ലണ്ടന്‍: കൊറോണക്കെതിരായ പോരാട്ടത്തില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ മനം കവര്‍ന്ന് അവര്‍ക്ക് പ്രചോദനമായി രണ്ടാം ലോകമഹായുദ്ധ കാലത്തെ പോരാളി. തൊണ്ണൂറ്റൊന്പതുകാരനായ ക്യാപ്റ്റന്‍ ടോം മോറാണ് ബ്രിട്ടന്റെ താരമായി മാറിയത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് ക്യാപ്റ്റന്‍ ടോം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടി തുടങ്ങി വച്ച ഒരു പദ്ധതിയാണ് അദ്ദേഹത്തിന് ലോക ശ്രദ്ധ നേടിക്കൊടുത്തത്. ഈ മാസം മുപ്പതിന്, തന്റെ നൂറാം പിറന്നാള്‍ ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാനായി ആയിരം പൗണ്ട് സമ്പാദിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനായി സഹായമഭ്യര്‍ഥിച്ച് ഓണ്‍ലൈനായി ജസ്റ്റ്ഗിവിങ് എന്ന പേജും തുടങ്ങി. ഏപ്രില്‍ എട്ടിനായിരുന്നു അദ്ദേഹം ഇതിന് തുടക്കം കുറിച്ചത്.
ഒപ്പം ചെറിയൊരു വെല്ലുവിളിയും. വീട്ടിലെ പൂന്തോട്ടത്തില്‍ നൂറ് തവണ നടന്ന് വരുന്നതിന് മുന്‍പ് അത് സമ്പാദിക്കണം. ഒരോ തവണ നടക്കുമ്പോളും സഹായത്തിനായ് അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഇന്നലെ അദ്ദേഹം ആ വെല്ലുവിളി പൂര്‍ത്തിയാക്കി. പക്ഷേ ജസ്റ്റ്ഗിവിങ് എന്ന പേജിലൂടെ അദ്ദേഹത്തിന് ലഭിച്ച തുക… അദ്ദേഹം ലക്ഷ്യം വച്ചതിന്റെ എത്രയോ ഇരട്ടി…17 മില്യണ്‍ പൗണ്ട്. അതായത് 162 കോടിയിലധികം രൂപ.
എട്ട് ലക്ഷത്തിലധികം പേരാണ് അദ്ദേഹത്തിന് സംഭാവന നല്‍കിയത്. വില്യം രാജകുമാരനും ക്യാപ്റ്റന്‍ സംഭാവന നല്കി. തുക വെളിപ്പെടുത്തിയിട്ടില്ല. വീഡിയോ സന്ദേശത്തിലൂടെ ക്യാപ്റ്റന്‍ ടോമിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. അവിശ്വസനീയം എന്നാണ് വില്യം രാജകുമാരന് ക്യാപ്റ്റന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തിയത്.
അത്ഭുതം! കൂടാതെ അദ്ദേഹം 99കാരനായ മുന്‍ യോദ്ധാവെന്നത് കൂടുതല്‍ ഇഷ്ടമായി. അദ്ദേഹത്തിന്റെ ജീവിതവും പ്രവൃത്തിയും എല്ലാവര്ക്കും പ്രചോദമാണെന്നും രാജകുമാരന് പറഞ്ഞു. ഇതിന് ക്യാപ്റ്റന്‍ നന്ദി പ്രകാശിപ്പിച്ചു. അദ്ദേഹത്തെ പ്രശംസിച്ച് ഭരണകൂടവും രംഗത്തെത്തി.
സൈന്യത്തിന്റെ ബഹുമതികളേറ്റു വാങ്ങിയാണ് ക്യാപ്റ്റന്‍ പൂന്തോട്ടത്തിന് ചുറ്റുമുള്ള അദ്ദേഹത്തിന്റെ അവസാന നടത്തം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 30നാണ് അദ്ദേഹത്തിന്റെ നൂറാം ജന്മദിനം. അന്ന് തുക ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറും. കാര്‍മേഘങ്ങള്‍ മാറി സൂര്യന് വീണ്ടും പ്രഭ ചൊരിയുമെന്ന് ക്യാപ്റ്റന്‍ ടോം നിലവിലുള്ള സാഹചര്യത്തെ വിലയിരുത്തി. ക്യാപ്റ്റന്‍ ടോമിന് ബ്രിട്ടണിലെ ഉന്നത ബഹുമതിയായ നൈറ്റ് പദവി നല്‍കണം എന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: