍ അതു പറയും. നാടകീയത സൃഷ്ടിക്കലില്ല. അതിശയോക്തി കലര്‍ന്ന ഉപദേശങ്ങളില്ല. രാജ്യത്തിന്റെ കൊറോണ പ്രതിരോധത്തിന്റെ വാക്കാണിപ്പോള്‍ ലവ് അഗര്‍വാള്‍ എന്ന നാല്പ്പത്തെട്ടുകാരന്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മുന്നു മണിയോടെ ന്യൂദല്‍ഹിയിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പത്രസമ്മേളന ഹാളില്‍ നിന്ന് ലവ് സംസാരിക്കുന്നത് രാജ്യം ഉറ്റുനോക്കുന്നുണ്ട്. ഏറ്റവും പക്വവും ഉചിതവുമായ വാക്കുകളില്‍ ഓരോ ദിവസത്തേയും കൊറോണ സ്ഥിതിവിവരങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ ഈ ജോയിന്റ് സെക്രട്ടറി.
1996, ആന്ധ്രപ്രദേശ് കേഡര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്. നിശബ്ദമായി പ്രവര്‍ത്തിക്കാന്‍ മാത്രം ആഗ്രഹിച്ച ലവ് കഴിഞ്ഞ കുറെ ആഴ്ചകളായി ഓരോ ദിവസവും കേന്ദ്ര സര്‍ക്കാരിന്റെ മുഖമാണ്. കാര്യങ്ങള്‍ കൃത്യമായി പറയുന്നു, ചോദ്യങ്ങളെ മികച്ച രീതിയില്‍ നേരിടുന്നു എന്നാണ് തലസ്ഥാനത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ലവിനെക്കുറിച്ചു പറയുന്നത്.
ഉത്തര്‍പ്രദേശിലെ ഷഹരണ്പുര് ജില്ലയിലാണ് ലവിന്റെ സ്വദേശം. ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് കഴിഞ്ഞാണ് അഡ്മിനിട്രേറ്റീവ് സര്‍വീസില്‍ എത്തിയത്. 2016ലാണ് കേന്ദ്രത്തില്‍ നിയമിതനായത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില മികച്ച പ്രവര്‍ത്തനമാണ് ലവിനെ ശ്രദ്ധേയനാക്കിയത്. ആരോഗ്യമന്ത്രാലയത്തില്‍ ഡിജിറ്റല്‍ ഹെല്‍ത്ത്, ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്, പകര്‍ച്ച വ്യാധികള്‍ എന്നിവ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയാണ് ലവ്.
പതിനാറു മണിക്കൂര്‍ വരെ ലവ് ഇപ്പോള്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നു. അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നതിന് പ്രധാന്യം നല്കുന്ന ലവിന് കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥന് എന്നാണ് വിശേഷണം. എന്നാല്‍ ഒപ്പം ജോലി ചെയ്യുന്നവരില്‍ നിന്ന് ക്രിയാത്മകമായ അഭിപ്രായങ്ങള്‍ വന്നാല്‍ സ്വീകരിക്കാന്‍ ഒട്ടും മടിയുമില്ല. കൊറോണ വ്യാപനത്തിന്റെ തുടക്കത്തില്‍ത്തന്നെ രാജ്യത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം പ്രതിരോധത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് ലവ് ആലോചിച്ചു. കൈകള്‍ നന്നായി കഴുകുക തുടങ്ങിയുള്ള മുന്‍ കരുതലുകള്‍ ജനങ്ങളെ ഓര്‍മിപ്പിക്കുന്ന ഫോണ്‍ കോളര്‍ ട്യൂണുകള്‍ അടക്കമുള്ള ആശയങ്ങള്‍ ലവിന്റേതാണ്.
ലവ് എന്നും മാധ്യമങ്ങളെ കാണുന്നത് ശ്രദ്ധയോടെ കാണാറുണ്ടെന്ന് ജോര്‍ജ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗ്ലോബല്‍ ഹെല്‍ത്തിലെ ഗവേഷകനായ ഡോ. ഉമ്മന്‍ ജോണ്‍ പറയുന്നു. വസ്തുതകള്‍ കൃത്യമായി അവതരിപ്പിക്കുന്നു, എന്നാല്‍ ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുമില്ല, ഇതാണ് ലവിന്റെ പ്രത്യേകത. തനിക്കു ചുറ്റും പ്രവര്‍ത്തിക്കുന്ന ഓരോരുത്തരില്‍ നിന്നും മികച്ച ആശയങ്ങള്‍ സ്വീകരിക്കാനുള്ള കഴിവാണ് ലവിന്റെ സവിശേഷത, ഡോ. ഉമ്മന്‍ ജോണ്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഗോള ഡിജിറ്റല്‍ ആരോഗ്യ പങ്കാളിത്ത ഉച്ചകോടി ഇന്ത്യയില്‍ സംഘടിപ്പിച്ചതിനു പിന്നിലെ പ്രധാന ശക്തി ലവ് ആയിരുന്നു.
സ്ഥിതി ലവ് പക്വതയോടെ കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നുവെന്ന് കേന്ദ്ര സെക്രട്ടറിയായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് അനില്‍ സ്വരൂപ് പറയുന്നു. ലവ് സിവില്‍ സര്‍വീസിന് അഭിമാനമാണ്. പ്രതിസന്ധി ഘട്ടത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന്റെ മികച്ച ഉദാഹരണമാണ് ലവ്. പലര്‍ക്കും മാതൃകയും, അനില്‍ സ്വരൂപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: