ചെങ്ങന്നൂര്‍: പ്രായപൂര്‍ത്തി ആകാത്ത കുട്ടികളുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ചശേഷം മോഷണം. ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലാണ് ലോക്ഡൗണ്‍ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ചശേഷം മോഷണം നടന്നത്.
കല്ലിശേരില് ഉമയാറ്റുകര കണ്ടത്തില്‍ തറയില്‍ ജോണിന്റെ മകന് ജിതിന് ജോണി (23)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് തോട്ടുമുക്ക് ആങ്ങായില്‍പ്പടിയില്‍ സുരേഷ് ബാബു-ജയപ്രഭ ദമ്പതികളുടെ വീട്ടില്‍ വെള്ളിയാഴ്ച രാത്രി എട്ടോടെയയിരുന്നു സംഭവം. ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ കണ്ണില്‍ മുളകുപൊടി വിതറിയശേഷം അക്രമിക്കുകയായിരുന്നു.
ചെറുത്തു നില്‍പ്പുണ്ടായതോടെ ജിതിന് വീടിന്റെ അടുക്കള വാതിലിലൂടെ ഇറങ്ങി ഓടുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്മാര്‍ട് ഫോണും കൈക്കലാക്കിയാണ് പ്രതി രക്ഷപെട്ടത്. സഹോദരന്റെ കാലിനും കൈക്കും പരിക്കുണ്ട്. കാലിന്റെ എല്ലിന് പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. സഹോദരന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവന് തിരികെ ലഭിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.
ഇതേസമയം സുരേഷ് ബാബുവും ഭാര്യയും ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ സുരേഷിന്റെ സുഖമില്ലാതെ കിടക്കുന്ന അമ്മയെ കാണാന്‍ പോയിരിക്കുകയായിരുന്നു. എട്ടരയോടെ ഇവര്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൂത്തമകന് അനഘേഷും ഈ സമയം സുരേഷിന്റെ സഹോദരിയുടെ വീട്ടില്‍ ആയിരുന്നു. പ്രതിയെ ഇന്നലെ ചെങ്ങന്നൂര്‍ സിഐ എം. സുധിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ മുന്‍പും വിവിധ കേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണ്. ആലപ്പുഴയില്‍ നിന്ന് വിരലടയാള വിദഗ്ധര്‍ സംഘം സുരേഷ് ബാബുവിന്റെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: