കണ്ണൂര്‍: കണ്ണപുരത്ത് ലോക് ഡൗണില്‍ കുടുങ്ങിയ തമിഴ് കുടുംബങ്ങള്‍ ഭക്ഷണമില്ലാതെ ദുരിതത്തില്‍. ഇവര്‍ക്ക് സഹായവുമായി കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രണ്ടു തവണ സേവാഭാരതി ഭക്ഷ്യ വസ്തുക്കളെത്തിച്ച് നല്കി. കല്ല്യാശ്ശേരി പഞ്ചായത്ത് തുടക്ക സമയത്ത് ഭക്ഷണം എത്തിച്ചു നല്‍കിയെങ്കിലും പിന്നീട് സഹായം നല്‍കിയില്ലെന്നാണ് പരാതി.
കണ്ണപുരം വലിയ പുരത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തമിഴ് കുടുംബങ്ങളാണിവര്‍. 28 ക്വാര്‍ട്ടേഴ്സുകളില്‍ ആയി അറുപതിലേറെ പേരാണ് ഇവിടെ താമസിക്കുന്നത്. ലോക് ഡൗണിനെ തുടര്‍ന്ന് ജോലി ഇല്ലാതായ ഇവര്‍ ഭക്ഷണം വാങ്ങാന്‍ പോലും സാധിക്കാതെ ദുരിതത്തിലാണ്. ലോക് ഡൗണ്‍ തുടങ്ങിയ സമയത്ത് കല്ല്യാശ്ശേരി പഞ്ചായത്ത് ഒരുദിവസം ഇവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ക്ക് യാതൊരു സഹായവും നല്‍കിയില്ല എന്നാണ് പരാതി.
വിവിധ ഭാഷാ തൊഴിലാളികളെ സര്‍ക്കാര്‍ സംരക്ഷിക്കും എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നതിനിടയിലാണ് കണ്ണൂരില്‍ നിന്ന് ഇത്തരമൊരു സംഭവം. ആരും തിരിഞ്ഞു നോക്കാതെ ആയതോടെ ദുരിതത്തിലായ ഇവര്‍ക്ക് സേവാഭാരതി മാത്രമാണ് തുണയെന്ന് കോളനി നിവാസികള്‍ പറഞ്ഞു. അതേസമയം കോളനി നിവാസികള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ നല്‍കിയെന്നും ചിലര്‍ പച്ചക്കളളം പ്രചരിപ്പിക്കുകയാണെന്നും സിപിഎം മുഖപത്രം കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചു.
എന്നാല്‍ തങ്ങള്‍ ആദ്യ ഘട്ടത്തില്‍ മാത്രമാണ് അധികൃതര്‍ ഭക്ഷ്യ വസ്തുക്കള്‍ തന്നതെന്നും പിന്നീട് ദുരിതത്തിലായ തങ്ങള്‍ സേവാഭാരതിയുടെ സഹായം കൊണ്ടാണ് ഭക്ഷണം കഴിക്കുന്നതെന്നുമുളള സ്ത്രീകളടക്കമുളള കോളനി നിവാസികള്‍ മാധ്യമങ്ങള്‍ നല്കിയ അഭിമുഖത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പാര്‍ട്ടി മുഖപത്രത്തിന്റെ കളള പ്രചാരണം പൊളിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: